Home Newspool വിട പറഞ്ഞത് ഇന്ത്യൻ സിനിമയുടെ നടന ചാരുത

വിട പറഞ്ഞത് ഇന്ത്യൻ സിനിമയുടെ നടന ചാരുത

SHARE

കൊൽക്കത്ത നഗരത്തിനും ഇന്ത്യൻ സിനിമയ്ക്കും ഇന്ന് നഷ്ടത്തിന്റെ ദിനമാണ്. സാംസ്‌കാരിക പ്രവർത്തനത്തിന്റെ കടുത്ത ചായങ്ങൾ തെളിഞ്ഞു നിൽക്കുന്ന കൊൽക്കത്തയുടെ തെരുവിലേക്കും, പിന്നീട് ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന സത്യജിത് റേ എന്ന വിഖ്യാത സംവിധായകന്റെ കഥാപാത്രത്തിന്റെ പൂര്ണതയിലേക്കും നടന്നു കയറിയ സൗമിത്ര ചാറ്റർജിയെന്ന പ്രതിഭ മരണത്തിന് കീഴടങ്ങിയിരിക്കുന്നു.

ബംഗാളിലെ ഒരുൾനാടൻ ഗ്രാമമായ കൃഷ്ണനഗറിൽ നിന്നും ഇന്ത്യൻ ചലച്ചിത്ര ഭാഷ്യത്തിന്റെ സത്യജിത് ഫ്രെയിമുകളിലേക്കുള്ള സൗമിത്രയുടെ യാത്ര കടുപ്പമുള്ളതായിരുന്നു. 1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലാണ് സൗമിത്ര അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് റേയുടെ ചിത്രങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായി സൗമിത്ര മാറി. ഇരുപതോളം ചിത്രങ്ങളിൽ സത്യജിത് സൗമിത്ര കൂട്ടുകെട്ട് നീണ്ടു നിന്നു. അപ്പുവിന്റെ ലോകത്തിൽ ( അപുർ സൻസാർ) ആപ്പുവഴി എത്തിയ സൗമിത്ര അഭിജാൻ, ചാരുലത,പ്രനീതി, അരണ്യേർ ദിൻ രാത്രി, ജെൻഡർ ബന്ദി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. രണ്ട് തവണ മികച്ച നടനുള്ള ദേശിയ പുരസ്‌കാരം സൗമിത്രയെ തേടിയെത്തി. സിനിമയ്ക്കൊപ്പം നാടകവും സൗമിത്രയുടെ ജീവശ്വാസമായിരുന്നു. ബംഗാളി നാടകത്തിന് ചെറുതല്ലാത്ത സംഭാവന നൽകിയ അഭിനേതാവിന്റെ കൂടി പേരാണ് സൗമിത്ര ചാറ്റർജി. സൗമിത്രയെ തേടിയെത്തിയ രണ്ട് ദേശിയ പുരസ്കാരങ്ങളിൽ ഒന്ന് നാടകാഭിനയത്തിനായിരുന്നു എന്നത് തന്നെ സിനിമ നാടക അഭിനേതാവ് എന്ന വിശേഷണത്തിന് അടിവരയിടുന്നു. സാങ്കേതികവും സാമൂഹികവുമായ വെല്ലുവിളികൾ നിറഞ്ഞ കാലത്തെ ബംഗാൾ സാംസ്‌കാരിക മേഖല ഇന്ത്യൻ അഭിനയ മേഖലയ്ക്ക് നൽകിയ സംഭാവനയാണ് സൗമിത്രയെന്ന് നിസ്തർക്കം പറഞ്ഞു വെക്കാം. ഒരിക്കൽ കണ്ടു കഴിഞ്ഞാൽ അപ്പു നമ്മുടെ മനസിന്റെ വെള്ളിത്തിരയിൽ എക്കാലവും കണ്ണ് മിഴിച്ചു നിൽക്കും. ചാരുലതയിലെ യുവത്വം പ്രസരിക്കുന്ന കവിതകളെ സ്നേഹിക്കുന്ന അമൽ, കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെ സൗമിത്ര കാഴ്ചക്കാർക്കായി തന്റെ ജീവിതത്തിലൂടെ വരച്ചു വെച്ചു. ദാദാ ഫാൽക്കെ പുരസ്‌കാരം, പദ്മഭൂഷൺ, സംഗീത നാടക അക്കാദമി ടാഗോർ രത്ന, ഫ്രഞ്ച് സർക്കാരിന്റെ legion d honneur പുരസ്‌കാരം എന്നിങ്ങനെ കടൽ കടന്നു പോയി സൗമിത്രയുടെ അഭിനേതാവിന്റെ അംഗീകാരങ്ങൾ

