Home Kerala ഉളുപ്പുണ്ടെങ്കിൽ ഈ പണി നിർത്തണം, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ഉളുപ്പുണ്ടെങ്കിൽ ഈ പണി നിർത്തണം, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

SHARE

മാധ്യമങ്ങൾക്കെതിരെ കടുത്ത പ്രഹരമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഇന്നലെ ഉണ്ടായത്. മാധ്യമമുറികൾ കോടതി മുറികളാക്കി അന്തി ചർച്ചയിൽ ജഡ്ജിമാരായ അവതാരകർ നടത്തുന്ന വിധിന്യായങ്ങളെയും. ബ്രേക്കിംഗ് ന്യൂസുകളുടെ ബ്രേക്ക് ഇല്ലായ്മയെയും പൊളിച്ചടുക്കിയാണ് വിധി എഴുതിയിരിക്കുന്നത്. “രാവിലത്തെ പത്രങ്ങൾ വായിക്കുകയും വാർത്താ ചാനലുകൾ കാണുകയും ചെയ്യുമ്പോൾ പ്രതികൾ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ നൽകിയതായി പറയുന്ന കുറ്റസമ്മതം പോലീസ് ചോദിച്ച ചോദ്യങ്ങൾ പ്രതികൾ പറഞ്ഞതായി അനുമാനിക്കുന്ന ഉത്തരങ്ങൾ എന്നിവയൊക്കെ കാണാം. മാദ്ധ്യമങ്ങൾക്ക് ഈ ശകലങ്ങൾ എവിടന്ന് കിട്ടുന്നു എന്നറിയില്ല. കുറ്റാന്വോഷണത്തിൻ്റെ ബാലപാഠങ്ങൾ അറിയുന്ന ഒരാൾ നാണം മൂലം ഈ വാർത്തകളെല്ലാം തള്ളും.തലവാചകങ്ങൾ ഇടുന്നതിനും ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കുന്നതിനും മുമ്പ് ഇന്ത്യൻ തെളിവ് നിയമത്തിൻ്റെ 24 ആം വകുപ്പെങ്കിലും ഒന്ന് വായിച്ചു നോക്കണമെന്നാണ് എനിക്ക് റിപ്പോർട്ടർമാരോടും അവതാരകരോടും പറയാനുള്ളത്. “എന്നാണ് ജഡ്ജ് വിധിന്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മാധ്യമങ്ങളുടെ ഉളുപ്പില്ലാത്ത പ്രവർത്തന ശൈലിയെ രൂക്ഷ വിമർശനത്തിന് വിധേയമാക്കിയ കോടതി വിധിയെ മുൻ നിർത്തി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിപ്പെഴുതി. ഫേസ്ബുക് കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

നാലാംതൂണിന് നാഥനില്ലേ?

‘ആഞ്ഞടിച്ച് ഹൈക്കോടതി ‘ എന്നൊക്കെ ബ്രേക്കിങ്ങ് കൊടുക്കാറുള്ള ചാനലുകൾ എന്തേ ഈ വാർത്ത ഒരു വരി പോലും കൊടുക്കാത്തത്?! കാരണം. ഹൈക്കോടതി ആഞ്ഞടിച്ചത് മാദ്ധ്യമങ്ങൾക്കെതിരെ തന്നെയായിരുന്നു.അതും മാരകമായ പ്രഹരം. ഇന്ന് (15.10.2020) ഒരു കേസിലെ (BA.No. 5390/2020) ജാമ്യ ഉത്തരവിൽ ഹൈക്കോടതി എഴുതിവെച്ചിരിക്കുന്നത് മാദ്ധ്യമങ്ങളുടെ തൊലിയുരിക്കുന്ന വാചകങ്ങളാണ്.
“രാവിലത്തെ പത്രങ്ങൾ വായിക്കുകയും വാർത്താ ചാനലുകൾ കാണുകയും ചെയ്യുമ്പോൾ പ്രതികൾ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ നൽകിയതായി പറയുന്ന കുറ്റസമ്മതം പോലീസ് ചോദിച്ച ചോദ്യങ്ങൾ പ്രതികൾ പറഞ്ഞതായി അനുമാനിക്കുന്ന ഉത്തരങ്ങൾ എന്നിവയൊക്കെ കാണാം. മാദ്ധ്യമങ്ങൾക്ക് ഈ ശകലങ്ങൾ എവിടന്ന് കിട്ടുന്നു എന്നറിയില്ല. കുറ്റാന്വോഷണത്തിൻ്റെ ബാലപാഠങ്ങൾ അറിയുന്ന ഒരാൾ നാണം മൂലം ഈ വാർത്തകളെല്ലാം തള്ളും.

