Home Politics ‘ലവ് ജിഹാദ്’ ബിജെപിയെ പൊളിച്ചടുക്കി ഭൂപേഷ് ബാഗേല്‍

‘ലവ് ജിഹാദ്’ ബിജെപിയെ പൊളിച്ചടുക്കി ഭൂപേഷ് ബാഗേല്‍

SHARE

ബിജെപി കുടുംബങ്ങളിലെ മിശ്രവിവാഹം ‘ലൗ ജിഹാദി’ന്റെ പരിധിയില്‍ വരുമോയെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, കർണാടക എന്നി സംസ്ഥാനങ്ങളിൽ ‘ലവ് ജിഹാദ്’ എന്നാരോപിച്ച്‌, മിശ്രവിവാഹങ്ങളെ തടയാനുള്ള നിയമനിര്‍മാണത്തെ വിമർശിക്കവെയാണ് ബിജെപി നേതാക്കളെ ഭൂപേഷ് ബാഗേൽ വെട്ടിലാക്കിയത്. ബിജെപി നേതാക്കള്‍ മിശ്രവിവാഹം ചെയ്യുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരുമോ?

ഇതരമതസ്ഥരെ വിവാഹം ചെയ്ത ബിജെപി നേതാക്കളായ സുബ്രഹ്മണ്യം സ്വാമി, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ ലവ് ജിഹാദിന്റെ പരിധിയില്‍ വരുന്നതായി കണക്കാക്കുമോ, ബിജെപിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവരുടെ നേതാക്കളും മക്കളും മറ്റു മതത്തില്‍ നിന്നുള്ളവരെ വിവാഹം ചെയ്താല്‍ അത് ലവ് ജിഹാദിന്റെ പരിധിയില്‍ വരുമോ, ഈ ചോദ്യങ്ങൾക്ക് ബിജെപി നേതൃത്വം എന്തുകൊണ്ടാണ് മറുപടി പറയാത്തത്. ഈ പുതിയ നിയമം ഒരു രാഷ്ട്രീയ നീക്കം മാത്രമാണ്.

എത്ര ആളുകളുടെ വിവാഹങ്ങള്‍ അവര്‍ പരിശോധിക്കും? അവര്‍ വിവാഹങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുകയാണെങ്കില്‍, സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തിലും ഇത് ചെയ്യുമോ? ബാഗേൽ ചോദിച്ചു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ ഉന്നയിച്ച സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ലവ് ജിഹാദ് എന്ന് അദ്ദേഹം പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ഭിന്നിപ്പിക്കാനും ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാനും അവര്‍ ആഗ്രഹിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇതിനകം നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും സാമുദായിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമവുമാണിത്.

വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്നും ബിജെപി ഭരിക്കുന്ന ഹരിയാന, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ അറിയിച്ചത് ലവ് ജിഹാദ് എന്നത് നിയമത്തില്‍ നിർവചിച്ചിട്ടില്ല എന്നായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.