Home Articles സി ബി ഐ ക്ക് സുപ്രീം കോടതി വിലക്ക് : ചെന്നിത്തലമാർക്ക് ജാള്യം

സി ബി ഐ ക്ക് സുപ്രീം കോടതി വിലക്ക് : ചെന്നിത്തലമാർക്ക് ജാള്യം

SHARE
  • കെ വി

ഏത് ലൊട്ടുലൊടുക്ക് കേസിലും സി ബി ഐ അന്വേഷണം വേണമെന്ന് മുറവിളി കൂട്ടുന്നവരാണ് കേരളത്തിലെ കോൺഗസ് നേതാക്കാൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വരെ ഉറക്കത്തിൽപോലും ഉരുവിട്ടുപോകുന്ന മൂന്നക്ഷരത്തിനാണ് വല്ലാത്ത മങ്ങലേറ്റിരിക്കുന്നത്. അനിൽ അക്കരെയെപ്പോലുള്ള വളഞ്ഞവഴിക്കാർ വിരൽഞൊട്ടി വിളിക്കുമ്പോൾ വാലാട്ടിക്കൊണ്ട് ഓടിയെത്തൽ സി ബി ഐക്ക് ഇനി അത്ര എളുപ്പമല്ല. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കേസുകളിലേ മേലിൽ ഈ കേന്ദ്ര അന്വേഷണ ഏജൻസി ഇടപെടേണ്ടതുള്ളൂ എന്നാണ് പരമോന്നത നീതിപീഠത്തിന്റെ കല്പന. അതല്ലെങ്കിൽ പിന്നെ ഹൈക്കോടതിയോ സുപ്രീം കോടതിയോ നിർദേശിക്കുന്ന കേസുകളാവണം.

സംസ്ഥാനങ്ങളിലെ കേസുകൾ സി ബി ഐ സ്വമേധയാ ഏറ്റെടുക്കുന്നത് അനധികൃത നടപടിയാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണിതെന്നും ഉത്തരവ് ഓർമപ്പെടുത്തുന്നു.

ഉത്തർ പ്രദേശിൽ അഴിമതി കേസുകളിൽ പ്രതികളാക്കപ്പെട്ട രണ്ട് സർക്കാരുദ്യോഗസ്ഥർ നൽകിയ അപ്പീൽ തീർപ്പാക്കുമ്പോഴാണ് സംസ്ഥാനങ്ങളിലേക്കുള്ള സി ബി ഐ കടന്നുകയറ്റത്തെക്കുറിച്ച് സുപ്രീം കോടതി നിലപാടറിയിച്ചത്. അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരെയായിരുന്നു അവരുടെ അപ്പീൽ.

ഡെൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രൂപീകരിച്ച കേന്ദ്ര സേനയാണ് സി ബി ഐ. കേന്ദ്ര ഭരണപ്രദേശങ്ങളിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കലാണ് അതിന്റെ ചുമതല. മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പ്രവർത്തനപരിധി വ്യാപിപ്പിക്കണമെങ്കിൽ നിയമവിധേയമായ രീതിയിലേ ആകാവൂ. ഡി എസ് പി ഇ നിയമത്തിന്റെ ആറാം വകുപ്പനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി അതിന് ആവശ്യമാണ്. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഭൂഷൺ ഗവായ് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് സി ബി ഐ യുടെ അധികാര പരിധി ആവർത്തിച്ചു റപ്പിച്ചിരിക്കുന്നത്.

ദേശീയതലത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണം നിലവിൽവന്നതു മുതലേ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് അസഹ്യമായിട്ടുണ്ട്. തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴിയുള്ള സ്വർണക്കടത്തു കേസിന്റെ മറവിൽ നമ്മുടെ സംസ്ഥാനത്ത് നടത്തുന്ന അതിരുവിട്ട അന്വേഷണ രീതികളും ഇതിന്റെ ഭാഗംതന്നെ. ബി ജെ പി ഇതര കക്ഷികൾ അധികാരത്തിലുള്ള എട്ട് സംസ്ഥാനങ്ങൾ ഇതിനകം സി ബി ഐ ക്കുള്ള പൊതുഅനുമതി പിൻവലിച്ചിട്ടുണ്ട്. കർണാടക, മദ്ധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിലെ എം എൽ എ മാരെയടക്കം ഭീഷണിപ്പെടുത്തി കൂറുമാറ്റിക്കാൻ സി ബി ഐ യെ നിയോഗിച്ചിരുന്നു. കേന്ദ്രഭരണകക്ഷിയുടെ ഏത് നെറികേടിനും അരുനിൽക്കുന്ന യജമാനഭക്തിയാണ് അതിന്റെ മുഖമുദ്ര. തീറ്റ കൊടുക്കുന്നവരോടുമാത്രം കൂറുകാട്ടുന്ന “കൂട്ടിലിട്ട തത്ത ” യാണ് സി ബി ഐ എന്ന് മുമ്പ് മറ്റൊരു പ്രധാന കേസിൽ സുപ്രീം കോടതിതന്നെ വിമർ ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.