Home Politics അടിത്തറ തകർന്ന് യു ഡി എഫ് ; മത തീവ്രവാദി കൂട്ടുകെട്ട് വ്യാപിപ്പിക്കുന്നു

അടിത്തറ തകർന്ന് യു ഡി എഫ് ; മത തീവ്രവാദി കൂട്ടുകെട്ട് വ്യാപിപ്പിക്കുന്നു

SHARE

മതരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫേർ പാർട്ടിയുമായി യോജിച്ച് തദ്ദേശ സ്വയം ഭരണസമിതി തെരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫ്. പ്രാദേശിക തലത്തിൽ എന്ത് വിട്ടുവീഴ്ച ചെയ്തും എൽ ഡി എഫ് വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കണമെന്ന് വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട ഐക്യം വളർത്താനും എസ് ഡി പി ഐ , പി ഡി പി എന്നീ വർഗീയ പാർട്ടികളുമായി പുതുതായി ബന്ധമുണ്ടാക്കാനുമാണ് ധാരണ.
എല്ലാ വിഭാഗീയ പാർട്ടികളും സംഘടനകളുമായി സഖ്യം ഉറപ്പിക്കാൻ മുസ്ലീം ലീഗിനെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു – അതിന് ഔപചാരികമായി അംഗീകാരം നൽകുകയാണ് സംസ്ഥാന നേതൃയോഗം ചെയ്തത്. ഈ പാർട്ടികളെ യു ഡി എഫിൽ ചേർക്കാതെ സീറ്റടിസ്ഥാനത്തിലുള്ള നീക്കുപോക്കിലൂടെയാണ് കൂട്ടുകെട്ടുണ്ടാക്കുക. ഫലത്തിൽ ഒരേ മുന്നണിതന്നെ.
കോൺഗ്രസിൽ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ ടക്കം പ്രബലമായ ഒരു വിഭാഗം വെൽഫേർ പാർട്ടിയുമായി അടുക്കുന്നതിന് എതിരാണ്. മുസ്ലീം ലീഗിലും സമസ്ത സുന്നി അനുകൂലികൾ ജമാ അത്തെ ഇസ്ലാമി ബന്ധം അംഗീകരിക്കുന്നവരല്ല. ആർ എസ് പി ബേബിജോൺ പക്ഷത്തിനുമുണ്ട് ഇക്കാര്യത്തിൽ വിയോജിപ്പ്. എന്നാൽ, കേരളാ കോൺഗ്രസ്-എം കൂടി ഇടതുപക്ഷത്തേക്ക് പോയ സാഹചര്യത്തിൽ ഇത്തരമൊരു വിശാല കൂട്ടുകെട്ട് അനിവാര്യമാണെന്നാണ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ.
ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണം അടിസ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ച മൗദൂദിസ്റ്റ് പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പഴയ ചുവരെഴുത്ത് അതിന്റെ ആദ്യ വിദ്യാർത്ഥി സംഘടനയായ സിമിയുടേതായിരുന്നു. ഭീകരവാദി ലിസ്റ്റിൽ പെട്ട അതിന്റെ പ്രവർത്തനം നിരോധിച്ചതോടെയാണ് പേര് മാറ്റി പോളിഡാരിറ്റി സംഘടന ഉണ്ടാക്കിയത്. ആയുധ പരിശീലനം ഇല്ലെന്നതൊഴിച്ചാൽ ആർ എസ് എസ്സിനു സമാനമാണ് ആ പാർട്ടിയുടെ വർഗീയത. ഭരണതലത്തിൽ ജനാധിപത്യ സംവിധാനംപോലും അതിന്റെ ആശയ സംഹിതാ പരിധിക്ക് പുറത്താണ് .
കോൺഗ്രസ്സിന്റെ പഴയ ദേശീയ പ്രക്ഷോഭ പാരമ്പര്യത്തോട് കൂറുപുലർത്തുന്ന വി എം സുധീരൻ ഉൾപ്പെടെയുള്ള ഒട്ടേറെ നേതാക്കൾ അവിഹിത രാഷ്ട്രീയ കൂട്ടുകെട്ടിൽ അമർഷമുള്ളവരാണ്. പക്ഷേ, തെരഞ്ഞെടുപ്പിൽ അത്ര പരിശുദ്ധിയൊന്നും നോക്കേണ്ടെന്ന് വാദിക്കുന്നവരാണ് ഭാരവാഹികളിൽ ഏറെയും. ആരുമായി ചേർന്നിട്ടായാലും അധികാരം നേടണമെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മുൻകൈയെടുത്താണ് മുസ്ലീം ലീഗ് വഴി മറ്റു വിഭാഗീയ കക്ഷികളുമായി ബന്ധമുറപ്പിച്ചത്. ജമാ അത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുൾ അസീസുമായി യു ഡി എഫ് സംസ്ഥാന ചെയർമാൻ കൂടിയായ എം എം ഹസ്സൻ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയായിരുന്നു അതിന് അദ്ദേഹത്തെ നിയോഗിച്ചത്.
കേരളാ കോൺഗ്രസ് എം കൂടി മുന്നണി വിട്ടു പോയതോടെ യു ഡി എഫ് കടുത്ത പരാജയ ഭീതിയിലാണ്. ത്രിതല പഞ്ചായത്ത് – നഗരസഭാ തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള സ്വാധീനവും പലേടത്തും നഷ്ടപ്പെടും. അത്തരം മേഖലകളിൽ കോലീബി സഖ്യത്തിനും ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.