മുന്‍ അസം മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 86-കാരനായ തരുണ്‍ ഗൊഗോയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. ഗുവാഹത്തി മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന പ്രധാനനേതാക്കളില്‍ ഒരാളാണ് തരുണ്‍ ഗൊഗോയ്. അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുണ്‍ ഗൊഗോയ്.
1976-ല്‍ അടിയന്തരാവസ്ഥക്കാലത്താണ് തരുണ്‍ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയായി. പിന്നീട് നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി. പിന്നീട് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങിയ തരുണ്‍ ഗൊഗോയ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
തിതബാര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച അദ്ദേഹം 2001-ല്‍ അസം മുഖ്യമന്ത്രിയായി. മികച്ച ഭരണം കാഴ്ച വച്ച അദ്ദേഹം, അതിന് ശേഷം മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന് അസം ഉറച്ച കോട്ടയായി. എന്നാല്‍, 2014-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ക്ലീന്‍ സ്വീപ്പ് അസമിലും കോണ്‍ഗ്രസിന്റെ അടി തെറ്റിച്ചു. സിറ്റിംഗ് സീറ്റുകളില്‍ പലതും കോണ്‍ഗ്രസിന് നഷ്ടമായി.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗൊഗോയ്, 2016-ല്‍ നിയമസഭാതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്റെ നേതൃത്വം വഹിക്കാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ നീണ്ട 16 വര്‍ഷക്കാലത്തിന് ശേഷം അസമില്‍ ബിജെപി ഭരണത്തിലേറി. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിന്റെ യുവനേതാവും കലിയബോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ് തരുണ്‍ ഗൊഗോയുടെ മക്കള്‍. ഭാര്യ ഡോളി ഗൊഗോയ്.