Home Politics ഭരണത്തുടർച്ച ഉറപ്പ് , മദ്ധ്യകേരളത്തിലും എൽ ഡി എഫ് അജയ്യശക്തിയാവും

ഭരണത്തുടർച്ച ഉറപ്പ് , മദ്ധ്യകേരളത്തിലും എൽ ഡി എഫ് അജയ്യശക്തിയാവും

SHARE

കെ വി

കേരളാ കോൺഗ്രസ് – എം കൂടി മുന്നണി മാറി ഇപ്പുറത്തെത്തിയതോടെ എൽ ഡി എഫ് ഭരണത്തുടർച്ച ഉറപ്പായി. മദ്ധ്യകേരളത്തിൽ യു ഡി എഫിനെ താങ്ങി നിർത്തിയിരുന്ന പ്രബലശക്തിയാണ് ജോസ് കെ മാണിയുടെ പാർട്ടി. മലബാറിൽ ചില ജില്ലകളിൽ മുസ്ലീം ലീഗിന്റെ ജനസ്വാധീനംകൊണ്ടാണ് കോൺഗ്രസ് തകർച്ച മറച്ചുവെച്ചുപോരുന്നത്. അതേപോലെയായിരുന്നു മദ്ധ്യകേരളത്തിലും പഴയ തിരുവിതാംകൂർ മേഖലയിൽ ചില ജില്ലകളിലും കേരളാ കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയും. എന്നാൽ 38 വർഷത്തിനുശേഷം ആ ബന്ധംവിട്ട് ഇടംമാറിയതോടെ അത്രയും ജനപിൻബലം ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ പൊതുസമ്മതിക്ക് കരുത്തേറ്റുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ പ്രധാന കക്ഷിയാണ് അതിൽനിന്ന് വിട്ടുപോരുന്നത്. നേരത്തേ എം പി വീരേന്ദ്രകുമാർ നയിച്ച ജനതാദളും സഖ്യം വേർപെടുത്തിയിരുന്നു. വീരേന്ദ്രകുമാറിനെപോലെ, യു ഡി എഫ് നൽകിയ രാജ്യസഭാംഗത്വമടക്കം രാജിവെച്ചുകൊണ്ടാണ് ജോസ് കെ മാണിയും പുതിയ രാഷ്ട്രീയ നിലപാടിലേക്ക് മാറിയത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനം, കർഷക സുരക്ഷ ഉൾപ്പെടെയുള്ള ജനക്ഷേമ നടപടികൾ, ഉറച്ച വർഗീയ വിരുദ്ധ നയം എന്നിവയിലൂന്നിയ എൽ ഡി എഫ് മുന്നേറ്റം ഇരു പാർട്ടിയും സ്വയമേവ അംഗീകരിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമ നിർമാണത്തിനെതിരെ പാർലമെന്റിനു മുന്നിൽ എം പി മാർ ഈയിടെ നടത്തിയ സമരത്തിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നു. നിയമസഭയിൽ സർക്കാറിനെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ കേരളാ കോൺഗ്രസ്-എം അംഗങ്ങൾ വിട്ടുനിൽക്കുകയുമുണ്ടായി. പിന്നീട് കോട്ടയത്ത് സംസ്ഥാന നേതൃയോഗം ചേർന്നാണ് എൽ ഡി എഫിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സുചിന്തിതമായ തീരുമാനമാണ് തങ്ങൾ കൈക്കൊണ്ടതെന്ന് പത്രസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് അവരുടെ അഭ്യർത്ഥന മാനിച്ചാണ് എൽ ഡി എഫ് സംസ്ഥാന കമ്മിറ്റി ചേർന്ന് കേരളാ കോൺഗ്രസ് – എമ്മിനെ മുന്നണിയിൽ ഘടക കക്ഷിയാക്കുന്നത്. യു ഡി എഫിന്റെ അടിത്തറ തകർക്കുന്നതാണ് ഈ തീരുമാനം. സകല വർഗീയ സംഘടനകളുമായും പിന്തിരിപ്പൻ പാർട്ടികളുമായും കൂട്ടുകെട്ടുണ്ടാക്കിയാലും വലതു മുന്നണി ഇനി രക്ഷപ്പെടില്ല.
നിലവിലുള്ള നിയമസഭയിൽ യു ഡി എഫിന് മലപ്പുറം ജില്ല കഴിഞ്ഞാൽ താരതമ്യേന അംഗസംഖ്യയിൽ മെച്ചപ്പെട്ട പ്രാതിനിധ്യമുള്ളത് കോട്ടയം, എറണാകു ളം, പത്തനംതിട്ട , ഇടുക്കി എന്നീ ജില്ലകളിൽനിന്നാണ്. എൽഡിഎഫിന് 91 സീറ്റാണുള്ളത്. സിപിഐ എം- 59, സിപിഐ- 19, ജെഡിഎസ്- 3, എൻസിപി- 2, കോൺഗ്രസ് (എസ്)- 1, കേരള കോൺഗ്രസ് (ബി)- 1, ഐഎൻഎൽ- 1, സ്വതന്ത്രർ- 5 എന്നിങ്ങനെയാണ് അംഗബലം. യുഡിഎഫിന് 40 സീറ്റും. കോൺഗ്രസ്- 21, മുസ്‌ലിംലീഗ്- 18, കേരള കോൺഗ്രസ് (എം)- 5, കേരള കോൺഗ്രസ് (ജേക്കബ്)- 1. കേരള ജനപക്ഷം- 1, ബിജെപി- 1 എന്നിങ്ങനെയാണ് കക്ഷിനില. ആലപ്പുഴ കുട്ടനാട്ടിലെയും മലബാറിൽ കുടിയേറ്റപ്രദേശങ്ങൾ വരുന്ന മണ്ഡലങ്ങളിലെയും ചില സീറ്റുകളും യു ഡി എഫ് അന്ന് നേടിയിരുന്നു. കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാണിതൊക്കെ. ഈ മേഖലയിൽ തദ്ദേശ ഭരണ സമിതി തെരഞ്ഞെടുപ്പിലും നേരത്തേ യു ഡി എഫി നായിരുന്നു കൂടുതൽ നേട്ടം. ഇനി ആ കുത്തക തകരും. എൽ ഡി എഫ് നില കൂടുതൽ ഭദ്രമാക്കുമെന്നും തീർച്ചയാണ്. മാത്രമല്ല, ബഹുജനങ്ങൾക്കിടയിലെ പൊതു രാഷ്ട്രീയ പ്രവർത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും ഈ മാറ്റത്തിന്റെ നല്ല പ്രതിഫലനമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.