Home Articles രണ്ട് പെണ്ണുങ്ങൾ

രണ്ട് പെണ്ണുങ്ങൾ

SHARE

മനോജ് വസുദേവ്

കേന്ദ്രം ഭരിക്കുന്നവരെ “മോഡിഫൈ” ചെയ്യാനും ഗ്ലോറിഫൈ ചെയ്യാനും ദേശീയ മാധ്യമങ്ങൾ തങ്ങളുടെ പരിശ്രമങ്ങൾ നിരന്തരം തുടരുമ്പോഴാണ് തനുശ്രീ പാണ്ഡെ, പ്രഗ്യ മിശ്ര എന്ന രണ്ടു സ്ത്രീകൾ ഇന്ത്യൻ മാധ്യമരംഗത്ത് വേറിട്ടുനിൽക്കുന്നത്. ഈ രണ്ട് വനിതാ മാധ്യമപ്രവർത്തകരുടെ ജാഗ്രതയാണ് ഉത്തർപ്രദേശിലെ ഹത്രാസ് എന്ന ഗ്രാമത്തിൽ അരങ്ങേറിയ കൊടുംക്രൂരത ലോകത്തിനുമുന്നിലെത്തിച്ചത്. ആളില്ലാത്ത തുരങ്കപാതയിലൂടെ കൈ വീശി പോകുന്ന നേതാവിന്റെ ഭാവ-ഹാവാദികൾ ഒപ്പിയെടുക്കാൻ മാധ്യമങ്ങൾ കൊണ്ടുപിടിച്ചോടുമ്പോഴാണ് ഇവർ ഹത്രാസിലെ പൊരിവെയിലിൽ അണുകിട ചലിക്കാതെ പൊലീസിന്റെ ഭീഷണിയെ കൂസാതെ സത്യം ലോകത്തോട് വിളിച്ചുപറയുന്നത്. കൊട്ടിഘോഷിച്ചും കെട്ടിയിറക്കിയുമുള്ള പ്രകടനങ്ങളിലൊന്നും ഇവരുണ്ടാകില്ല. പൊലീസിന്റെ അനാസ്ഥയും പട്ടിണിപ്പാവങ്ങളെ കൂടുതൽ പാർശ്വവൽക്കരിക്കുന്ന നടപടികളും ധീരതയോടെ തുറന്നുകാട്ടിയവർ. യോഗി ആദിത്യനാഥിന്റെ പൊലീസ് ഭീകരതയെ കൂസാതെ ഉറച്ചുനിന്നവർ.


രണ്ട് പെണ്ണുങ്ങളാണ് അല്ല മനുഷ്യരാണ് ഹത്രാസിലെ കൊടും ക്രൂരതയും പിന്നീട് മൃതദേഹത്തോടുള്ള പൊലീസിന്റെ അനാദരവും പുറംലോകത്തെത്തിച്ചത്. ഇന്ത്യ ടുഡേയിലെ തനുശ്രീ പാണ്ഡേയും ഭാരത് സമാചാർ എന്ന ചാനലിലെ പ്രഗ്യ മിശ്രയും ആണിവർ. പെൺകുട്ടിയുടെ മൃതദേഹത്തിന്‌ നേരെ സംസ്ഥാന സർക്കാരും ജില്ലാ മജിസ്‌ട്രേട്ട്‌ അടക്കമുള്ള അധികാരികളും പൊലീസും നടത്തിയ അതിക്രമം ബലാൽസംഗക്കാരെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. ഡൽഹിയിൽനിന്ന്‌ ഗ്രാമത്തിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ നടത്താൻ വീട്ടുകാരെ അനുവദിക്കാതെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ രാത്രിതന്നെ സംസ്‌കരിച്ചു. മൃതദേഹം പെൺകുട്ടിയുടെ വീട്ടിലേക്ക്‌ കൊണ്ടുപോകാനും അനുവദിച്ചില്ല.


