Home Articles ഊഹക്കഥകൾ നിർത്താൻ ഹൈക്കോടതി വീണ്ടും ; മാധ്യമങ്ങൾക്ക് ജാള്യം

ഊഹക്കഥകൾ നിർത്താൻ ഹൈക്കോടതി വീണ്ടും ; മാധ്യമങ്ങൾക്ക് ജാള്യം

SHARE

കെ വി

അന്വേഷണ ഘട്ടത്തിൽ കേസ് വിവരം പുറത്തുവിടരുത് – ഹൈക്കോടതി എന്ന തലക്കെട്ടിലാണ് മാതൃഭൂമി ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചത്തെ പത്രത്തിൽ 14-ാം പേജിൽ ചുവടെ ഭാഗത്ത്. ഹൈക്കോടതിയുടെ വിമർശനത്തിൽ സ്വയം ചൂളിപ്പോയത് മറച്ചുവെച്ച് പൊലീസുദ്യോഗസ്ഥരെ പഴിചാരാനുള്ള ശ്രമമാണ് തലക്കെട്ടിൽ. എന്നാൽ വാർത്തയിലെ ഉള്ളടക്കത്തിൽ ഒരു വാചകമൊഴികെ മുഴുവനും മാധ്യമങ്ങൾ ഇപ്പോൾ തുടർന്നുവരുന്ന ഊഹാപോഹ പ്രചാരണത്തിനെതിരെയുള്ള ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ്. അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതികൾ നൽകുന്ന മൊഴികൾ ആധികാരിക തെളിവുകളെന്ന നിലയ്ക്ക് അവതരിപ്പിക്കുന്ന വിവരക്കേടിനെയാണ് നീതിപീഠം കൂടുതലായി കുറ്റപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ പ്രതികൾ കൊടുക്കുന്ന മൊഴി ഇന്ത്യൻ തെളിവു നിയമത്തിലെ 24ാം വകുപ്പുപ്രകാരം സാധുതയുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട് കോടതി. തങ്ങൾ ഇപ്പോൾ ചെയ്തുവരുന്ന രീതി തനി അബദ്ധമാണെന്ന് വ്യക്തമാക്കുന്ന തെളിവുനിയമത്തിലെ വ്യവസ്ഥകൾ മാധ്യമ പ്രവർത്തകർ വായിക്കണമെന്ന അഭ്യർത്ഥനയും കോടതി ഉത്തരവിലുണ്ട്.

കേസിന്റെ പ്രാഥമികാന്വേഷണ ഘട്ടത്തിൽ തല്ക്കാല ശല്യങ്ങൾ ഒഴിവാക്കാൻ പ്രതികൾ പലതും പറയും. ഭീഷണിക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങിയാവും അങ്ങനെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് സ്വീകാര്യമായ തെളിവുരേഖയല്ല. എന്നാൽ സ്വർണക്കള്ളക്കടത്തുകേസിലടക്കം പ്രതികളുടെ ഇത്തരം മൊഴികൾ ആസ്പദമാക്കിയാണ് അച്ചടി – ദൃശ്യ മാധ്യമങ്ങൾ നിത്യേനയെന്നോണം നുണപരമ്പര മെനയുന്നതും അന്തിച്ചർച്ച നടത്തുന്നതും. ഈ ശൈലി ആവർത്തിക്കരുതെന്നാണ് കോടതിയുടെ കല്പന.

അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുമ്പോൾ പ്രതികൾ നൽകുന്ന മൊഴികൾ അംഗീകൃത തെളിവല്ലെന്ന് സാധാരണക്കാർക്ക് അറിയില്ല. ഇന്നത്തെ സ്ഥിതിയിൽ നിയമപരമായ തെളിവിന്റെ അടിസ്ഥാനത്തിൽ കോടതി കേസിൽ തീരുമാനമെടുത്താൽ ജനം കോടതിയെ സംശയിക്കും. ഇതിനൊരവസാനം വേണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. മൊഴി ചോർത്തിക്കൊടുക്കുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ചു കൊടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തോട് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചിരിക്കയുമാണ്.

കോടതി മുമ്പാകെ പരിശോധനയിലുള്ള കേസുകളിൽ മാധ്യമ വിചാരണ നടത്തുന്നത് ജഡ്ജിമാരെയും സ്വാധീനിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠത്തെ സോളിസിറ്റർ ജനറൽതന്നെ ധരിപ്പിച്ചിട്ടുണ്ട്. ഒട്ടും ആശാസ്യമല്ലാത്ത ഈ പ്രവണത അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതിയിൽ എ ജി കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടിരിക്കുന്നത്. നീതിക്ക് നിരക്കാത്ത വിധത്തിൽ പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമ വിചാരണയെ മഹാരാഷ്ട ,മദ്രാസ്,ആന്ധ്ര, ഡെൽഹി ഹൈക്കോടതികളും ഈയിടെ നിശിതമായി അപലപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.