Home Newspool അഴീക്കോട് സ്‌കൂൾ കോഴ: കെ എം ഷാജി കുടുങ്ങും, ചോദ്യം ചെയ്യൽ ഉടൻ, കെ പി...

അഴീക്കോട് സ്‌കൂൾ കോഴ: കെ എം ഷാജി കുടുങ്ങും, ചോദ്യം ചെയ്യൽ ഉടൻ, കെ പി എ മജീദിനെ ചോദ്യം ചെയ്തു

SHARE

അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ മുസ്ലിംലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയെ രണ്ടാഴ്ചക്കുള്ളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കെ എം ഷാജി എംഎല്‍എ അടക്കം 30 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു. നവംബർ പത്തിന് കോഴിക്കോട് ഇ ഡി നോര്‍ത്ത് സോണ്‍ ഓഫീസിലായിരിക്കും ഷാജിയെ ചോദ്യം ചെയ്യുക.
അതിനിടെ, കെ എം ഷാജിക്കെതിരായ കോഴക്കേസിൽ മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെ ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് മൂന്നുമണിയോടെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങുകയും ഇത് ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നുമാണ് പരാതി. ഈ പരാതിയിലാണ് ചോദ്യം ചെയ്തതത്.
മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇ ഡി ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. നൗഷാദ് പൂതപ്പാറയ്‌ക്കൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. പരാതിയുമായി ബന്ധപ്പെട്ട മൊഴി രേഖപ്പെടുത്തുന്നതിനാണ് ഇവർക്ക് നോട്ടീസ് അയച്ചത്.
ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എംഎൽഎ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ് ഐ ആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്. എം എല്‍ എയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് തലശേരി കോടതിയിൽ സമർപ്പിച്ച എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.