Home Articles ബിഹാർ ഫലം, സന്ദേശം ശക്തം പ്രതീക്ഷാനിർഭരം

ബിഹാർ ഫലം, സന്ദേശം ശക്തം പ്രതീക്ഷാനിർഭരം

SHARE
  • കെ വി

കേന്ദ്ര-സംസ്ഥാന ഭരണ സന്നാഹങ്ങളുടെ പിൻബലത്തിൽ ബീഹാറിൽ എൻ ഡി എ എന്ന ബി ജെ പി സഖ്യം കഷ്ടിച്ച് അധികാരം നിലനിർത്തിയതിൽ വലിയ നെഗളിപ്പിനൊന്നും വകയില്ല. നാടിൻ്റെ രാഷ്ടീയഭാവി മുൻനിർത്തി ചിന്തിക്കുന്നോൾ ആശങ്കയേക്കാൾ പ്രതീക്ഷ പകർന്നു നൽകുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം. ദേശീയ തലത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ വല്ലാതെ ഇരുത്തിക്കളഞ്ഞെങ്കിലും മഹാസംഖ്യം കാട്ടിയ ബദൽവഴിക്ക് പ്രസക്തി കൂട്ടുന്നതാണ് ജനവിധി. രാജ്യത്തെ മൊത്തം വോട്ടർമാരിൽ മൂന്നിലൊരു ഭാഗത്തിൻ്റെപോലും പിന്തുണയില്ലാത്ത പാർട്ടി നാലിൽ മൂന്ന് പങ്ക് സീറ്റോടെ കേന്ദ്രത്തിൽ ഭരണത്തിലേറുന്നത് ആവർത്തിക്കാൻ ഇനി ഇടവരുത്തില്ല എന്നതാണ് ബീഹാറിൽനിന്നുള്ള മുഖ്യസന്ദേശം. വർഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരെ ഇടതുപക്ഷ- ജനാധിപത്യ പാർട്ടികൾ ഒറ്റമനസ്സോടെ യോജിച്ചുപൊരുതിയാൽ ഇനിയും ശക്തമായ മുന്നേറ്റം സാധ്യമാണെന്നതിനും ബീഹാറിലെ ഒപ്പത്തിനൊപ്പമുള്ളനേട്ടം അടിവരയിടുന്നു.

ഇടതുപക്ഷ പാർട്ടികൾ കൂട്ടായി കൈവരിച്ച തിളക്കമാർന്ന വിജയമാണ് ഉത്തരേന്ത്യൻ ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള മറ്റൊരു ശുഭസൂചന. മത്സരിച്ച 29 മണ്ഡലങ്ങളിൽ 16 ൽ മികച്ച വിജയമാണ് സി പി ഐ എം എൽ, സി പി ഐ – എം, സി പി ഐ എന്നീ കക്ഷികൾ നേടിയത്. സി പി ഐ എം എൽ 12 സീറ്റ്; മറ്റു രണ്ട് പാർട്ടികൾ രണ്ട് സീറ്റ് വീതവും. മറ്റെല്ലാ മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യം ബോധ്യപ്പെടുത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞു. നിയമസഭാ അംഗബലത്തിൽ രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഇത്രയും ആവേശകരമായ തിരിച്ചുവരൽ . 70 മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടത്തേ വിജയിക്കാനായിട്ടുള്ളൂ എന്നതുകൂടി ഓർക്കണം. നേതൃത്വമില്ലായ്മയുടെയും സംഘടനാ ദൗർബല്യത്തിൻ്റെയും ക്ഷീണം മാറ്റിയേ തീരൂ എന്നാണ് കോൺഗ്രസ്സിന് ഈ പതനം കൈമാറുന്ന മുന്നറിയിപ്പ്.

എൻ ഡി എ സഖ്യത്തിൽ ബീഹാറിൽ പ്രബല ഘടകകക്ഷിയായ ജെ ഡി യു വിലെ മുഖ്യമന്ത്രി നിതീഷ് കുമാർ നയിച്ച ഭരണത്തിന് കനത്ത തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. കേന്ദ്ര ത്തിൻ്റെ ജനദ്രോഹ നയങ്ങൾക്ക് കൂട്ടുനിന്നതിനൊപ്പം ആളുകളിൽ കടുത്ത അതൃപ്തി സൃഷ്ടിച്ച ഭരണംകൂടിയായിരുന്നു അദ്ദേഹത്തിൻ്റേത്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഫലപ്രദമായ ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ അമ്പേ പരാജയമായിരുന്നു. അന്യസംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളിൽ നിന്ന് തിരിച്ചുവന്ന സ്വന്തം നാട്ടുകാരെ അതിർത്തിയിൽ തടഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ജനജീവിതത്തിൻ്റെ എല്ലാ തുറകളിലും പെരുകിവരുന്ന ദുരിതത്തിന് അറുതി വരുത്തി ആശ്വാസമെത്തിക്കാൻ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ മുന്നേറ്റത്തിന് രാജ്യമാകെ കാത്തിരിക്കുന്ന സമയമാണിത്. എന്താണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ… എത്ര കാലമിത് സഹിക്കാനാവും…

