Home Politics രാഷ്ട്രീയസമവാക്യം മാറും; യു ഡി എഫ് പരിഭ്രാന്തിയിൽ

രാഷ്ട്രീയസമവാക്യം മാറും; യു ഡി എഫ് പരിഭ്രാന്തിയിൽ

SHARE

ജോസ് കെ മാണിയും പാർട്ടിയും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയിലേക്ക്. കർഷകതാല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഔദ്യോഗിക കേരളാ കോൺഗ്രസ് 38 വർഷത്തെ യു ഡി എഫ് ബന്ധം പൂർണമായി അടർത്തിമാറ്റിയിരിക്കയാണ്. അതും മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് രാജ്യസഭാംഗത്വം ഉൾപ്പെടെ രാജിവെച്ചുകൊണ്ട്. അവഗണനയുടെ നെല്ലിപ്പടി കണ്ട അവസ്ഥയിൽനിന്ന് പാർട്ടിയെ രക്ഷപ്പെടുത്തി നേർവഴിക്ക് നയിക്കാനുള്ള നേതൃത്വ തീരുമാനത്തിൽ ഏറെ ആഹ്ലാദിക്കുക ആ പാർട്ടിയുടെ അണികൾതന്നെയാകും. ഒപ്പം മുന്നണി രാഷ്ടീയത്തിൽ നിർണായക സ്വാധീനമുളവാക്കുന്ന ഈ ചുവടുമാറ്റം സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. മുമ്പൊരു കാലത്തുമില്ലാത്തത്ര മികച്ച സമഗ്ര വികസന പദ്ധതികളും ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോവുന്ന എൽ ഡി എഫ് ഭരണത്തിന് ഇത് കൂടുതൽ കരുത്ത് പകരുമെന്നതാണ് അവരുടെ സന്തോഷത്തിന് കാരണം. സർക്കാരിനെ അട്ടിമറിക്കാമെന്ന മോഹവുമായി കച്ചകെട്ടിയിറങ്ങി മഹാമാരിക്കാലത്തും അക്രമസമരത്തിനൊരുമ്പെട്ട ദുഷ്ട ശക്തികൾക്കാവട്ടെ, ഇത് കനത്ത പ്രഹരമാണ്. അവരുടെ മനക്കോട്ടകൾ തകർത്ത് തരിപ്പണമാക്കിയ ആഞ്ഞടികൂടിയായി ജോസ് കെ മാണിയുടെ പ്രഖ്യാപനം. യു ഡി എഫ് നേതാക്കൾ അങ്ങേയറ്റം ബേജാറിലാണ്ട് മോങ്ങുന്നതും വെറുതെയല്ല .

രാജ്യത്തെ കർഷക ജനകോടികളെ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് അടിയറ വെക്കുന്ന കേന്ദ്ര നിയമ നിർമാണത്തിനെതിരെ പാർലമെന്റിന് മുന്നിൽ എം പി മാർ നടത്തിയ സമരത്തിൽ പങ്കെടുത്ത് ജോസ് കെ മാണി നേരത്തേതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പിണറായി വിജയൻ മന്ത്രിസഭയ്ക്ക് എതിരെ ഈയിടെ നിയമസഭയിൽ യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ അതിൽനിന്ന് വിട്ടു നിന്നതും അദ്ദേഹത്തിന്റെ നേതൃപക്വതയുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നത്. വർഗീയതക്കെതി തിരെയുള്ള എൽ ഡി എഫിന്റെ ശക്തമായ പോരാട്ടത്തിലും ഉറച്ചുനില്ക്കുമെന്ന് ബുധനാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ വോട്ട് ബലാബലത്തിൽ യു ഡി എഫ് കോട്ടകളിൽ വലിയ ഇളക്കമുണ്ടാക്കുന്നതാണ് ഈ ചേരിമാറ്റം.മാത്രമല്ല, ഭാവിയിലെ എല്ലാ പ്രക്ഷോഭവേദികളിലും തന്റെ പാർട്ടിയുടെ സാന്നിധ്യം സജീവമായുണ്ടാകുമെന്നുകൂടിയാണ് ജോസ് കെ മാണി വ്യക്തമാക്കിയത് . ഇത് കേരള രാഷ്ട്രീയത്തിൽ ദീർലകാലാടിസ്ഥാനത്തിൽതന്നെ പുതിയ ചലനങ്ങൾ സൃഷ്ടിക്കും. ഇടതുപക്ഷത്തിന് താരതമ്യേന ജന പിന്തുണ കുറഞ്ഞ മദ്ധ്യകേരളത്തിലെ ചില മണ്ഡലങ്ങളിലും മലബാറിലെ കുടിയേറ്റകേന്ദ്രങ്ങളിലും ഇനി ചിത്രം മാറും.

എൽ ഡി എഫിന് ഭരണത്തുടർച്ച ഉറപ്പായ ഘട്ടത്തിലാണ് പൊള്ളയായ ആരോപണങ്ങളുടെ പുകമറ തീർക്കാൻ യു ഡി എഫ് യാഥാസ്ഥിക വാർത്താമാധ്യമ സ്ഥാപനങ്ങളുടെ പിന്തുണ തേടിയത്. ഇടതുപക്ഷ നയങ്ങളോട് കടുത്ത വൈരമുള്ള കോർപ്പറേറ്റ് കമ്പനികളുടെ നിർലോഭമായ സാമ്പത്തിക സഹായംകൂടി ലഭിച്ചതോടെ പത്രങ്ങളിലും ടി വി ചാനലുകളിലും നുണപ്രചാരണത്തിന്റെ വേലിയേറ്റം തന്നെയുണ്ടായി. അതൊന്നും വലുതായി ഏശിയില്ലെങ്കിലും സാധാരണ ജനങ്ങളെ കുറച്ചൊക്കെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു എന്ന സമാശ്വാസത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അട്ടിമറിസമരത്തിന് കോപ്പുകൂട്ടിയത്. ബി ജെ പി യും അതിനൊപ്പം ചേർന്നതോടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കോ ലീ ബി സഖ്യത്തിനും കളമൊരുക്കി വരികയായിരുന്നു. എന്നാൽ , അത്തരം അവിഹിത സഖ്യത്തിനും മറികടക്കാനാവാത്ത ശാക്തികചേരിയായിത്തീരുകയാണ് എൽ ഡി എഫ്. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് മുന്നണി മാറിയതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവയടക്കം പല ജില്ലകളിലും യു ഡി എഫ് അങ്ങേയറ്റം ദുർബലമാവുകയാണ്.

ത്രിതല പഞ്ചായത്ത് – നഗരസഭാ തെരഞ്ഞെടുപ്പുകൾ വിളിപ്പാടരികെ എത്തി നില്ക്കുമ്പോഴാണ് കേരളാ കോൺഗസ് യു ഡി എഫിനോട് വിട പറഞ്ഞിരിക്കുന്നത്. ഇടതുപക്ഷ – ജനാധിപത്യ മുന്നണിക്ക് തദ്ദേശ ഭരണ സമിതികളിൽ നില ഭദ്രമാക്കാൻ ഇത് സഹായിക്കും. അടുത്ത മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മുന്നേറ്റം നന്നായി പ്രതിഫലിക്കും. കേരളാ കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം മുന്നണിയിലുണ്ടായിരുന്ന 1980 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്ധ്യകേരളത്തിലും കുടിയേറ്റ മേഖലയിലും വൻ വിജയം കൊയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.