രാത്രിയിൽ വളരെ രഹസ്യമായി ആ പെൺകുട്ടിയുടെ മൃതദേഹം പെട്രോളും ഡീസലും ചേർത്തൊഴിച്ച് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ച സംഭവം ആ പാതിരാത്രിയിലും തനുശ്രീ ആയിരുന്നു പുറത്തുകൊണ്ടുവന്നത്. സംഭവസ്ഥലത്തുനിന്നും അവരെ ഒഴിവാക്കാൻ പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലം കണ്ടില്ല. പിറ്റേദിവസം കത്തിയമർന്ന പട്ടട തനുശ്രീയിലൂടെ ലോകമറിഞ്ഞപ്പോൾ മനഃസാക്ഷിയുള്ളവരാകെ കരഞ്ഞു.
പ്രഗ്യ മിശ്രയും പോലീസിന്റെയും ജാതിക്കോമരങ്ങളുടെയും ക്രൂരത ഒന്നൊഴിയാതെ പുറത്തുകൊണ്ടുവന്നു. പലരും മാധ്യമശ്രദ്ധക്കായി ഗിമ്മിക്കുകൾ നടത്തുമ്പോൾ പെൺകുട്ടിയുടെ വീടിനു മുന്നിൽ പൊലീസ് തീർത്ത ബാരിക്കേഡിനു മുന്നിൽ കുത്തിയിരിക്കുകയായിരുന്നു പ്രഗ്യ. വലിച്ചുകെട്ടിയ കയറുകൾക്ക് താഴെ കുത്തിയിരുന്ന് അവർ സത്യം വിളിച്ചുപറഞ്ഞു; ഒരു ഭീഷണിയും കൂസാതെ. ഹത്രാസിലെ മേൽജാതിക്കാരുടെ ക്രൂരതകൾ ഒന്നൊഴിയാതെ അവർ തുറന്നുകാട്ടി. ആ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും അവർ പറഞ്ഞു. എന്താണ് ധീരമായ മാധ്യമപ്രവർത്തണമെന്ന് പ്രവൃത്തിയിലൂടെ അവർ കാട്ടിത്തന്നു.

ഉത്തർപ്രദേശിലെ ഹത്രാസ് ഇന്ന് ഇന്ത്യയുടെ മനഃസാക്ഷിക്കുമുന്നിൽ ഒരേ സമയം നടുക്കമായും നൊമ്പരമായും നിൽക്കുകയാണ്. മേൽജാതിക്കാർ ബലാൽസംഗം ചെയ്‌തും ക്രൂരപീഡനങ്ങൾക്ക്‌ ഇരയാക്കിയും കൊലപ്പെടുത്തിയ പത്തൊമ്പതുകാരിയെ ഇപ്പോഴും ജാതിക്കോമരങ്ങളും ഉത്തർപ്രദേശ് സർക്കാരും വേട്ടയാടുകയാണ്. മനുഷ്യത്വമില്ലാത്ത ആകർമികൾക്കു മുന്നിൽ സ്വന്തം ജീവിതം തന്നെ ബലിയർപ്പിക്കേണ്ടിവന്നു ആ പെൺകുട്ടിക്ക്. ഏറ്റവുമൊടുവിൽ അവളുടെ മൃതദേഹത്തോടുപോലും ഉത്തർപ്രദേശ് സർക്കാരും പൊലീസും കാട്ടിയ ക്രൂരതയാകട്ടെ അതിലും വേദനാജനകം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് എന്ത് സംരക്ഷണമാണ് ഈ സർക്കാർ ചെയ്യുക എന്നത് ഉറക്കെ വിളിച്ചുചോദിക്കേണ്ട സമയമാണിത്. ഇത് പറയാൻ രണ്ട് വനിതാ മാധ്യമ പ്രവർത്തകർ വേണ്ടിവന്നു. നമ്മുടെ നാട്ടിലും ഉയർന്നുവരേണ്ടതുണ്ട് ഇത്തരം ബദൽ മാധ്യമ സംസ്കാരം.


നല്ല മുഖമുണ്ടെന്ന് ചമഞ്ഞ് നടക്കുന്ന മലയാള മാധ്യമങ്ങളും ഇതുകാണണം. ‘സെലിബ്രിറ്റികളെ’ പൊക്കികൊണ്ടുനടക്കുന്ന, അവരുടെ വിശേഷങ്ങൾ മാത്രം വിളമ്പുന്ന ആളുകൾ ഇത് കണ്ടുപഠിക്കണം. മൈലേജിനും ആളെക്കൂട്ടാനും വേണ്ടി വാർത്തകളിൽ സ്വന്തം താല്പര്യങ്ങൾ കുത്തിച്ചേർത്ത് ‘ഇളക്കം’ ഉണ്ടാക്കുന്ന അഭിനവ മാധ്യമ സിംഹങ്ങൾ ഇത് കണ്ടുപഠിച്ചേപറ്റു. തെറ്റ് തിരുത്താൻ പറഞ്ഞാൽ, തെറ്റ് ചൂണ്ടിക്കാട്ടിയാൽ സൈബർ ബുള്ളിയിങ്ങെന്ന് വലിയ വായിൽ വിളിച്ചുമോങ്ങുന്ന അവതാരക- എഴുത്തുജഡ്ജിമാർക്ക് മുഖമടച്ചുള്ള പ്രഹരം തന്നെയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.