നവംബർ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ, സഹകരണ- ഗ്രാമീണ ബാങ്കുകൾ എന്നിവടങ്ങളിലെ ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.
ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണൽ റൂറൽ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരും ഓഫിസർമാരും പണിമുടക്കും. ഇതുകൂടാതെ റിസർവ് ബാങ്കിൽ എഐആർബിഇഎ, എഐആർബിഡബ്ല്യു, ആർബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് 25 ന് അർധരാത്രി മുതൽ 26 ന് അർധരാത്രി വരെ 24 മണിക്കൂർ സമയം നീണ്ടു നിൽക്കും. അവശ്യസേവന മേഖലകളിൽ ഒഴികെയുള്ള തൊഴിലാളികളും കർഷകരും പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.