ന്യൂഡൽഹി: സിവിൽ സർവീസിലേക്ക് മുസ്ലീങ്ങൾ കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നത് ‘യുപിഎസ്സി ജിഹാദാണെന്ന്’ ആരോപിച്ച സുദർശൻ ടിവിയുടെ പരിപാടി ‘ബിന്ദാസ് ബോൽ’ കുറ്റകരമാണെന്നും ഘടനയിൽ മാറ്റം വരുത്തി സംപ്രേക്ഷണം ചെയ്യാമെന്നും സുപ്രീം കോടതിയോട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.
ബിന്ദാസ് ബോൽ’ന്റെ ഇനിയുള്ള എപ്പിസോഡുകളുടെ ഘടനയിൽ ആവശ്യമായ മാറ്റങ്ങളും പരിഷ്കാരവും വരുത്തിയ ശേഷം സംപ്രേക്ഷണം ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങൾ നുഴഞ്ഞുകയറുന്നുവെന്നാരോപിക്കുന്ന ഈ പരിപാടി നല്ലതല്ലെന്നും സാമുദായിക സ്പർദ്ധ വളർത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. ഭാവിയിൽ ശ്രദ്ധ കാണിക്കാനും പ്രോഗ്രാം കോഡ് പാലിക്കാനും ചാനലിന് മുന്നറിയിപ്പ് നൽകിയതായും അഫിഡവിറ്റിൽ മന്ത്രാലയം കോടതിയെ അറിയിച്ചു.
സുദർശൻ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാർത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാൻ കഴിയില്ലെന്നും നിർത്തി വെയ്ക്കാനും കേസിൽ നേരത്തെ വാദം കേട്ട സുപ്രീം കോടതി അറിയിപ്പ് നൽകിയിരുന്നു. മുസ്ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്നും കോടതി നിരീക്ഷിച്ചിരുന്നു.വിവാദ പരിപാടിയുമായി ബന്ധപ്പെട്ട വാദം ഇന്ന് കേൾക്കുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്.
ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾക്കുള്ള ശക്തി വളരെ വലുതാണ്. എന്നാൽ ടി.ആർ.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികൾ നിർമ്മിക്കരുത്. ഇത് സെൻസേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സൽപ്പേര് കളങ്കപ്പെടുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.