Home India ജാമ്യത്തിന് രാഖി : കോടതികൾ എങ്ങോട്ട് …

ജാമ്യത്തിന് രാഖി : കോടതികൾ എങ്ങോട്ട് …

SHARE

പീഡനക്കേസിൽ ജാമ്യത്തിന് രാഖി കെട്ടണം – ഇത് അമിത ഹിന്ദുത്വ ലഹരി തലയിൽ കേറിയ ആരെങ്കിലും കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉന്നയിച്ച ആവശ്യമല്ല. മദ്ധ്യപ്രദേശ് ഹൈക്കോടതി പരിഗണിച്ച ഒരു സ്ത്രീപീഡനക്കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് ചുമത്തിയ വ്യവസ്ഥകളിൽ ഒന്നാണ്. അതി വിചിത്രമായ ഈ ജാമ്യ നിബന്ധനക്കെതിരെ അപർണ ഭട്ട് ഉൾപ്പെടെ അതേ ഹൈക്കോടതിയിലെ ഒൻപത് വനിതാ ജഡ്ജിമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.
അയൽക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജഡ്ജി സ്വേഛാനുസരണമുള്ള ഉപാധി വെച്ചത്. പ്രതി ഭാര്യയെയും കൂട്ടി രാഖിയും മധുര പലഹാരങ്ങളുമായി പരാതിക്കാരിയുടെ വീട്ടിൽ പോകണം . പരാതിക്കാരിയോട് പ്രതിയുടെ കൈയിൽ രാഖി കെട്ടാൻ അപേക്ഷിക്കണം – ഇതാണ് കല്പന. ഒപ്പം ഉദാരമായ രണ്ട് വ്യവസ്ഥകൾ വേറെയും. അവ ഇങ്ങനെ: പീഡനത്തിനിരയായ സ്ത്രീക്ക് പ്രതി 11000 രൂപ കൊടുക്കണം; അവരുടെ മകന് വസ്ത്രം വാങ്ങാൻ 5000 രൂപയും.
ഇത്തരം നിബന്ധനകൾ വെച്ചത് നിയമപരമായി ശരിയല്ലെന്നാണ് വനിതാ അഭിഭാഷകർ സുപ്രീം കോടതി മുമ്പാകെ ഹരജിയിൽ ബോധിപ്പിച്ചിരിക്കുന്നത്. പ്രതി ഇരയുമായി വീണ്ടും ബന്ധപ്പെടാൻ ഇത് ഇടയാക്കുമെന്നും ഹരജിയിൽ പറയുന്നു. എന്നാൽ നിയമദൃഷ്ട്യാ സാധുതയില്ലാത്ത സ്വകാര്യ വിശ്വാസങ്ങൾ ഉത്തരവിൽ കടന്നു കൂടിയതിനെയൊന്നും അവർ ചോദ്യം ചെയ്തിട്ടില്ല.
ഈയിടെ സുപ്രധാനമായ ഒരു കേസിൽ തന്നെ ഭഗവദ് ഗീതയിലെ ധർമശാസ്ത്ര കല്പനകൾ സുപ്രീംകോടതിയിലെ ജസ്റ്റിസ് കൗൾ വിധിന്യായത്തിൽ ഉദ്ധരിച്ചിരുന്നു. മതപരമായ കാഴ്ചപ്പാടിന്റെ സ്വാധീനത്തിൽനിന്ന് നീതിപീഠങ്ങൾ അകൽച്ച പാലിക്കണമെന്ന ചർച്ചയും ആ സന്ദർഭത്തിൽ ഉയർന്നുവന്നിരുന്നു. പക്ഷേ, പിന്നെയും നീതിന്യായ സംവിധാനത്തിന്റെ ഉന്നത തലങ്ങളിൽ നിന്നുതന്നെ നല്ലതല്ലാത്ത പ്രവണത ആവർത്തിക്കപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.