Home Articles ഹൈ പവർ ലീഗും കമറുവിനൊപ്പം: രാജിയോ, അതു വിട്

ഹൈ പവർ ലീഗും കമറുവിനൊപ്പം: രാജിയോ, അതു വിട്

SHARE
  • കെ വി

ഓഹരി പിരിക്കാം, പണം വാങ്ങാം, കച്ചോടമാവാം, പൊളിയും ,പൂട്ടാം, മുക്കാം; മുടക്കുമുതൽ പറ്റുമ്പോൾ തിരിച്ചുനൽകും. ഇരകൾ അതൊക്കെ സഹിച്ചോളണം. ബിസിനസിൽ പതിവാണിതൊക്കെ . അതുകൊണ്ട് രാജിയൊന്നും വേണ്ട – മഞ്ചേശ്വരം എം എൽ എ കമറുദ്ദീൻ മുഖ്യ പ്രതിസ്ഥാനത്തുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പുകേസിൽ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി തീർപ്പാക്കിയിരിക്കുന്നു. ഒപ്പം കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണത്തിൻ്റെ ആവർത്തനവും. എല്ലാം രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചതുപോലെതന്നെ .
സാമ്പത്തിക കുറ്റങ്ങളും സദാചാര വിരുദ്ധ കൃത്യങ്ങളും ഇന്നേവരെ അജണ്ടയിൽ പെടുത്തി ചർച്ചയേ ചെയ്യാത്ത മുസ്ലീം ലീഗ് ഇതിലും വലിയ പല പെരുന്നാളും കണ്ടതാണ്. ഇതൊക്കെ എത്ര നിസ്സാരം… ഞായറാഴ്ച കോഴിക്കോട്ട് യോഗം ചേർന്നതുതന്നെ കമറുദ്ദീൻ്റെ കാര്യത്തിൽ ലീഗ് നിലപാട് വ്യക്തമാക്കിയാലേ ഇടപെടാനാവൂ എന്ന് യു ഡി എഫ് നേതൃത്വം ധരിപ്പിച്ചതിനാലാണ്. പ്രത്യേകിച്ച് കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന് കടിഞ്ഞാണിടാൻ. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ എന്ന അദ്ദേഹത്തിൻ്റെ പ്രതികരണം ലീഗ് നേതൃത്വത്തിന് ഒട്ടും രസിച്ചിട്ടില്ല. അത് തിരുത്തിക്കാനാണ് കമറുവിൻ്റെ പിന്നിൽ ഉറച്ചുനിൽക്കാൻ ഉന്നതാധികാര സമിതി തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് തൊട്ടരികെ എത്തിയതിനാലാണ് ലീഗ് അടിയന്തര യോഗം ചേർന്നത്. സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾ തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട്ട് കൂടിയ യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തോട് പൊതുവെ എല്ലാ നേതാക്കളും യോജിക്കുകയായിരുന്നു. അച്ചടക്ക നടപടിയെടുക്കുകയോ എം എൽ എ സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെടുകയോ ചെയ്യുന്നത് ഭാവിയിൽ പ്രശ്നമാകുമെന്ന് കുഞ്ഞാലിക്കുട്ടി സൂചന നൽകി. ലീഗിൽ അങ്ങനെയൊരു കീഴ് വഴക്കമില്ല. നിലവിൽ പല കേസുകളിൽ കുറ്റാരോപിതരായ നേതാക്കൾ വേറെയുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പെട്ട വി കെ ഇബ്രാഹിം കുഞ്ഞ്, അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയിൽനിന്ന് കോഴ കൈപ്പറ്റിയെന്ന കേസിൽ പ്രതിയായ കെ എം ഷാജി തുടങ്ങിയവർ പിറകെയുണ്ട്. ഇപ്പോൾ സ്വീകരിക്കുന്ന നടപടി അവരുടെ കാര്യത്തിലും ബാധകമാക്കേണ്ടിവരും. അതുകൊണ്ട് കേസ് രാഷ്ട്രീയ പ്രേരിതമെന്ന നിലയിൽ തൽക്കാലം ന്യായീകരിക്കലാണ് നല്ലതെന്ന അഭിപ്രായം എല്ലാ അംഗങ്ങളും അംഗീകരിക്കുകയായിരുന്നു.
കണ്ണൂർ – കാസർക്കോട് ജില്ലകളിൽ പലേടത്തും ജ്വല്ലറികൾ തുറന്ന വലിയ നിലവാരത്തിലുള്ളസ്വർണവ്യാപാര സ്ഥാപനമാണ് ഫാഷൻ ഗോൾഡ്. കച്ചവടം പൊളിഞ്ഞുപോയതിനാലാണ് മുതൽ മുടക്കിയ പണം തിരിച്ചുനൽകാനാവാത്തതെന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളത്തിൽ പറഞ്ഞത്. എന്നാൽ നഷ്ടത്തിൻ്റെ കാരണമോ നിലവിലുള്ള ആസ്തിയെക്കുറിച്ചോ ഒന്നും വ്യക്തമാക്കിയില്ല. ഓഹരിയുടമകൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപമായും വലിയ തോതിൽ പണം പിരിച്ചിട്ടുണ്ട്. അത് എപ്പോൾ മടക്കിക്കൊടുക്കുമെന്ന ചോദ്യത്തിനും മറുപടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.