Home Articles തട്ടിയത് കോടികൾ,പ്രതിയും പരാതിക്കാരും ലീഗ്; പിന്നെന്ത് രാഷ്ട്രീയ പ്രേരിതം…?

തട്ടിയത് കോടികൾ,പ്രതിയും പരാതിക്കാരും ലീഗ്; പിന്നെന്ത് രാഷ്ട്രീയ പ്രേരിതം…?

SHARE
  • കെ വി

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ യോ സദാചാരവിരുദ്ധ ചെയ്തികളുടെയോ പേരിൽ ഇന്നേവരെ ഒരു നേതാവിനോടും പ്രവർത്തകനോടും വിശദീകരണംപോലും ചോദിക്കാത്ത പാർട്ടിയാണ് മുസ്ലീം ലീഗ്. അത്ര ക്ലീൻ ക്ലീനാണ് ആ പാർട്ടിയിലെ ഇബ്രാഹിം കുഞ്ഞുമാരും കുഞ്ഞാലിക്കുട്ടിമാരും. എത്ര വലിയ അരുതായ്മകൾ ചെയ്താലും മലപ്പുറത്തെ പാണക്കാട്ട് തറവാട്ടിൽ ചെന്ന് അതത് കാലത്തെ മുഖ്യ തങ്ങളെ കണ്ട് കാര്യം ധരിപ്പിച്ച് ക്ഷമ ചോദിച്ചാൽ പ്രശ്നം തീരും… അതിലപ്പുറം ഒരപ്പീലും നടപടിയും ആ പാർട്ടിയിലില്ല. മഞ്ചേശ്വരം എം എൽ എ കമറുദ്ദീൻ്റെ കേസും ആദ്യം എത്തിയത് സംസ്ഥാനലീഗധ്യക്ഷൻ്റെ തിരുമുമ്പിൽതന്നെയാണ്. കാരണം മറ്റൊന്നുമല്ല, നിക്ഷേപത്തട്ടിപ്പിനിരയായവരിൽ മിക്കവരും ലീഗിൽ അത്രകണ്ട് വിശ്വാസമർപ്പിച്ചവരാണ്. പരാതിപ്പെട്ട 115 ആളുകളിൽ 92 പേരും കറകളഞ്ഞ പച്ചപ്പാർട്ടിക്കാർ. പ്രാദേശികമായി പല ഉയർന്ന പദവികളിലുമുള്ളവർ മുതൽ അടുത്ത അനുയായികൾ വരെ. എന്നിട്ടും ഉന്നതാധികാര സമിതിയിലെ ഒരു തങ്ങളും സഹായിക്കാത്തതിനാലാണ് അവർ പൊലീസ് സ്റ്റേഷൻ കയറേണ്ടിവന്നത്. കമറുദ്ദീൻ നേരത്തേ പറഞ്ഞ അതേ അവധി – ആറ് മാസം – കഴിഞ്ഞ് പ്രശ്‌നം പരിഹരിക്കാമെന്ന നേതൃവാഗ്ദാനത്തിൽ അവർ തൃപ്തരല്ലായിരുന്നു. രേഖാമൂലമുള്ള ഉറപ്പാണ് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടത്. അതിനും നൽകി വേണ്ടത്ര സാവകാശം … പക്ഷേ, ഒഴിഞ്ഞുമാറുകയായിരുന്നു കമറുദ്ദീനും കൂട്ടാളികളും. വേറെ ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് കാസർക്കോട് ജില്ലയിലെ ഉയർന്ന പൊലീസുദ്യോഗസ്ഥരെ വീണ്ടും സമീപിച്ച് ഇരകൾ സങ്കടമുണർത്തിച്ചത്. നീതിപാലനത്തിന് ചുമതലപ്പെട്ടവർക്ക് നിയമാനുസൃത നടപടികൾ സ്വീകരിക്കുകയേ പിന്നെ നിർവാഹമുണ്ടായിരുന്നുള്ളൂ. എന്നിട്ടും പറയുകയാണ് ലീഗിൻ്റെ അവിടത്തെ ജില്ലാ നേതാക്കളും നുണക്കഥകൾ മാത്രം നാവിലുതിരുന്ന ചില യൂത്ത് ലീഗ് വക്താക്കളും – കമറുദ്ദീൻ്റെ അറസ്റ്റ് രാഷ്ട്രീയവിരോധം തീർക്കലാന്നെന്ന്… മാനം മര്യാദ തെല്ലെങ്കിലുമുള്ളവർക്ക് ചേർന്നതല്ല സാധാരണക്കാരായ സ്വന്തം കക്ഷിക്കാരെയും തള്ളിക്കൊണ്ട് പ്രതിയെ പിന്തുണയ്ക്കൽ.

