Home Articles പാലാരിവട്ടം അറസ്റ്റ് മാതൃക: പൊതുഫണ്ടുവെട്ടിപ്പിന് പിടിവീഴുമെന്ന താക്കീത്

പാലാരിവട്ടം അറസ്റ്റ് മാതൃക: പൊതുഫണ്ടുവെട്ടിപ്പിന് പിടിവീഴുമെന്ന താക്കീത്

SHARE
  • കെ വി

അഴിമതിക്കേസുകളിൽ പെടുന്ന വമ്പന്മാർ എപ്പോഴും രക്ഷപ്പെടും. ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ നേതാക്കൾ ഒരിക്കലും ശിക്ഷിക്കപ്പെടില്ല. ഇക്കാര്യത്തിൽ കേരളത്തിൽ മാറി മാറി അധികാരത്തിൽ വരുന്ന ഇരുമുന്നണിയും ഒത്തുകളിക്കുന്നു – ഇങ്ങനെയൊരു പ്രചാരണം അരാഷ്ട്രീയ വൃത്തങ്ങളിൽ പൊതുവെയുണ്ട്. ബി ജെ പി ക്കാർ മുതൽ വെൽഫേർ പാർട്ടിക്കാർ വരെയുള്ളവരും ഇത് ഏറ്റുപിടിക്കുന്നവരാണ്. എന്നാൽ , പാലാരിവട്ടം പാലം നിർമാണത്തിന്റെ കോടികൾ വെട്ടിച്ച കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇവർക്കാർക്കും മിണ്ടാട്ടമില്ല.

കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തി ചരിത്രത്തിലെ തീവെട്ടിക്കൊള്ളയാണ് പാലാരിവട്ടം പാലം പണിയിലേത്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം പൊട്ടിപ്പിളർന്ന് അപകട ഭീഷണിയുയർത്തിയ പാലം സുപ്രീം കോടതി വിധിയെ തുടർന്ന് പൊളിച്ചു മാറ്റി പുനർ നിർമിക്കുകയാണിപ്പോൾ. എസ്റ്റിമേറ്റിൽ നിർദേശിച്ചപ്രകാരം വേണ്ട അളവിലോ , ഗുണമേന്മയുള്ളതോ ആയ സാധന സാമഗ്രികളൊന്നും പ്രവൃത്തിക്ക് ഉപയോഗിച്ചിരുന്നില്ല. ടെണ്ടർ ഉറപ്പിക്കുന്നതുമുതലേ കരാർ കമ്പനിയായ ആർ ഡി എസുമായി ഒത്തുകളിച്ച് കോടിക്കണക്കിന് രൂപ വകുപ്പ് മന്ത്രിയും സഹായികളായ ചില ഉദ്യോഗസ്ഥരും തട്ടിയെടുക്കുകയായിരുന്നു.

ഒന്നര വർഷത്തോളം നീണ്ട കുറ്റമറ്റ അന്വേഷണത്തിലൂടെ കരാറിലെയും പണമിടപാടിലെയും ഒട്ടേറെ ക്രമക്കേടിന്റെ തെളിവുകൾ വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. 13.45 കോടി രൂപ ഇതുമൂലം പൊതു ഖജനാവിന് നഷ്ടമായിട്ടുണ്ടെന്നാണ് മൂവാറ്റുപുഴ പ്രത്യേക കോടതിയിൽ വിജിലൻസ് ഡി വൈ എസ് പി
വി ശ്യാംകുമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പകരം പുതിയ പാലം പണിയുന്നതിന് ചെലവ് വരുന്ന 20 കോടിയിലേറെ രൂപയുടെ നഷ്ടം വേറെ.

ഫണ്ട് വെട്ടിപ്പിനുള്ള ആർത്തിയോടെ നടത്തിയ ക്രമക്കേടു കളും ചട്ടലംഘനങ്ങളും അക്കമിട്ട് നിരത്തിയ വിശദമായ പട്ടിക കോടതിയിൽ അന്വേഷണോദ്യോഗസ്ഥർ സമർപ്പിച്ചിട്ടുണ്ട്. ദേശീയപാതാ അതോറിട്ടി നേരിട്ട് ചെയ്യിക്കേണ്ട പ്രവൃത്തി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതുതന്നെ ഫണ്ട് വെട്ടിവിഴുങ്ങാനുള്ള അമിത താല്പര്യത്തോടെയായിരുന്നു.