മൃതിയുഞ്ജയ് സിൽ ബംഗാൾ നാടകലോകം അടക്കി വാഴുന്ന കാലത്താണ് സൗമിത്ര ചാറ്റർജി കടന്നു വരുന്നത് സില്ലിന്റെ തന്നെ നിർദേശപ്രകാരം സുഹൃത്ത് കൂടിയായ സൗമിത്ര അരങ്ങിലേക്ക് നയിക്കപ്പെട്ടു. പിന്നീടങ്ങോട്ട് സിനിമയിൽ തിരിക്കാവുന്നതാണ് വരെ ചാറ്റർജി ബംഗാളി നാടകത്തിന്റെ അഭിവാജ്യ ഘടകമായി. ഒരിടവേളയ്ക്ക് ശേഷം 1978 ൽ നാം ജിബാനിലൂടെ സൗമിത്ര ബംഗാളി നാടകത്തിലേക്ക് മടങ്ങിയെത്തി പിന്നീട് രാജ്‌കുമാർ,ഫെറ, നീൽകന്ത, തുടങ്ങി ശ്രദ്ധേയമായ നാടകങ്ങൾ ബംഗാളിന്റെ തെരുവുകളിൽ, നാടകശാലകളിൽ നിറഞ്ഞ സദസ്സുകളിൽ അവതരിപ്പിക്കപ്പെട്ടു. 2010 മുതൽ സുമൻ മുഖോപാധ്യായയാ സംവിധാനം ചെയ്യുന്ന ഷേക്‌സ്‌പീരിയൻ നോവലായ കിംഗ് ലെയറിനെ ആസ്പദമാക്കിയ നാടകത്തിൽ കിംഗ് ലെയർ ആയി സൗമിത്ര അരങ്ങ് വാണു.

അപ്പു എന്ന ബാലനിൽ നിന്ന് കിംഗ് ലെയർ എന്ന ഇതിഹാസത്തിലേക്കുള്ള വളർച്ചയാണ്, പരിണാമമാണ് സോമിത്ര ചാറ്റർജി. കോവിഡിന്റെ അരങ്ങിൽ അതിജീവനത്തിന്റെ വേഷപ്പകർച്ചയിലും സൗമിത്ര നിറഞ്ഞു നിന്നു. രോഗം ബാധിച്ചെങ്കിലും ചികിത്സയിലൂടെ ആദ്യഘട്ടം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങവെയാണ് 85 കാരനായ മനുഷ്യന്റെ ആരോഗ്യ നില വഷളാവാൻ തുടങ്ങിയത്. കോവിഡ് തീർത്ത ആഘാതം താങ്ങാൻ അദ്ദേഹത്തിന്റെ ആർദ്രമായ ഹൃദയത്തിന് കഴിഞ്ഞില്ല. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ സൗമിത്ര ചാറ്റർജി തന്റെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുകയാണ്. ഇനി ശരീരമില്ലാതെ ആയിരക്കണക്കിന് ആസ്വാദകരുടെ ഹൃദയങ്ങളിൽ അയാൾ ജീവിക്കും. അഭിനയത്തികവിന്റെ അനേകം കഥാപാത്രങ്ങളായി എക്കാലവും ഇന്ത്യൻ അഭിനയ ലോകവും സൗമിത്രയെ ഓർക്കും. പ്രിയപ്പെട്ട അപ്പു നിങ്ങൾക്ക് വിട, മനുഷ്യ ജീവിതം കാഴ്ചയിൽ നിന്നും മറച്ചുപിടിക്കുന്ന മറ്റൊരിടത്ത് നിങ്ങൾക്കായി അരങ്ങുകൾ കാത്തിരിക്കുന്നു. നിങ്ങളുടെ ജീവനും ജീവിതവും ഞങ്ങളേറ്റെടുക്കുന്നു. പ്രിയപ്പെട്ട സൗമിത്ര നിങ്ങൾ അമരനാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.