എന്തായാലും കമറുദ്ദീന് ഒരു കാര്യത്തിൽ ആശ്വസിക്കാം. ജയിലറകളിൽ കൂട്ടിന് പിന്നാലെ സഹപ്രവർത്തകരിൽ ചിലർ കൂടിയെത്തും. യു ഡി എഫിലെ ഒട്ടേറെ എം എൽ എ മാരും മുൻ മന്ത്രിമാരുമുണ്ട് പല കേസുകളിൽ കുറ്റാരോപിതരായി പിറകിൽ. വി കെ ഇബ്രാഹിം കുഞ്ഞും കെ എം ഷാജിയും മാത്രമല്ല , ബാർ കോഴ കേസിൽ രമേശ് ചെന്നിത്തല , കെ ബാബു, വി എസ് ശിവകുമാർ , സരിതയുടെ കേസിൽ എ പി അനിൽകുമാർ, വിദേശത്തുനിന്ന് സംഭാവന വാങ്ങിയെന്ന കേസിൽ വി ഡി സതീശൻ, റിയൽ എസ്‌റ്റേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ടി തോമസ് … ഒക്കച്ചങ്ങാതിമാരുടെ പട്ടിക അങ്ങനെ നീളുകയാണ്.

നാടിനെ നാണിപ്പിക്കുന്ന നാനാതരം തട്ടിപ്പ് -അഴിമതി – സ്ത്രീപീഡന കേസുകളിൽ പിടികൂടപ്പെടുമ്പോൾ രാഷ്ട്രീയ പകവീട്ടൽ എന്ന് ആരോപിക്കുന്ന യു ഡി എഫ് നേതാക്കളെ ഒന്നേ ഓർമിപ്പിക്കാനുള്ളൂ – ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിങ്ങൾ സ്വീകരിച്ച രീതിയല്ല എൽ ഡി എഫ് പിന്തുടരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ വി എം സുധീരനെപ്പോലെ അപൂർവം ചില സംസ്ഥാന നേതാക്കളേ കോൺഗ്രസിൽ ഇന്ന് ജയിലിന് പുറത്ത് ഉണ്ടാവുമായിരുന്നുള്ളൂ. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ കോൺഗ്രസ്സുകാരുമായി സംഭവത്തിന് തലേന്നാൾ ബന്ധപ്പെട്ടു എന്ന ആരോപണത്തിന് വിധേയനായ അടൂർ പ്രകാശ് എം പി അടക്കമുള്ളവർ എന്നോ അകത്തായേനേ.

അന്വേഷണത്തിൽ സുവ്യക്ത തെളിവുകൾ കണ്ടെത്തിയ തട്ടിപ്പ് – അഴിമതി കേസുകളാണ് പിണറായി വിജയൻ സർക്കാർ ഗൗരവത്തിലെടുക്കുന്നത്. അറസ്റ്റും തുടർ നടപടികളുമെല്ലാം നിയമാനുസൃതമേ സ്വീകരിക്കുന്നുള്ളൂ. ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാൻ രമേശ് ചെന്നിത്തല, മുൻ എക്സൈസ് മന്ത്രി കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് 1.75 കോടി രൂപ കോഴ നൽകിയെന്ന കേസും കൈകാര്യം ചെയ്യുന്നത് നിയമപരമായ സാധുത ഉറപ്പു വരുത്തിയാണ്. ബാറുടമ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ സർക്കാരിന്റെ അനുമതി വിജിലൻസ് തേടിയത്.