പ്രവൃത്തിക്ക് ഭരണാനുമതി നൽകുന്നതുമുതൽ ഇങ്ങോട്ടുള്ള എല്ലാ നടപടിക്രമങ്ങളിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലൻസ് കണ്ടെടുത്ത ഫയലുകളിൽനിന്ന് വ്യക്തമാവുന്നത്. കരാറുകാരന് 8.25 കോടി രൂപ മുൻകൂറായി നൽകിയതുപോലും അനധികൃതമായാണ്. അതിനാകട്ടെ 13.5 ശതമാനം പലിശ വാങ്ങേണ്ടതായിരുന്നു. ഈടാക്കിയതോ ഏഴ് ശതമാനം . ആ വകയിൽ മാത്രം നഷ്ടം 85 ലക്ഷം രൂപ. മാത്രമല്ല, ഒരേ ആൾ രണ്ട് നിർമാണ കമ്പനിയുടെ പേരിൽ ടെണ്ടറുകൾ സമർപ്പിച്ച് സൂത്രത്തിൽ കരാർ ഉറപ്പിച്ചെടുക്കുകയായിരുന്നു. മറ്റു ടെണ്ടറുകാർ ക്വാട്ട് ചെയ്ത ശതമാനം എത്രവരെയെന്ന് രഹസ്യമായി ചോർത്തിക്കൊടുത്താണ് രണ്ടാമത്തേതിന് അവസരമൊരുക്കിയത്.

കോടതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹർജിയെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തോടൊപ്പമുള്ള വിജിലൻസ് റിപ്പോർട്ടിൽ കോഴ വാങ്ങിയതിന് തെളിവുകളുണ്ടെന്ന് ബോധിപ്പിച്ചിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ കൊച്ചിയിൽ വെച്ചാണ് കരാറുകാരായ ആർ ഡി എസ് കമ്പനി പണം കൈമാറിയത്. ഇതേ കാലത്ത് ലീഗ് മുഖപത്രം ചന്ദ്രികയുടെ പ്രസാധകച്ചുമതലയുള്ള മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപമായി എത്തിയിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ് റോഡ് ശാഖയിലെ ഇടപാടിലാണിത്. ചന്ദ്രികയുടെ വാർഷിക വരിസംഖ്യയായി ലഭിച്ച പണമാണിതെന്ന് ചോദ്യംചെയ്യലിൽ ഇബ്രാഹിം കുഞ്ഞ് അവകാശപ്പെട്ടിരുന്നു. എന്നാൽ ,ഇത് കള്ളപ്പണമാണെന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ തെളിയുകയുണ്ടായി. അതിന് പിഴയടക്കേണ്ടിയും വന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആലുവയിൽ പ്രതിയുടെ വീട്ടിൽ നടത്തിയ റെയിഡിൽ വിജിലൻസുകാർ കണ്ടെടുത്തിരുന്നു.

കുറ്റകരമായ ഗൂഢാലോചനയിലൂടെ ക്രമക്കേട്, ചട്ടലംഘനം,അഴിമതി, കള്ളപ്പണം കൈമാറൽ എന്നിവയ്ക്ക് നേതൃത്വം വഹിച്ചത് അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞാണെന്ന് റിപ്പോർട്ടിലുണ്ട്. നാലാം പ്രതി പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടരി ടി ഒ സൂരജാണ് കോഴപ്പണം കൈപറ്റിയവരിൽ മറ്റൊരു പ്രധാനി. തനിക്ക് കിട്ടിയ പണമുപയോഗിച്ച് ഭൂമിയും മറ്റും സൂരജ് വാങ്ങിയതായി വിജിലൻസ് നേരത്തേ കണ്ടെത്തിയിരുന്നു.

കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഒന്നാം പ്രതി ആർ ഡി എസ് പ്രൊജക്ട് ലിമിറ്റഡ് എം ഡി സുമിത് ഗോയലാണ്. ആർ ബി ഡി സി കെ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം ടി തങ്കച്ചനാണ് രണ്ടാം പ്രതി. മൂന്നാം പ്രതി കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ , ഒമ്പതാം പ്രതി പൊതുമരാമത്ത് വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, പത്താം പ്രതി ആർ ബി ഡി സി കെ മുൻ എം ഡി മുഹമ്മദ് ഹനീഷ് എന്നിവരാണ് കേസിൽപെട്ട മറ്റു പ്രമുഖർ. അഞ്ചാം പ്രതി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിനു പിന്നാലെ ഇവരെ ഓരോരുത്തരെയായി പിടികൂടി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.