Home Politics ഗ്രൂപ്പ് പോര് കോണി കയറി, മുസ്ലിംലീഗിൽ പ്രതിസന്ധി

ഗ്രൂപ്പ് പോര് കോണി കയറി, മുസ്ലിംലീഗിൽ പ്രതിസന്ധി

SHARE

റിബലുകളായി മത്സരിച്ചാൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മുന്നറിയിപ്പിന് പുല്ലുവില കൽപ്പിച്ച് ലീഗ്‌, യൂത്ത്‌ ലീഗ്‌ ഭാരവാഹികൾ മത്സരരംഗത്തിറങ്ങി.

മുസ്ലിംലീഗിന്റെ സ്വാധീനകേന്ദ്രമെന്ന് അറിയപ്പെടുന്ന മലപ്പുറം ജില്ലയിൽ പലയിടത്തും കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ലീഗ്, യൂത്ത് ലീഗ് ഭാരവാഹികൾ മത്സരരംഗത്തിറങ്ങിയത്. മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയാണ് മുസ്ലിംലീഗ് നേരിടുന്നത്. വിമതരെ എങ്ങനെ അനുനയിപ്പിക്കും എന്നറിയാതെ ഉഴലുകയാണ് ലീഗ് നേതൃത്വം.

കെ പി എ മജീദ് അടക്കമുള്ളവരുടെ മുന്നറിയിപ്പ് ധിക്കരിച്ച്‌ പലയിടത്തും ലീഗ് പ്രവർത്തകർ വിമതരായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വിമതശല്യം ഒഴിവാക്കാൻ പലയിടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചുവിടേണ്ട ഗതികേടിലാണിപ്പോൾ ലീഗ്. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി കൂട്ടുകെട്ടിലും സ്ഥാനാർഥി നിർണയത്തിലും പ്രതിഷേധിച്ചാണ് പലയിടത്തും വിമതർ സജീവമായി രംഗത്തിറങ്ങിയത്.

നേതാക്കളുടെ സ്വന്തക്കാരെ മാത്രം പലയിടങ്ങളും സ്ഥാനാർഥികളാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ വനിതാ ലീഗ് നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു. തലശേരി മേഖലയിൽ അടിത്തറ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് വനിതാ നേതാവിന്റെ രാജിയെത്തുടർന്ന് ഉടലെടുത്തിരിക്കുന്നത്. തിരൂർ, കോട്ടക്കൽ, പെരിന്തൽമണ്ണ നഗരസഭകളിലും കീഴാറ്റൂർ പഞ്ചായത്തിലും ചോക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മുസ്ലിംലീഗ് റിബലുകൾ മത്സരിക്കുന്നു.

കൊണ്ടോട്ടി നഗരസഭയിൽ ലീഗിൽ കൂട്ടക്കുഴപ്പമാണ്. കൊണ്ടോട്ടി നഗരസഭ വാർഡ്‌ 32ൽ ലീഗ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ മടാനെതിരെ യൂത്ത്‌ലീഗ്‌ മുനിസിപ്പൽ പ്രസിഡന്റ്‌ ഇ എം റഷീദ്‌ രംഗത്തുണ്ട്‌. 38ൽ ലീഗ്‌ സ്ഥാനാർഥിക്കെതിരെ ലീഗ്‌ മുൻ പഞ്ചായത്തംഗം ഇ എം ഉമ്മർ പത്രിക നൽകി‌. കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർഥികളെ നിർത്തി നേർക്കുനേർ പോരാട്ടവുമുണ്ട്‌.

കോട്ടക്കൽ നഗരസഭയിലേക്കുള്ള ലീഗ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുപിന്നാലെ വാർഡ്‌ കമ്മിറ്റി യോഗങ്ങൾ യൂത്ത് ലീഗ്‌ ബഹിഷ്‌കരിച്ചു. നിലവിലെ നഗരസഭാ വൈസ് ചെയർപേഴ്സനായ വനിതാ ലീഗ് നേതാവ് വീണ്ടും മത്സരത്തിനിറങ്ങിയതാണ് യൂത്ത് ലീഗിൽ പ്രതിഷേധത്തിനിടയാക്കിയത്.

വെൽഫെയർ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് മേലാറ്റൂർ പഞ്ചായത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ജനകീയ വികസന മുന്നണി രൂപീകരിച്ച് ലീഗ് വിമതർ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗവും 16ാം വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമായ കെ പി ഉമ്മറാണ് സ്ഥാനാർഥി.

മഞ്ഞളാംകുഴി അലി എംഎൽഎയുടെ നിലപാടിൽ പ്രതിഷേധിച്ച്‌ പെരിന്തൽമണ്ണ നഗരസഭയിലെ മുൻ പ്രതിപക്ഷാംഗവും എസ്ടിയു മണ്ഡലം സെക്രട്ടറിയുമായ പച്ചീരി ഫാറൂഖ് ലീഗ്‌ റിബലായി പത്രിക നൽകി. 15ാം വാർഡിലാണ്‌ മത്സരിക്കുന്നത്‌. 10ാം വാർഡിൽ മുൻ നഗരസഭാ കൗൺസിലറും ഭാര്യയുമായ സുരയ്യ ഫാറൂഖുമുണ്ട്‌. മുൻ കൗൺസിലർ ഹുസൈന നാസർ അഞ്ചാം വാർഡിലും റിബൽ സ്ഥാനാർഥിയാണ്‌.

കാസർകോട് ജില്ലയിൽ യുവനേതാവ് കെ ബി മുഹമ്മദ്‌കുഞ്ഞിക്ക് സീറ്റ് നൽകാത്തതിൽ വലിയൊരു വിഭാഗം പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ട്. ഇതിനുമുമ്പും പലതവണ കെ ബി മുഹമ്മദ്‌കുഞ്ഞിയെ ലീഗ് നേതൃത്വം ഒതുക്കിയിരുന്നു.

സമ്പത്തുള്ളവർക്കും വഞ്ചനകേസുകളിലും ഉൾപ്പെടുന്നവർക്ക് വരെ സീറ്റ് നൽകുമ്പോൾ മുഹമ്മദ് കുഞ്ഞിയെ പോലുള്ളവരെ തഴഞ്ഞത് ശരിയായില്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മുളിയാർ, ബോവിക്കാനം, ചെർക്കള, ബദിയടുക്ക അടക്കമുള്ള പ്രദേശങ്ങളിലും ലീഗിൽ കടുത്ത അസംതൃപ്തി ഉടലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.