എന്നാൽ ഇതായിരുന്നില്ല യു ഡ എഫ് ഭരണത്തിലെ രീതി. തികച്ചും പ്രതികാര മനോഭാവത്തോടെയാണ് അന്ന് രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസ് ചുമത്തി ദ്രോഹിച്ചിരുന്നത്. കേരളം ഒരിക്കലും മറക്കാത്ത ചില കേസുകൾ മാത്രം ഇവിടെ സൂചിപ്പിക്കുകയാണ്.

മണിയാശാൻ എന്ന് നാട്ടുകാർ സ്നേഹാദരങ്ങളോടെ വിളിക്കുന്ന മുതിർന്ന സി പി ഐ -എം നേതാവായ എം എം മണിയെ എന്തിനായിരുന്നു നിങ്ങൾ കൊലക്കേസ് പ്രതിയാക്കി അറസ്റ്റ് ചെയ്ത് കഷ്ടപ്പെടുത്തിത്… മീഡിയാ പ്രേമമോ പേടിയോ ഇല്ലാത്ത ആ പച്ച മനുഷ്യൻ ഒരു പൊതുയോഗ പ്രസംഗത്തിനിടയിൽ ആവേശത്തിലൊരു വാചകമങ്ങ് പറ ഞ്ഞുപോയി. കാര്യം ഇത്രയേയുള്ളൂ – ഇങ്ങോട്ട് മേക്കിട്ട് കേറാൻ വന്നവരെ അങ്ങോട്ടും തട്ടിയിട്ടുണ്ടെന്ന്… അതും പണ്ടേതോ കാലത്ത് നടന്ന സംഭവം സംബന്ധിച്ച് . അതിന്റെ പേരിലാണ് ജീവിതംതന്നെ തുറന്ന പുസ്തകമായ ആ വന്ദ്യ വയോധികനെ നിങ്ങളുടെ പൊലീസ് കേസിൽ കുടുക്കി പീഡിപ്പിച്ചത്. എന്തായിരുന്നു കുറ്റം – കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്നതിന് മുൻ കാല പ്രാബല്യം ! എന്തായി ആ കേസ് പിന്നെ…

ആർ എസ് എസ് വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ശാരീരിക അവശതകൾ ഇന്നും നേരിടുന്ന കണ്ണൂരിന്റെ പ്രിയംകരനായ നേതാവ് പി ജയരാജനെ കേസിൽ പെടുത്തി മാസങ്ങളോളം ജയിലിലാക്കിയത് എന്തിനായിരുന്നു … ജില്ലയിൽ എവിടെയോ ഒരു പ്രാദേശിക രാഷ്ട്രീയ തർക്കത്തിനിടയിലുണ്ടായ കൊലപാതകം ജയരാജൻ അറിഞ്ഞിട്ടുണ്ടാകാമെന്നും, ആ വിവരം പൊലീസിന് തൽസമയം നൽകാതിരുന്നത് കുറ്റമാണ് എന്നുമായിരുന്നു കേസ്. നീണ്ട നിയമയുദ്ധത്തിനു ശേഷം ഹൈക്കോടതി വിധിയനുസരിച്ചാണ് അദ്ദേഹം ജയിൽമോചനം നേടിയത്.

