Home Newspool നിറവാർന്ന പ്രതീക്ഷകളോടെ നവകേരളത്തിലേക്ക്

നിറവാർന്ന പ്രതീക്ഷകളോടെ നവകേരളത്തിലേക്ക്

SHARE

ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയുള്ള ഭരണമികവിന് ദേശീയതലത്തിൽ സംസ്ഥാനം വീണ്ടും കൈവരിച്ച അംഗീകാരത്തിന്റെ തിളക്കത്തിലാണ് ഇക്കുറി നാം കേരളപ്പിറവി ആഘോഷിക്കുന്നത്. തുടർച്ചയായുള്ള രണ്ട് കൊടും പ്രളയങ്ങളും നിപ്പയും ഓഖിയും കോവിഡ് മഹാമാരിയും തളർത്തിയ നാടിന്റെ പതറാത്ത ചുവടുവെപ്പിന് പ്രചോദനമേകുന്നതാണ് 2020 ലെ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ടിൽ ലഭിച്ച ഒന്നാം സ്ഥാനം. നിറവാർന്ന പ്രതീക്ഷകളുമായി നവകേരളത്തിലേക്ക് മുന്നേറുന്ന മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും ഇക്കാര്യത്തിൽ തീർച്ചയായും അഭിമാനിക്കാം; പ്രത്യേകിച്ചും കേരളത്തിന്റെ സമീപകാലത്തെ കിടയറ്റ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാൻ പ്രതിപക്ഷവും ഒരു കൂട്ടം വാർത്താമാധ്യമങ്ങളും നുണപരമ്പരകൾ മെനഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന അസാധാരണ സന്ദർഭത്തിൽ.

സുസ്ഥിര വികസനം അടിസ്ഥാനമാക്കി മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ ഘടകങ്ങളാണ് സംയോജിത സൂചികയിലൂടെ വിലയിരുത്തിയത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം തമിഴ് നാടും ആന്ധ്രയുമാണ്. ഇവയും ബി ജെ പി ഇതര ഭരണമുള്ള സംസ്ഥാനങ്ങളാണെന്നതും ശ്രദ്ധേയം. നിലവിലെ എൽ ഡി എഫ് സർക്കാരിന്റെ ഏറ്റവും വലിയ മെച്ചം ഭരണതലത്തിൽ അഴിമതി അകറ്റി നിർത്തി എന്നതാണ്. ജനക്ഷേമ നടപടികളിലാവട്ടെ ഭരണ നേതൃത്വത്തിന്റെ കണ്ണ് പതിയാത്ത, പരിഹാരം തേടാത്ത ഇടമോ പ്രശ്നമോ സാധാരണ ജനജീവിതത്തിൽ ഇല്ലെന്നുതന്നെ പറയാം. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും രൂക്ഷമായ പ്രളയം പെയ്ത വിവരണാതീതമായ കെടുതികളെ എന്തെല്ലാം സന്നാഹത്തോടെയും സ്ഥൈര്യത്തോടെയുമാണ് സർക്കാർ അതിജീവിച്ചത്… ലോകമാകെ വിറങ്ങലിച്ചുപോയ കോവിഡ് ബാധിത നാളുകളിൽ എത്ര സാഹസികമായ പ്രതിരോധ – സുരക്ഷാ പ്രവർത്തനങ്ങളിലൂടെയാണ് കേരളം മറുനാടുകളെയൊക്കെ അതിശയിപ്പിച്ചത്…

