Home Politics ആരോഗ്യ മേഖലയിൽ കേരളത്തിന് തിളക്കം , ആറ് ആശുപത്രികൾക്ക് എൻക്യൂഎഎസ് അംഗീകാരം

ആരോഗ്യ മേഖലയിൽ കേരളത്തിന് തിളക്കം , ആറ് ആശുപത്രികൾക്ക് എൻക്യൂഎഎസ് അംഗീകാരം

SHARE

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയ നേട്ടം. കേരളത്തിലെ ആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് കേരളത്തിന്റെ നേട്ടം അറിയിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണെന്ന് മന്ത്രി സൂചിപ്പിച്ചു.

95.8 ശതമാനം സ്‌കോറോടെ കണ്ണൂർ മാട്ടൂൽ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂർ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂർ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി നേടുന്നത്.

ഇതോടെ സംസ്ഥാനത്തെ 80 സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ആറ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 62 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.

ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് 99 ശതമാനം സ്‌കോർ കരസ്ഥമാക്കിയ തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ സ്മാരക കുടുംബാരോഗ്യ കേന്ദ്രവും. സർവ്വീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻക്യുഎഎസ് അംഗീകാരം നൽകുന്നത്.

ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എൻഎച്ച്എസ്ആർസി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ എൻക്യുഎഎസ് അംഗീകാരം നൽകുന്നത്.

എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷകാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും.. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്.

എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതൽ വികസനത്തിന് ഇത് സഹായിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.