Home India ആദ്യം ടോം വടക്കൻ, ഏറ്റവുമൊടുവിൽ ഖുശ്‌ബു, ഒന്നര വർഷത്തിനിടെ കോൺഗ്രസിൽ നിന്നും രാജി വെച്ചത് അഞ്ച്...

ആദ്യം ടോം വടക്കൻ, ഏറ്റവുമൊടുവിൽ ഖുശ്‌ബു, ഒന്നര വർഷത്തിനിടെ കോൺഗ്രസിൽ നിന്നും രാജി വെച്ചത് അഞ്ച് വക്താക്കൾ

SHARE

മനോജ് വസുദേവ്

കഴിഞ്ഞ ഒന്നര വർഷത്തിനിടെ കോൺഗ്രസ് വക്താവ് സ്ഥാനത്തുനിന്നും രാജി വെച്ച് മറ്റു പാർട്ടികളിൽ ചേക്കേറിയത് അഞ്ച് നേതാക്കൾ. ഇതിൽ ബഹുഭൂരിഭാഗവും ചേക്കേറിയത് ബിജെപിയിലും. 2019 മാർച്ചിൽ മലയാളിയും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ ടോം വടക്കനാണ് ആദ്യം വക്താവ് സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. നേതാക്കളുമായ ഭിന്നതയെത്തുടർന്നായിരുന്നു ടോം വടക്കൻ പാർട്ടി വിട്ടത്. ലോകസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകളാക്കു മുമ്പായിരുന്നു കോൺഗ്രസ് ദേശീയ നേതാക്കളെ ഞെട്ടിച്ച് ടോം വടക്കൻ പാർട്ടി വിടുന്നത്. തൊട്ടടുത്ത ദിവസം തന്നെ വടക്കൻ ബിജെപിയിൽ ചേരുകയും ചെയ്തു. രണ്ടര പതിറ്റാണ്ടിലേറെ കാലം കോണ്‍ഗ്രസിന്റെ മീഡിയാ ചാര്‍ജ് വടക്കനായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയും ഇതിനൊപ്പം വടക്കാനായിരുന്നു. ബിജെപിയിൽ എത്തിയതോടെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ നിശിതമായി വിമർശിച്ച ടോം വടക്കൻ അടുത്തിടെയാണ് ബിജെപി ദേശീയ വക്താവായി നിയമിച്ചത്.
വടക്കന്റെ രാജിക്ക് ഒരു മാസം തികയുന്നതിനുമുമ്പ് കോൺഗ്രസ് മീഡിയ സെൽ കൺവീനറും വക്താവുമായ പ്രിയങ്ക ചതുർവേദി രാജി വെച്ച് ശിവസേനയിൽ ചേർന്നു. നേതാക്കളുമായുള്ള അഭിപ്രയഭിന്നത തന്നെയായിരുന്നു ഏവരുടെയും രാജെയ്ക്കും കാരണം. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വക്താവുമായിരുന്ന അജോയ് കുമാറും 2019 ലാണ് പാര്‍ട്ടി വിട്ടത്. സെപ്തംബറിലാണ് അജോയ് കുമാര്‍ ആം ആദ്മിയില്‍ ചേര്‍ന്നത്. എന്നാല്‍ ഈ സെപ്തംബറില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.
2020 ജൂണിലാണ് പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കിയത്. പാർട്ടിയെയും നേതാക്കളെയും വിമർശിച്ചുവെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ഝായെ പുറത്താക്കിയത്. ഇതിനുശേഷം തമിഴ്‌നാട്ടിൽ നിന്നുള്ള വക്താവാണ് ഖുശ്‌ബു. സംഘപരിവാർ നേതാക്കളെയും നേതൃത്വത്തെയും നിശിതമായി വിമർശിച്ചിരുന്ന ഖുശ്‌ബു ഒരിക്കലും കോൺഗ്രസ് വിട്ടുപോകുമെന്ന് കോൺഗ്രസ് നേതാക്കൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഖുശ്ബുവിന്റെ രാജി കോൺഗ്രസ് നേതൃത്വത്തെ ഇത്രയേറെ ഉലച്ചിരിക്കുന്നത്. ഖുശ്ബുകൂടി പോയതോടെ പാര്‍ട്ടി വിടുന്ന വക്താക്കളുടെ എണ്ണം അഞ്ചായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അപ്രതീക്ഷിതമായി കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കുകയും ചെയ്തു. എന്തായാലും പാർട്ടി നേതാക്കളും രാഹുൽ ബ്രിഗേഡിൽ ഉൾപ്പെട്ട നേതാക്കൾ പാർട്ടി വിടുന്നതും കോൺഗ്രസിനെ തളർത്തിയിട്ടുണ്ട്.
നേരത്തെ യുവ നേതാവും രാഹുലിന്റെ വിശ്വസ്തനുമായ ജ്യോതിരാദിത്യസിന്ധ്യ മധ്യപ്രദേശിലെ കോൺഗ്രസിനെ പിളർത്തി ബിജെപിയിൽ ചേക്കേറി. കോൺഗ്രസ് നേതൃത്വത്തെ മാത്രമല്ല, സർക്കാരിന്റെ അടിവേരിളക്കുകയും ചെയ്തു സിന്ധ്യയുടെ രാജി. ഇതിനിടയിൽ രാജസ്ഥാനിൽ മറ്റൊരു യുവനേതാവ് സച്ചിൻ പൈലറ്റ് ഹൈക്കമാന്റുമായി ശീതസമരത്തിലാണ്. കർണാടക, ബീഹാർ, തമിഴ്നാട്, മണിപ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കോൺഗ്രസ് കമ്മിറ്റികളിൽ കടുത്ത ഭിന്നതയും ശീതസമരവും നിലനിൽക്കുന്നു. ഇതാണ് കോൺഗ്രസ് ഹൈക്കമാൻഡിനെ ഏറെ അസ്വസ്ഥമാക്കുന്നത്. ഖുശ്‌ബുവിന്റെ രാജി കൂടിയായതോടെ ഏത് നേതാവ് എപ്പോൾ പാർട്ടി വിട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് നേതാക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.