ഇക്കാര്യത്തിൽ ഇന്ത്യക്കെന്നല്ല മുഴുവൻ രാജ്യങ്ങൾക്കും വഴി കാട്ടി ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ നേടാൻ ഈ കൊച്ചു സംസ്ഥാനത്തിന് സാധിച്ചത് എത്രയേറെ ചാരിതാർത്ഥ്യജനകമാണ്. അതിനിടയിലും, കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് നടപ്പാക്കി വരുന്ന ജനക്ഷേമ പദ്ധതികളെത്ര … അന്തിയുറങ്ങാൻ സ്വന്തമായൊരിടമില്ലാത്ത രണ്ടരലക്ഷത്തോളം ദരിദ്ര കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് ലഭ്യമാക്കിയ ലൈഫ്, സാധാരണക്കാരുടെ മക്കൾക്കും ഹൈടെക് പഠനാവസരങ്ങളും അനുബന്ധ സൗകര്യങ്ങളും ഉറപ്പുവരുത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ മേഖലയെ അടിമുടി നവീകരിച്ച് സൗജന്യ ചികിൽസാ സംവിധാനം പരമാവധി വിപുലീകരിച്ച ആർദ്രം; കൂടാതെ, കാർഷിക മേഖലയെ സമ്പൂർണ സമൃദ്ധിയിലേക്ക് നയിക്കുന്ന സുഭിക്ഷ കേരളം , ആരോഗ്യകരമായ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിത കേരളം, ലഹരി വർജനത്തിനുള്ള ക്രിയാത്മക പരിപാടികളുമായി വിമുക്തി …. നാടിന്റെ അടിസ്ഥാന വികസന മേഖലകളിലെല്ലാം സമാനതകളില്ലാത്ത പുരോഗതിയാണ് കഴിഞ്ഞ നാലു വർഷത്തിനകം ഉണ്ടായത് എന്ന് ആർക്കാണറിയാത്തത്… എത്രയോ കൊല്ലങ്ങളായി മുടങ്ങിക്കിടന്ന എത്രയെത്ര പദ്ധതികളാണ് ഈയടുത്ത് സഫലമായതും സജീവമായതും… ദേശീയപാത വീതി കൂട്ടൽ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, ജലഗതാഗമാർഗ വികസനം, മലയോര ഹൈവേ, വയനാട്ടിലേക്കുള്ള ബദൽ തുരങ്കപാത തുടങ്ങിയ നിരവധി പദ്ധതികൾ ഈ സർക്കാരിന്റെ മിന്നുന്ന നേട്ടങ്ങളായി എന്നും എണ്ണപ്പെടും.

നമ്മുടെ നാടിന്റെ നാനാതുറകളിലുള്ള വളർച്ചയുടെയും വികസനത്തിന്റെയും ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കിയാലോ… ശ്രദ്ധേയവും നിർണായകവുമായ എല്ലാ നല്ല ചുവടുവെപ്പുകളിലും ഇടതുപക്ഷത്തിന്റെ നിറഞ്ഞ സാന്നിധ്യം കാണാം. ഒട്ടേറെ രംഗങ്ങളിൽ അന്താരാഷ്ട്ര അംഗീകാരം പിടിച്ചുപറ്റിയ മലയാളമണ്ണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പല നിലകളിലും വ്യത്യസ്തമാണ്. സാമൂഹ്യ-സാമ്പത്തിക പുരോഗതിയിൽ മാത്രമല്ല ഇത്. ആളുകളുടെ തന്റേടം മുതൽ വിവേകശേഷിയിൽവരെ അത് വളരെ പ്രകടം. ജാതീയമായ തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണ – സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച – ദുരവസ്ഥയായിരുന്നു പഴയ കാലത്ത് ഇവിടെ. പുതിയ കേരളത്തിന് കഷ്ടിച്ച് മുക്കാൽ നൂറ്റാണ്ടോളമേ പ്രായമുള്ളൂ. മൺമറഞ്ഞുപോയ സാമൂഹ്യ പരിഷ്ക്കർത്താക്കളും നവോത്ഥാന നായകരുമാണ് ആ മുന്നേറ്റത്തിന് ആദ്യവെളിച്ചം പകർന്നത്. എന്നാൽ, 1957ൽ സംസ്ഥാനത്ത് അധികാരമേറ്റ ഇ എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവർമെണ്ടാണ് മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള വികസന പാതയ്ക്ക് അടിത്തറയിട്ടത്. ഭരണത്തിലേറി നാലാം നാൾ കുടിയിറക്ക് തടഞ്ഞുകൊണ്ടുള്ള ഓർഡിനൻസ്…

