Home Politics കേന്ദ്രഭരണത്തിന്റെ തണലിൽ അഴിമതിയുടെ പേക്കുത്ത്; കൈയ്യിട്ടു വാരിയും തട്ടിയെടുത്തും ബിജെപി നേതാക്കൾ

കേന്ദ്രഭരണത്തിന്റെ തണലിൽ അഴിമതിയുടെ പേക്കുത്ത്; കൈയ്യിട്ടു വാരിയും തട്ടിയെടുത്തും ബിജെപി നേതാക്കൾ

SHARE

കേന്ദ്രഭരണത്തിന്റെ തണലിൽ കേരളത്തിൽ ബിജെപി നടത്തുന്ന അഴിമതികൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോടെക്‌നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറ‍ഞ്ഞ് കുമ്മനം അടക്കമുള്ള കേരളത്തിലെ ബിജെപി നേതാക്കൾ നടത്തിയ തട്ടിപ്പാണ് അവസാനമായി പുറത്തു വരുന്നത്. ആറന്മുള സ്വദേശിയായ ഹരികൃഷ്ണനിൽ നിന്ന് പലപ്പോഴായി 30 ലക്ഷത്തോളം രൂപയാണ് കുമ്മനം അടക്കമുള്ളവർ തട്ടിയത് എന്നാണ് കേസ്.കേന്ദ്രത്തിലെ ഭരണ സ്വാധിനം ഉപയോ​ഗിച്ച് കേരളത്തിൽ ബി​​ജെപി നേതാക്കൾ വലിയ കൊള്ളയാണ് നടത്തുന്നതെന്ന് സമീപകാലത്തെ നിരവധി കേസുകളിൽ നിന്ന് വ്യക്തം.

മെഡിക്കൽ കോളേജ് അഴിമതി

പുതിയ മെഡിക്കല്‍ കോളജുകൾക്ക് കേന്ദ്രാനുമതി നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ചില മുതലാളിമാരില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന് കേരളത്തിലെ ബിജെപി നേതൃത്വം ആരോപണം നേരിട്ടിരുന്നു. 2017 ലാണ് ഇതു സംബന്ധിച്ച വസ്തുതകൾ പുറത്തു വന്നത്. ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്ന എം ടി രമേശിനെതിരെയാണ് ആരോപണം ഉണ്ടായത്. ബി ജെ പി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കോഴ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ഇതിന്റെ പേരില്‍ ഒരാളെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു. 5.60 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്.

അംഗീകാരം നേടിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി നേതാക്കൾ വഞ്ചിച്ചുവെന്ന വർക്കല എസ് ആർ എജുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ ഷാജി നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് ഇത് പുറംലോകമറിയുന്നത്.

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ സ്വകാര്യ മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വാര്‍ഷിക അംഗീകാരം കിട്ടാന്‍ ആദ്യഗഡുവായി 5.60 കോടി രൂപ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിന് നല്‍കിയെന്ന് ബിജെപി സംസ്ഥാനകമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ പണം ഡല്‍ഹിയിലെത്തിയത് കുഴല്‍പ്പണം വഴിയാണ്. ഇതില്‍ പാര്‍ടി സംസ്ഥാന അധ്യക്ഷന്റെ ഡല്‍ഹി പ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു.

ജൻ ഔഷധി അഴിമതി

മെഡ‍ിക്കൽ കേ‍ാളജ് കേ‍ാഴവിവാദം കത്തിനിൽക്കേയാണ് പ്രധാനമന്ത്രിയുടെ ജൻ ഔഷധി പദ്ധതി നടത്തിപ്പിലും സംസ്ഥാനത്ത് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പദ്ധതിയായിരുന്നു ജൻ ഔഷധി. ഇതുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നതായി സംഘപരിവാറിനുള്ളില്‍തന്നെ ആക്ഷേപമുണ്ടായി. ഒരു ജൻഔഷധി ഷേ‍ാപ്പിന് നാലുലക്ഷം രൂപവരെ ‘സംഭാവന” വാങ്ങുന്നതായാണ് ആരേ‍ാപണമുണ്ടായത്.

സൈന്യത്തിൽ ചേരാൻ കോഴ

ഇതിനിടയിൽ സൈന്യത്തില്‍ ചേര്‍ക്കാന്‍ ആര്‍എസ്എസുകാരില്‍നിന്ന് കോഴ വാങ്ങിയതിന് ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്ത സംഭവം പുറത്തു വരുന്നത്. മലബാറിലെ അഞ്ചു ജില്ലകളുടെ ചുമതലക്കാരനായ മേഖല സെക്രട്ടറി എം പി രാജനെതിരെ കുറ്റ്യാടി പൊലീസാണ് കേസെടുത്തത്.

സ്ഥാനാർഥികൾക്ക് പാർട്ടി നൽകിയ തുകയും മുക്കി

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ ഓരോരുത്തര്‍ക്കുമായി ഒരുകോടി രൂപവരെ കേന്ദ്രനേതൃത്വം നല്‍കിയെന്നും അതിലൊരു പങ്ക് ഇവിടത്തെ നേതാക്കള്‍ മുക്കിയെന്നുമാണ് ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന മറ്റൊരു അഴിമതി ആക്ഷേപം. തൊഴില്‍മേള, ജലസംരക്ഷണം തുടങ്ങി കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ നടത്തിവരുന്ന പരിപാടികളിലും വന്‍ തട്ടിപ്പും വെട്ടിപ്പും ഉണ്ടായിരിക്കുന്നു. വ്യാജരസീത് ഉപയോഗിച്ച് വന്‍ പണപ്പിരിവ്, സഹകരണ നിയമനത്തില്‍ അഴിമതി ഇങ്ങനെ ആക്ഷേപങ്ങള്‍ നിരവധി. ഇതേപ്പറ്റിയെല്ലാം ബിജെപിക്കുള്ളില്‍ അന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമവാര്‍ത്തകള്‍. ഈ കൂട്ടകുംഭകോണം ബിജെപിയുടെ തനിനിറം നാടിനെ ബോധ്യപ്പെടുത്തുന്നു.

കള്ളനോട്ടടിച്ച ബിജെപി നേതാക്കൾ

കള്ളനോട്ടടിച്ച് അഴിക്കുള്ളിലായ സംഘപരിവാര്‍ നേതാക്കളും കേരളത്തിലുണ്ട്. തൃശൂര്‍ ജില്ലയിലെ മതിലകത്ത് ബിജെപി നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടും കമ്മട്ടവും മഷിയും പേപ്പറും പൊലീസ് പിടിച്ചിരുന്നു. ബിജെപി കയ്പമംഗലം നിയോജകമണ്ഡലം നേതാവ് രാജീവ് ഉള്‍പ്പെടെ അരഡസന്‍ സംഘപരിവാര്‍ കേസരികള്‍ കള്ളനോട്ടടിച്ചതിന് ജയിലിലാണ്.

കരളത്തിൽ ഇത്തരിത്തിൽ പിടിക്കപ്പെടുന്നു അപ്പോൾ ഈ കൊള്ളയുടെ ദേശീയ വ്യാപ്തി എത്ര വലുതായിരിക്കും. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ഏര്‍പ്പെടുത്തേണ്ട അഴിമതിയാണിത്. കേരളത്തില്‍ പുറത്തുവന്നത് വലിയൊരു മഞ്ഞുമലയുടെ ഒരറ്റംമാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.