Home Articles ഖുർആനാണ് പ്രശ്നം, ജലീലിനെ വിളിപ്പിച്ചത് അസാധാരണ നടപടി

ഖുർആനാണ് പ്രശ്നം, ജലീലിനെ വിളിപ്പിച്ചത് അസാധാരണ നടപടി

SHARE

യു.എ.ഇ കോണ്‍സുലേറ്റ് വഴി വന്ന ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചതിൽ പരക്കെ അമ്പരപ്പ്. തിങ്കളാഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം. അനുമതിയില്ലാതെയാണ് ഖുർആൻ വിതരണം ചെയ്തത് എന്നാണ് കസ്റ്റംസിന്റെ ആരോപണം.
മന്ത്രിയുടെ ഗണ്‍മാനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ആന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി. ആപ്റ്റ് വഴി വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. സാധാരണ നിലയിൽ ഒരു തരത്തിലുമുള്ള അസ്വാഭാവികതയും ഇല്ലാത്ത വിഷയത്തിൽ ഭരണഘടനാ പദവി വഹിക്കുന്ന ഒരു മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് കേട്ട് കേള്വിയില്ലാത്ത നടപടിയാണ്. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിന് തെളിയാൻ ഇത് എന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.

കസ്റ്റംസിന് മന്ത്രിയെ ചെന്ന് കണ്ടു കാര്യങ്ങളിൽ വ്യക്തത വരുത്താം എന്നിരിക്കെയാണ്, ആ മര്യാദ കാണിക്കാതെ “കൂടുതല്‍ വ്യക്തത വരുത്തുന്ന”തിനു തിങ്കളാഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാന്‍ കെ.ടി ജലീലിന് നിര്‍ദ്ദേശം നല്‍കിയത്. കോണ്‍സുലേറ്റ് വഴി വന്ന ഖുര്‍ആന്‍ നികുതി ഇളവ് ലഭിച്ചിട്ടുണ്ട്. ഇത് പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തില്‍ മന്ത്രി കെ.ടി ജലീലിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.
കസ്റ്റംസ് ജലീലിനെ വിളിച്ചു വരുത്തും എന്ന് നേരത്തെ തന്നെ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയിരുന്നു. എന്തൊക്കെ ചോദ്യം ഉണ്ടാകും എന്നും മാധ്യമങ്ങൾ എഴുതിത്തുടങ്ങി. “ഖുര്‍അന്‍ വിതരണം ചെയ്ത കേസിന് പുറമേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ് തിങ്കളാഴ്ച്ച ജലീലില്‍ നിന്ന് വിവരങ്ങള്‍ ആരായും.” എന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്തു.
കെ.ടി ജലീലിന്‍റെ ഗണ്‍മാനെ കസ്റ്റംസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.കെ.ടി ജലീലിനെ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും എന്‍.എ.എയും നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന എന്ന് മീഡിയ വൺ പറയുന്നു.

“സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റും എൻഐഎയും നേരത്തെ കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജലീലിന് അന്വേഷണ സംഘം ഇതുവരെ ക്ലീൻചിറ്റ് നൽകിയിട്ടില്ല.” എന്നാണു ജനം ടി വിയുടെ റിപ്പോർട്.

അന്വേഷണ ഏജൻസികൾ മാധ്യമങ്ങളെ ഉപയോഗിച്ചു കഥ പ്രചരിപ്പിക്കുകയും പിന്നീട് അതെ കാര്യം ചെയ്യുകയും എന്ന രീതിയാണ് മന്ത്രി ജലീലിനെതിരെ സ്വീകരിക്കുന്നത് എന്നാണു പരാതി ഉയർന്നിട്ടുള്ളത്.

വിശുദ്ധ ഗ്രന്ഥമായ ഖുർആൻ വിശ്വാസികൾക്ക് നൽകുന്നതിൽ എന്ത് മഹാപരാധം എന്ന ചോദ്യമാണുയരുന്നത്. ഡിപ്ലോമാറ്റിക് കൂടിക്കാഴ്ചകളിൽ പോലും മതഗ്രന്ഥങ്ങൾ സമ്മാനമായി നൽകുന്ന പതിവുണ്ട്. ഖുർആൻ എവിടെ അച്ചടിച്ചാലും അതിന്റെ ഉള്ളടക്കം ഒന്നാണ്. അത് കൊണ്ട് തന്നെ അതിന്റെ വിതരണം ഒരു മന്ത്രിയെ ആക്രമിക്കുന്നതിനുള്ള ആയുധമാക്കുന്നതിൽ ശക്തമായ വിയോജിപ്പ് വളർന്നിട്ടുണ്ട്.

എന്നാൽ എല്ലാ അന്വേഷണങ്ങൾക്കും സുസ്വാഗതം എന്നാണു മന്ത്രി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞത്. അവർ തന്റെ വീട്ടിലേക്കു വന്നാലും സ്വാഗതം-എന്തും എടുത്തു കൊണ്ടുപോകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.