രാജ്യത്ത് ആദ്യമായിരുന്നു അത്തരമൊരു ഉത്തരവ്. അതു വരെ ജനങ്ങളിൽ വലിയൊരു പങ്ക് ആരാന്റെ പറമ്പിൽ പാർക്കുന്നവരായിരുന്നു. ഭൂമിയുടെ ഉടമസ്ഥത മുഴുവൻ സവർണ ജന്മി പ്രമാണിവർഗത്തിനായിരുന്നല്ലോ. പാട്ടക്കാരും കുടിയാന്മാരുമായിരുന്നു മറ്റെല്ലാവരും. പാവപ്പെട്ടവരുടെ മക്കൾക്ക് നല്ല ചന്തവും ഓമനത്തവുമുള്ളൊരു പേരിടാൻപോലും അന്ന് അവകാശമുണ്ടായിരുന്നില്ല. ഭൂരഹിതരെ ഏത് നേരത്തും കുടിയൊഴിപ്പിക്കാൻ ഭൂവുടമകൾക്ക് അധികാരമുണ്ടായിരുന്നു. അത് നിയമംമൂലം ഇല്ലാതാക്കിയതോടെയാണ് അവർക്ക് തന്റേതായ ഇടം -തന്റേടം – ഉണ്ടായിത്തുടങ്ങിയത്. “ചത്താൽ കുഴിച്ചിടാൻ നാഴി മണ്ണുപോലും ” സ്വന്തമായില്ലാത്തവർക്ക് കിടപ്പാടം നേടിക്കൊടുത്തത് അന്ന് മന്ത്രി കെ ആർ ഗൗരിയുടെ നേതൃത്വത്തിൽ തുടക്കമിട്ട ഭൂപരിഷ്കരണ നടപടികളാണ്. ജന്മിമാരുടെ മുമ്പിൽ തീണ്ടാപ്പാടകലെ ഓഛാനിച്ചും റാൻ മൂളിയും നിൽക്കേണ്ട പതിതനിലയിൽനിന്ന് മണ്ണിന്റെ മക്കളെ മോചിപ്പിച്ചത് നിർണായക മാറ്റമായിരുന്നു. മലയാളികളെ ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ച നമ്മുടെ സാർവത്രിക സൗജന്യ പൊതുവിദ്യാഭ്യാസ രീതി ആരംഭിച്ചതും ആ ഭരണത്തിലാണ് – പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നിയമത്തിലൂടെ. അന്താരാഷ്ട്ര തലത്തിൽവരെ പിന്നീട് അഗീകാരം നേടിയ കേരള വികസന മാതൃകയുടെ അലകും പിടിയും അന്നത്തെ ആ രണ്ട് നിയമ നിർമാണങ്ങളായിരുന്നു.

കേരള ജനതയെ പിൽക്കാലത്ത് രാജ്യത്തിന്റെ നെറുകയിലെത്തിച്ച മറ്റു മികവുറ്റ പദ്ധതികൾ നടപ്പാക്കിയതോ … കാർഷിക പരിഷ്കാരത്തിന്റെ തുടർച്ചയായ ഭൂപരിധി നിർണയവും മിച്ചഭൂമി വിതരണവും, ജനലക്ഷങ്ങൾക്ക് പുത്തനുണർവ് സമ്മാനിച്ച സമ്പൂർണ സാക്ഷരതാ യജ്ഞം , ഓണംകേറാ മൂലയിൽ വരെ റോഡും വെള്ളവും വെളിച്ചവും പ്രദാനം ചെയ്ത ജനകീയാസൂത്രണ പദ്ധതി, തദ്ദേശ സ്വയംഭരണ സമിതികളിൽ സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യം, വിശ്വമെങ്ങും കീർത്തി പരത്തിയ കുടുംബശ്രീ പ്രസ്ഥാനം, കർഷകത്തൊഴിലാളി പെൻഷൻ, വിപുലമായ ഭക്ഷ്യസാധന പൊതുവിതരണ ശൃംഖല മുതലായ എത്രയെത്ര ക്ഷേമ പദ്ധതികൾ … ജനജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഇത്തരം ഭരണ നടപടികളിൽ ഇടതുപക്ഷ പാർട്ടികളുടെ വലിയ പങ്ക് ആർക്ക് നിഷേധിക്കാനാകും.

അധികാരത്തിന്റെ ചക്കരക്കുടങ്ങളിൽ കൈയിട്ട് വാരാൻ തക്കം പാർത്ത് നിൽക്കുന്ന പാരമ്പര്യമല്ല ഇടതുപക്ഷ-ജനാധിപത്യ മുന്നണി നേതാക്കളുടേത്. ഭരണ സൗകര്യങ്ങളുടെ ഉൾത്തളങ്ങളിൽ ഏതെങ്കിലും അവതാരങ്ങളുടെ ഊഴം കാത്ത് ആർത്തിപൂണ്ട് നിന്നവരുമല്ല എൽ ഡി എഫ് മന്ത്രിമാർ. ആരെന്ത് വിവാദ വ്യവസായത്തിന് ഒരുമ്പെട്ടിറങ്ങിയാലും ജനങ്ങൾ സത്യം തിരിച്ചറിയുകതന്നെ ചെയ്യും. നന്മകൾ വിളയുന്ന നവകേരളത്തിലേക്ക് അടിപതറാതെ നടന്നടുക്കുന്ന നേതൃത്വമാണ് അവർക്ക് ആവേശ സ്രോതസ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.