ലോകമാകെ മാനിക്കുന്ന മതേതര പാരമ്പര്യവും സാഹോദര്യവുമുള്ള പ്രിയപ്പെട്ട നമ്മുടെ മാതൃരാജ്യത്ത് മതാധിഷ്ഠിത ഭരണം അടിച്ചേല്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ സംഘപരിവാർ … പഴഞ്ചൻ വിശ്വാസങ്ങളും സങ്കുചിത വീക്ഷണങ്ങളും ഇരുളിലാഴ്ത്തിയ ഗ്രാമീണമനസ്സുകളിൽ സ്വതന്ത്ര ചിന്തയുടെ നേരിയ വെട്ടമെങ്കിലും പരത്താൻ ശ്രമിക്കുന്ന സാഹിത്യ- സാംസ്ക്കാരിക നായകരെയും വനിതാ പത്രപ്രവർത്തകയെയുംവരെ വെടിവെച്ചു കൊല്ലുന്ന അവരുടെ ക്രൗര്യം… അന്ധമായ പശുപ്രേമം മനസ്സിൽ കുത്തിനിറച്ച വർഗീയ കോമരങ്ങളെക്കൊണ്ട് മത ന്യൂനപക്ഷക്കാരെയും ദളിതരെയും തെരുവിൽ തല്ലിക്കൊല്ലിക്കുന്ന ഭരണകൂട ഒത്താശ. പൗരാവകാശങ്ങൾപോലും മതം നോക്കി പുനർനിർണയിക്കുന്ന തീവ്രഹിന്ദുത്വ വാഴ്ചയുടെ കടുത്ത കുതിരകയറ്റം. ഭരണഘടനാപരമായ മർമ സ്ഥാനങ്ങളിലും വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തും ജനാധിപത്യ മര്യാദയോ കാര്യപ്രാപ്തിയോ തെല്ലുമില്ലാത്ത ചൊല്പടിക്കാരെ അവരോധിക്കുന്ന ഔദ്ധത്യം . പൊതുമേഖലയിൽ അവശേഷിക്കുന്ന വ്യവസായങ്ങൾ ഒന്നൊന്നായി തല്പരകക്ഷികൾക്ക് അടിയറവെച്ചുള്ള കീശവീർപ്പിക്കലും ധൂർത്തും … വികലമായ സാമ്പത്തികനയംമൂലം കൃഷി നഷ്ടത്തിലായി നടുവൊടിഞ്ഞ കർഷകരെ പിന്നെയും കഷ്ടത്തിലാക്കുന്ന നിയമനിർമാണം. പൊതുമേഖലാ ബാങ്കുകളിൽനിന്ന് വഴിവിട്ട് വായ്പ നൽകിയ വമ്പന്മാരുടെ പതിനായിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്ന സ്വജനപക്ഷപാതം .രാജ്യരക്ഷയുമായി ബന്ധപ്പെട്ട അതിപ്രധാന ഇടപാടുകളിൽവരെ അന്ധമായ സാമ്രാജ്യത്വ വിധേയത്വം. സാധാരണ ജനങ്ങളെ ബാധിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, സാധന വിലക്കയറ്റം തുടങ്ങിയ രൂക്ഷമായ പ്രശ്നങ്ങളിൽ തരിമ്പും ആശ്വാസമേകാത്ത ഭരണകൂട നിർമമത … ഇതിൽനിന്നൊക്കെയുള്ള മോചന സമരത്തിൽ പ്രതിപക്ഷ കടമ നിറവേറ്റുമെന്ന് കരുതിയ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സാകട്ടെ ബി ജെ പിയുടെ ബി ടീംപോലെ അധഃപതിച്ച അവസ്ഥയും. രാജ്യത്തെ മുടിക്കുന്ന സമ്പദ് നയങ്ങളിലും അഴിമതിയിലും അവർ ഒപ്പത്തിനൊപ്പമാണ്. മാത്രമല്ല, ത്രിവർണാഭിമുഖ്യവും ഖാദിയും വെടിഞ്ഞ് കാവിക്കുപ്പായം തുന്നിച്ച് തഞ്ചം പാർത്തിരിക്കുന്നവരാണ് അതിന്റെ നേതാക്കളിലേറെയും… മതാധിഷ്ഠിത രാഷ്ട്രത്തിന്റെ അധികാരഹുങ്ക് പ്രകടമാവുന്ന അലർച്ചകളിലും അമറലുകളിലും ജനങ്ങളിൽ നല്ലൊരു വിഭാഗം ഭീതിതരായി കഴിയുന്ന ഈ ദു:സ്ഥിതിയിൽ രാജ്യസ്നേഹം അല്പമെങ്കിലുമുള്ളവർക്ക് മൗനികളായി മാറി നില്ക്കാനാവുമോ…

ഓരോ ചുവടിലും അങ്ങേയറ്റം കരുതൽ വേണ്ട ഈ സാമൂഹ്യ ചുറ്റുപാടിൽ വികാര – വിചാരങ്ങൾ മരവിക്കാത്ത മനുഷ്യപ്പറ്റുള്ളവർ പിന്നെ എന്ത് ചെയ്യും… നാടിന്റെയും ജനതയുടെയും നന്മയ്ക്കുവേണ്ടി ഇടതുപക്ഷ-ജനാധിപത്യ ശക്തികൾക്കൊപ്പം ചേർന്നുനിൽക്കുകയല്ലാതെ … അത്തരമൊരു സുചിന്തിതമായ സന്ദേശമാണ് ബീഹാർ പങ്കുവെക്കുന്നത്. പ്രതീക്ഷാ നിർഭരമാണ്, സാക്ഷരതയിൽ വരെ പിന്നാക്കമായ നിലയിലുള്ള ആ വടക്കൻ സംസ്ഥാനം ഉയർത്തുന്ന ആഹ്വാനവും താക്കീതും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.