സി പി ഐ – എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററെ വേട്ടയാടിയതാകട്ടെ ഭീകരമായ വിധത്തിലായിരുന്നു. ജില്ലയിലെ ഏത് പൊലീസ് ഉദ്യോഗസ്ഥനുമായും ഏത് മുന്നണി ഭരിക്കുമ്പോഴും നല്ല ബന്ധം പുലർത്തിപ്പോന്ന വളരെ സൗമ്യനായ നേതാവാണ് മോഹന ൻ മാസ്റ്റർ. ജില്ലാ പഞ്ചായത്തിന്റെ മുമ്പേ നിലവിൽ വന്ന ആദ്യ ജില്ലാ കൗൺസിലിന്റെ പ്രസിഡന്റ്കൂടിയായിരുന്നു അദ്ദേഹം. ഏത് പൊലീസ് ഓഫീസറും നല്ല നിലയിൽ അറിയിക്കുന്ന നിർദേശങ്ങൾ മാനിക്കുന്ന നേതാവ് . എന്നാൽ, പാർട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് വടകരയിൽ ഒരു പരിപാടിയിൽ പക്കെടുക്കാൻ പോകുമ്പോൾ വഴിയിൽ തടഞ്ഞിട്ടായിരുന്നു മോഹനൻ മാസ്റ്ററെ അറസ്റ്റ് ചെയ്തത്. മുന്നിൽനിന്നും പിന്നിൽനിന്നുമായെത്തിയ പൊലീസ് വാഹനങ്ങൾ അദ്ദേഹത്തിന്റെ കാറിന് മുമ്പിൽ തലങ്ങും വിലങ്ങുമായിട്ട് സിനിമാ സ്‌സ്റ്റൈലിലായിരുന്നു കസ്റ്റഡിയിലെടുക്കൽ. ഓർക്കാട്ടേരിയിൽ പൂവിൽക്കുന്ന ഒരു പെട്ടിക്കടയിലിരുന്ന് വധഗൂഢാലോചന നടത്തി… അതായിരുന്നു ആ സഖാവിന്റെ പേരിൽ ചുമത്തിയ കുറ്റം. ഒരു വർഷത്തിലേറെ അദ്ദേഹത്തിന് കൽത്തുറുങ്കിൽ കഴിയേണ്ടിവന്നു. ഒടുവിൽ കേസിൽ നിരപരാധിയാണെന്ന് സെഷൻസ് കോടതി വിധിയായതോടെയാണ് വിട്ടയച്ചത്.

തലശ്ശേരിയിലെ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും അനുഭവമോ …നിലവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമാണ് കാരായി രാജൻ. ചന്ദ്രശേഖരനും നല്ല ജനകീയാംഗീകാരമുള്ള അറിയപ്പെടുന്ന പൊതുപ്രവർത്തകൻ. ക്രിമിനൽ പശ്ചാത്തലം ആരോപിക്കാവുന്ന തരം ബന്ധമുള്ളവരല്ല രണ്ടുപേരും. അവരെ സി ബി ഐ യാണ് കൊലക്കേസ് പ്രതികളാക്കിയത്. അതും യു ഡി എഫ് ഭരണമുള്ളപ്പോൾ തന്നെ. അവരെ രണ്ടുപേരെയും കോടതിയുത്തരവ് സമ്പാദിച്ച് നാടുകടത്തിയിരിക്കയാണ്. സ്വദേശത്തേക്ക് ചെല്ലാൻ പാടില്ലെന്നാണ് സി ബി ഐ ആവശ്യപ്രകാരം അടിച്ചേല്പിക്കപ്പെട്ട ജാമ്യവ്യവസ്ഥ . കേസാകട്ടെ വിചാരണയും തീർപ്പുമില്ലാതെ വർഷങ്ങളായി നീട്ടിക്കൊണ്ടുപോവുകയാണ്. ഇതുപോലൊരു പീഡനം സംസ്ഥാനത്ത് മറ്റേതെങ്കിലുമൊരു പാർട്ടിയുടെ നേതാക്കൾ അനുഭവിക്കുന്നുണ്ടോ…?

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.