Home India കോർപ്പറേറ്റ് ഫണ്ടു പിരിവ് : സർവകാല റെക്കോഡിൽ ബി ജെ പി , ഏഴുവർഷത്തിനകം 2319...

കോർപ്പറേറ്റ് ഫണ്ടു പിരിവ് : സർവകാല റെക്കോഡിൽ ബി ജെ പി , ഏഴുവർഷത്തിനകം 2319 കോടി രൂപ

SHARE

കെ വി

എം എൽ എ മാരെ ചാക്കിട്ടുപിടിച്ച് സംസ്ഥാനങ്ങളിൽ ഭരണമുറപ്പിക്കാനും കോൺഗ്രസ് നേതാക്കളെ വശത്താക്കാനും ബി ജെ പി ഒഴുക്കുന്ന ദശലക്ഷക്കണക്കിനുകോടി രൂപ സമാഹരിക്കുന്നത് വൻകിട കുത്തക കോർപ്പറേറ്റ് കമ്പനികളിൽനിന്ന്. അദാനി , അംബാനിമാർ ഉൾപ്പെടുന്ന അതിസമ്പന്ന വ്യവസായ- ബിസിനസ് കമ്പനികളിൽനിന്ന് നരേന്ദ്ര മോദിയുടെ ഭരണത്തിൽ ബി ജെ പി വാങ്ങിയ സംഭാവന 2319 കോടി രൂപയാണ്. മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയുടെ കാലത്തും കേന്ദ്രം ഭരിച്ച ഒരു പാർട്ടിയും ഇത്രയും ഭീമമായ തുക കൈപ്പറ്റിയിട്ടില്ല.


അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എ ഡി ആർ ) ഔദ്യോഗികമായി വിവരശേഖരണം നടത്തി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കോർപ്പറേറ്റ് സംഭാവന സംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ. മാതൃഭൂമി ദിനപത്രം ശനിയാഴ്ച പത്താം പേജിൽ വിശദമായ കണക്കുകളോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കോർപ്പറേറ്റുകളിൽ നിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ 82 ശതമാനവും കിട്ടിയത് ബി ജെ പിക്കാണ് – 2319 കോടി രൂപ. ഈ കാലയളവിൽ രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റുകൾ നൽകിയ ആകെ സംഭാവന 2818.05 കോടി രൂപയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനുമുൻപും ഒപ്പവും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംഘപരിവാർ ഫണ്ട് വാരിക്കോരി ചെലവഴിച്ചിരുന്നു. ഹിന്ദുത്വ അനുഭാവമുളളവരെ സ്ഥാനാർത്ഥികളാക്കാനും ജയിപ്പിക്കാനും കോൺഗ്രസ് അടക്കമുള്ള കക്ഷികൾക്ക് ഇടനിലക്കാർ മുഖേന ഫണ്ട് നൽകിയിരുന്നുവെന്നാണറിവ്. ബംഗ്ലൂരിലും ഗോവയിലും മദ്ധ്യപ്രദേശിലും ബി ജെ പിപക്ഷത്തേക്കുള്ള എം എൽ എ മാരുടെ കാലുമാറ്റം എളുപ്പമാക്കിയത് ഈ തന്ത്രമായിരുന്നു. പുതിയ നിയമസഭകളിലേക്ക് ജയിച്ചുകയറിയ അംഗങ്ങളിൽ ബി ജെ പി ക്കാർ കുറവായിട്ടും മന്ത്രിസഭാ രൂപീകരണത്തിന് അവകാശമുന്നയിച്ചതും തങ്ങൾ നേരത്തേ ഉന്നംവെച്ച ചിലർ പിന്തുണയ്ക്കു മെന്ന മുൻധാരണ ഉള്ളതുകൊണ്ടായിരുന്നുതാനും. വിലപേശൽ നടത്തിയ കോൺഗ്രസ് എം എൽ എമാരിൽ പലരെയും മന്ത്രി സ്ഥാനം നൽകിയാണ് മെരുക്കിയത്. ചിലരെ മറ്റു പദവികളിൽ അവരോധിച്ചു ; അധികം പേരെയും സ്വാധീനിച്ചത് കോടിക്കണക്കിന് രൂപ കൊടുത്തായിരുന്നു
രാഷ്ട്രീയ പാർട്ടികൾക്ക് സമീപ വർഷങ്ങളിൽ ഏതെങ്കിലും വ്യക്തിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ 20000 രൂപയിൽ കൂടുതൽ ലഭിച്ച സംഭാവനകൾ പരിശോധിച്ചാണ് എ ഡി ആർ റിപ്പോർട്ട് തയ്യാറാക്കിയത്. കോൺഗ്രസിനും ബി ജെ പിക്കും കൂടുതൽ ഫണ്ട് കിട്ടിയത് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ്. കോൺഗ്രസിന് 376.02 കോടി രൂപയാണ് ലഭിച്ചത്. എൻ സി പി – 69.81 കോടി രൂപ , തൃണമൂൽ കോൺഗ്രസ് – 45. 01 രൂപ, സി പി ഐ (എം) – 7.5 കോടി രൂപ , സി പി ഐ – 22 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള സംഭാവന.
ഫണ്ട് കൊടുത്ത കമ്പനികളിൽ പലതിന്റെയും പൂർണ വിവരങ്ങൾ ലഭ്യമല്ലെന്ന് എ ഡി ആർ റിപ്പോർട്ടിൽ പറയുന്നു. 319 ദാതാക്കളുടെ മേൽ വിലാസമില്ല. ചില കമ്പനികൾ പാൻ കാർഡ് വിവരങ്ങളും കൈമാറിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.