“തലവാചകങ്ങൾ ഇടുന്നതിനും ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കുന്നതിനും മുമ്പ് ഇന്ത്യൻ തെളിവ് നിയമത്തിൻ്റെ 24 ആം വകുപ്പെങ്കിലും ഒന്ന് വായിച്ചു നോക്കണമെന്നാണ് എനിക്ക് റിപ്പോർട്ടർമാരോടും അവതാരകരോടും പറയാനുള്ളത്. ” ജഡ്ജി ഉത്തരവിൽ എഴുതി.അതായത് നിയമത്തിൻ്റെ ബാലപാഠമെങ്കിലുമറിയണം വാർത്ത എഴുതുന്നതിനും വാചകമടിക്കുന്നതിനും മുമ്പ് എന്നർത്ഥം.

“മുരുകേശൻ കേസിൽ ഈ കോടതി തന്നെ ആവിഷ്ക്കരിച്ച തത്വവും വായിക്കണം.” കോടതി പറഞ്ഞു. ഇതൊക്കെ വായിക്കാനും പഠിക്കാനും ആർക്കു നേരം? അജണ്ടകൾക്കും റേറ്റിങ്ങിനുമൊപ്പം ഉറഞ്ഞു തുള്ളുന്നതിനിടയിൽ .

തുടർന്ന് കോടതി പറഞ്ഞ വാചകമെങ്കിലും വായിച്ചിരിക്കുന്നത് മാദ്ധ്യമപ്രവർത്തകർക്ക് നല്ലതാണ്. അതിതാണ്-
” ഞാൻ നേരത്തേ നിരീക്ഷിച്ചതു പോലെ, ഈ കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ പ്രത്യാഘാതം ഗൗരവമായിരിക്കും. ഈ കോടതിക്ക് ക്രിമിനൽ നീതിന്യായ നിർവ്വഹണത്തിൽ നിശ്ശബ്ദ കാഴ്ചക്കാരായിരിക്കാനാവില്ല “. കേട്ടല്ലോ? മാദ്ധ്യമപിത്തലാട്ടങ്ങൾ പരിധി വിട്ടാൽ നിയമമറിയിക്കേണ്ടി വരുമെന്ന്.

ഇതേ ഹൈക്കോടതി ഏതാനും മാസം മുമ്പും മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
” കെട്ടിച്ചമച്ച കിംവദന്തികൾ പ്രചരിപ്പിക്കാനുള്ളതല്ല മാദ്ധ്യമപ്രവർത്തനം. സത്യം പറയലാണ് മാദ്ധ്യമങ്ങളുടെ പണി.ഗോസിപ്പുകൾക്ക് പുറകേ പോകരുത്. വാർത്തകളുടെ ആധികാരികത ഉറപ്പു വരുത്തണം. ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ ജന വിഭാഗത്തിൻ്റെ പ്രതിച്ഛായ മോശമാക്കാനാവരുത് വാർത്ത. തെറ്റായ വാർത്തകൾ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും ജനങ്ങൾ എല്ലാവരും അത് കണ്ടു കൊള്ളുന്ന മെന്നില്ല.”

അടുത്തിടെയാണ് സുപ്രീം കോടതി, ടെലിവിഷൻ ചർച്ചകളിൽ സ്വന്തം അഭിപ്രായം അടിച്ചേല്പിക്കുന്ന, പാനലിസ്റ്റുകളെ സംസാരിക്കാൻ അനുവദിക്കാതെ സ്വയം സംസാരിച്ചുകൊണ്ടേയിരിക്കുന്ന അവതാരകരെ വിമർശിച്ചത്. മുംബൈ , ആന്ധ്ര, ചെന്നൈ ഹൈക്കോടതികളും ഈയിടെ മാദ്ധ്യമങ്ങളുടെ ദുഷ്പ്രചരണത്തിനും സമാന്തര വിചാരണക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ് കേസുകളിൽ മാദ്ധ്യമങ്ങൾ നടത്തുന്ന വിചാരണ ക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വിമർശനമുന്നയിച്ചത്.

ഉന്നത നീതിപീഠങ്ങൾ പോലും മാദ്ധ്യമങ്ങളുടെ വിശ്വാസ്യതക്കു നേരെ ഗൗരവമേറിയ ചോദ്യങ്ങളുയർത്തുമ്പോൾ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും തിരുത്തുമോ?.രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും കച്ചവട താൽപര്യങ്ങൾക്കുമായി മാദ്ധ്യമങ്ങൾ സ്വന്തം വിശ്വാസ്യതകളഞ്ഞു കുളിക്കുന്നതിൻ്റെ നഷ്ടം ജനാധിപത്യത്തിനാണ്. അതവർ തിരിച്ചറിയുമോ? സ്വന്തം വിശ്വാസ്യതക്ക് അവർ സ്വയം വില കല്പിക്കുമോ? ജനങ്ങളോട് ഇനിയെങ്കിലും സത്യസന്ധതയും ഉത്തരവാദിത്തവും പുലർത്തുമോ?

എം.ബി.രാജേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.