Home Newspool പി ടി തോമസ് കുടുങ്ങും, വീഡിയോ പരിശോധിക്കാൻ ഇ ഡി, അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

പി ടി തോമസ് കുടുങ്ങും, വീഡിയോ പരിശോധിക്കാൻ ഇ ഡി, അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

SHARE

കള്ളപ്പണ ഇടപാടിലൂടെ കൊച്ചിയിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച ഭൂമാഫിയക്ക് കൂട്ടുനിന്ന പി ടി തോമസ് എംഎൽഎക്കെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌‌. ഇതിന്റെ ഭാഗമായി കള്ളപ്പണം കൈമാറുന്ന സമയത്തുള്ള വീഡിയോ ദൃശ്യങ്ങൾ ഉടൻ ഇ ഡി അന്വേഷണസംഘം പരിശോധിക്കും. ഇതിനുശേഷം പി ടി തോമസിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ്‌ ഇ ഡിയുമായി ചർച്ച നടത്തിയിരുന്നു.
ഇടപ്പള്ളി അഞ്ചുമനയില്‍ നാല് സെന്റ് സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി ടി തോമസ് എംഎല്‍എ മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ പി ടി തോമസ് ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു കോടി മൂന്ന് ലക്ഷം രൂപക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. എന്നാല്‍എം.എല്‍.എ. ഇടപെട്ട് ഇത് 80 ലക്ഷമാക്കുകയായിരുന്നു.
പണം കൈമാറാൻ കൊണ്ടു വന്ന റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണനെ ആദായ നികുതി വകുപ്പ്‌ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് കേസിന്റെ വിവരങ്ങൾ ഇ ഡിയുമായി ചർച്ച ചെയ്തിരുന്നു. ഇതിലാണ് സംഭവസമയത്തെ വിഡിയോദൃശ്യങ്ങൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌‌ തീരുമാനിച്ചത്. പി ടി തോമസ് സ്ഥലത്തെത്തിയ സമയം മുതൽ പണം കൈമാറുന്നതുവരെയുള്ള ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ രാജീവന്റെ പക്കലുണ്ടെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല റെയ്ഡ് നടത്തുമ്പോൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതും ഇ ഡി പരിശോധിക്കും. കള്ളപണ ഇടപാടാണ്‌ നടന്നതെന്ന്‌ ബോധ്യമുണ്ടായിട്ടും ഇടപെട്ടതിന്‌ പി ടിക്ക് ഉത്തരം നൽകേണ്ടി വരും. കൂടാതെ വി എസ്‌ രാമകൃഷ്‌ണനെ പരിചമുണ്ടെന്ന്‌ എംഎൽഎ തന്നെ തുറന്നു സമ്മതിച്ചിരുന്നു. രാമകൃഷ്‌ണന്റെ കള്ളപ്പണ ഇടപാടുകളുമായി എംഎൽഎയ്‌ക്ക്‌ ബന്ധമുണ്ടോയെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ഇ ഡി കേസെടുത്താൽ സംഭവസ്ഥലത്തുണ്ടായിരുന്ന പി ടി തോമസ്‌ എംഎൽഎയെ ചോദ്യം ചെയ്യും. പ്രിവൻഷൻ ഓഫ്‌ മണി ലോൻഡറിങ് ആക്‌ട്‌ പ്രകാരമാണ്‌ ഇ ഡി കേസെടുക്കുക. ഒരു കോടിയോളം രൂപയുടെ സാമ്പത്തിക കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും ഇക്കാര്യം പോലീസിനെയോ ആദായനികുതി വകുപ്പിനെയോ അറിയിക്കാതെ എംഎൽഎയുടെ നടപടി കടുത്ത സാമ്പത്തിക കുറ്റമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ പറയുന്നു.
അതിനിടെ, കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കോന്നി എംഎല്‍എയുമായ കെ യു ജനീഷ്‌കുമാറാണ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പി ടി തോമസ് എംഎല്‍എ കൂട്ട് നിന്ന് നടത്തിയിട്ടുള്ള കള്ളപണ ഇടപാട് നിയമവിരുദ്ധവും ചട്ടങ്ങള്‍ക്ക് യോജിക്കാത്തതുമാണ്. കേരള നിയമ സഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അനുബന്ധം II നിഷ്‌കര്‍ഷിച്ച പ്രകാരം അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങളും പൊതുവായ സദാചാരതത്വങ്ങളും പി ടി തോമസ് ലംഘിച്ചതായും പരാതിയില്‍ പറഞ്ഞു. ചട്ടലംഘനത്തോടൊപ്പം ഇന്‍കംടാക്‌സ് ആക്ട് 269 എസ് ടി വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കും പി ടി തോമസ് നേതൃത്വം നല്‍കിയതായും പരാതിയില്‍ പറയുന്നു. പി ടി തോമസ്‌ എംഎൽഎയുടെ സ്വത്ത്‌ വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി നേരത്തെ ഇ ഡിക്കും ആദായനികുതിവകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.