Home Politics നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും ശോഭ സുരേന്ദ്രൻ, തൃശൂരിൽ ചേർന്ന യോഗം ബഹിഷ്ക്കരിച്ചു

നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും ശോഭ സുരേന്ദ്രൻ, തൃശൂരിൽ ചേർന്ന യോഗം ബഹിഷ്ക്കരിച്ചു

SHARE

ബിജെപി കേന്ദ്ര നേതൃത്വത്തെയടക്കം വെല്ലുവിളിച്ച് വീണ്ടും ശോഭ സുരേന്ദ്രൻ. പ്രവർത്തനരംഗത്ത് സജീവമാകണമെന്ന് കേന്ദ്രനേതാക്കൾ നിർദ്ദേശിച്ചതിനുപിന്നാലെ കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന മേഖലായോഗം അവർ ബഹിഷ്കരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ഈ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും തുടർന്ന് പ്രവർത്തനങ്ങളിൽ സജീവമാകണമെന്നുമായിരുന്നു കേന്ദ്രമന്ത്രി അമിത്ഷായും ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ശോഭ സുരേന്ദ്രനോട് നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശം മുഖവിലക്കെടുക്കാതെ ശോഭ സുരേന്ദ്രൻ അടക്കം നിരവധി നേതാക്കൾ യോഗം ബഹിഷ്കരിച്ചു.
ബിജെപി കേരള ഘടകത്തിൽ വി മുരളീധരൻ നടപ്പാക്കുന്ന ഏകാധിപത്യ നടപടികളിലും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രവർത്തനശൈലിയിലും ശോഭ സുരേന്ദ്രന് കടുത്ത വിയോജിപ്പുണ്ട്. മാത്രമല്ല, കേന്ദ്ര നിർദ്ദേശം മറികടന്ന് മുരളീധരൻ സ്വന്തമായി കൈക്കൊള്ളുന്ന തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതാക്കൾക്ക് പരാതി നൽകിയിരുന്നു. ഇതിലൊന്നും ഒരു തുടർനടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് വലിയൊരു വിഭാഗം നേതാക്കൾ യോഗം ബഹിഷ്കരിച്ചത്.
ശോഭ സുരേന്ദ്രന് പുറമെ മുതിർന്ന നേതാവും മുൻസംസ്ഥാന പ്രസിഡന്റുമായ സി കെ പത്മനാഭൻ അടക്കമുള്ളവരാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. ഇതിനുപുറമെ കോട്ടയത്ത് ചേർന്ന യോഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണനും ബഹിഷ്കരിച്ചിരുന്നു. സംസ്ഥാനഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ മുരളീധരനുമായി സഹകരിക്കേണ്ടന്ന നിലപാടിലാണ് കൃഷ്ണദാസ് പക്ഷം. ഇവർക്ക് ആർ എസ് എസിന്റെ പിന്തുണയുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് മേഖലായോഗങ്ങൾ ചേരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ മുഴുവൻ സമയവും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോൾ ലംഘനത്തെത്തുടർന്നും ദേശീയ ഭാരവാഹി തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ തഴഞ്ഞതിനെത്തുടർന്നും ബിജെപിയിൽ ഉടലെടുത്ത കലാപം ദിവസം ചെല്ലുംതോറും കൂടുതൽ സങ്കീർണമാകുകയാണ്. അബുദാബിയിൽ മന്ത്രിതല സമ്മേളനത്തിൽ മുരളീധരനൊപ്പം പി ആർ ഏജൻസി ഉടമ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത്‌ വിവാദമായതോടെയാണ്‌ പരസ്യപ്രതികരണത്തിലേക്ക്‌ നീങ്ങിയത്‌‌. ഇവരെ മഹിളാമോർച്ചാ ഭാരവാഹിയാക്കിയത്‌ തർക്കം രൂക്ഷമാക്കി‌. ആരോപണങ്ങൾക്കൊന്നും മുരളീധരൻ മറുപടി പറയാതെ ഒളിച്ചുകളിക്കുന്നതും ചില മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് ഒരു വിഭാഗം നേതാക്കൾക്കെതിരെ വ്യാപക പ്രചാരണം നടത്തുന്നതും ബിജെപിയിൽ കലാപം രൂക്ഷമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.