Home Newspool കർഷകന് സർക്കാരിന്റെ കൈതാങ്ങ്; പച്ചക്കറികൾക്ക് ഇനി മുതൽ അടിസ്ഥാന വില

കർഷകന് സർക്കാരിന്റെ കൈതാങ്ങ്; പച്ചക്കറികൾക്ക് ഇനി മുതൽ അടിസ്ഥാന വില

SHARE

കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചു കേരളത്തിൽ കർഷകർക്ക് കൈത്താങ്ങാവുകയാണ് സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് അടിസ്ഥാന വില തീരുമാനിക്കുന്നത്. കർഷകർക്ക് കൂടുതൽ പിന്തുണ നൽകാനും അതുവഴി സംസ്ഥാനത്തിൻറെ അഭ്യന്തര പച്ചക്കറി ഉൽപാദനം വർദ്ധിപ്പിക്കാനുമാണ് ഈ നടപടി.

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികൾക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ തറവില നിശ്ചയിക്കുന്നത്. ഓരോ വിളകളുടെയും ഉൽപാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതിൽ അധികമായി ചേർത്തിരിക്കുന്നത്. പച്ചക്കറികൾക്ക് നിശ്ചിത വിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടായാൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകൻറെ അക്കൗണ്ടിലേക്ക് നൽകും.

ഉൽപന്നത്തൻറെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും, കാലാകാലങ്ങളിൽ തറവില പുതുക്കി നിശ്ചയിക്കാനും ഉള്ള വ്യവസ്ഥകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും ഈ പദ്ധതിയിൽ സംഭരണവിതരണ സംവിധാനങ്ങൾ ഏകോപിക്കുന്നത്. ഈ ഘട്ടത്തിൽ കൃഷിയിലേയ്ക്ക് വരുന്ന പുതിയ കർഷകർക്കും പരമ്പരാഗത കർഷകർക്കും തൊഴിലുമായി മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും നൽകുന്നതായിരിക്കും ഈ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.