Home Articles മനുഷ്യപ്പറ്റ് വേണ്ടേ അല്പമെങ്കിലും …

മനുഷ്യപ്പറ്റ് വേണ്ടേ അല്പമെങ്കിലും …

SHARE

-കെ വി

കഷ്ടം വെക്കാനെങ്കിലും ഒരു മൂക്ക് വേണം – കവിവചനമാണ്. ആരുടെ വാക്കുകൾ എന്നോർമ്മയില്ല. മനുഷ്യ മനസ്സാക്ഷിയെ പൊള്ളിക്കുന്ന കൊടിയ ക്രൗര്യത്തിനും അനീതികൾക്കും മുമ്പിൽ നിസ്സംഗരായി നിർക്കുന്നവരോടാണ് കവി ധാർമികരോഷം കൊള്ളുന്നത്. ഏത് കഠിനഹൃദയരിലും കടുത്ത ആഘാതമുണ്ടാക്കുന്ന കൊല്ലാക്കൊലയ്ക്കും നെറികേടുകൾക്കുമെതിരെ പ്രതികരിച്ചില്ലെങ്കിലും കഷ്ടം എന്നെങ്കിലും പറയേണ്ടേ… മുക്കത്ത് വിരൽ വെച്ച്… അത്രയെങ്കിലും ചെയ്യാത്തവർക്ക് മനുഷ്യരെന്ന് അവകാശപ്പെടാൻ എന്തർഹത… ഉത്തർ പ്രദേശിലെ ഹത്റാസിൽ സവർണ പ്രമാണി കഴുകന്മാർ പിച്ചിച്ചീന്തി ചുട്ടു കരിച്ച പെൺകുട്ടിയോട് അല്പമെങ്കിലും അനുതാപം കാട്ടാത്തവരെ ഏത് ഗണത്തിൽ പെടുത്തണം… അവളുടെ തീരാദുഃഖത്തിലാണ്ട കുടുംബത്തെ വീട്ടുതടങ്കലിലാക്കി വേട്ടയാടുന്ന ഭരണകൂടത്തെ ന്യായീകരിക്കുന്നവരെ എന്ത് ചെയ്യണം… സഹനശേഷിയുടെ നെല്ലിപ്പടിവരെ താഴ്ന്നിറങ്ങി പിൻവാങ്ങിയാലും ആ നരാധന്മാരുടെ മുഖത്ത് കാർക്കിച്ച് തുപ്പിപ്പോവും.

പൈശാചികതയ്ക്കും അപ്പുറത്തുള്ള, അമ്മപെങ്ങന്മാരുള്ള ആളുകൾക്കാർക്കും പൊറുക്കാനാവാത്ത കൊടുംപാതകത്തിനാണ് ഹത്റാസിലെ ദളിത് യുവതി ഇരയായത്. ആ പൊന്നോമന മകളുടെ മുഖം അവസാനമായൊരു നോക്ക് കാണാനോ, അന്ത്യചുംബനത്തിനോ അവസരം നൽകാതെ പൊലീസുകാർതന്നെ നേരം പുലരുംമുമ്പേ ചിതകൂട്ടി പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചുകളഞ്ഞു. മാത്രമല്ല, ആ പാവങ്ങളുടെ വീട് വളഞ്ഞ് പുറത്തറിഞ്ഞുപോയ സത്യം മാറ്റിപ്പറയിക്കാൻ നിരന്തര ഭീഷണിയും. അതും മറ്റാരെയും അങ്ങോട്ട് കടത്തിവിടാതെ.

സംഘപരിവാർ ഉന്നതന്മാരല്ലാത്ത എല്ലാവരെയും പൊലീസ് അകറ്റി നിർത്തുകയായിരുന്നു. കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയുംവരെ ആദ്യം തടഞ്ഞ് തിരിച്ചയച്ചു. ഡെൽഹിയിലടക്കം നാടെങ്ങും കത്തിപ്പടർന്ന രൂക്ഷമായ പ്രതിഷേധത്തിനൊടുവിലേ വാർത്താമാധ്യമ പ്രതിനിധികൾക്കും മറ്റു കക്ഷി നേതാക്കൾക്കും അവിടേക്ക് ചെന്ന് ആ അഛനമ്മമാരെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാ നായുള്ളൂ. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇതേപോലൊരു സംഭവം നടന്നതായി നമ്മുടെ ഓർമ്മയിലുണ്ടോ ?എന്നിട്ടും, എല്ലാ വാർത്താ ചാനലുകളിലെയും അന്തിച്ചർച്ചകളിൽ ഈ ഭീകരമായ അരുതായ്മകളെയെല്ലാം നിസ്സാരവൽക്കരിച്ച് ന്യായീകരിക്കുകയായിരുന്നു ബി ജെ പി നേതാക്കൾ. പോരാത്തതിന്, യു പി വാഴുന്ന യോഗി ആദിത്യനാഥ് എന്ന ധർമിഷ്ഠനായ മുഖ്യമന്ത്രിയെ പുകഴ്ത്താനും മുതിർന്നു, സംഘിച്ചരട് കൈയിൽ കെട്ടിയ അഭിഭാഷകവരെ.

ഹത്റാസിലെ മേൽജാതി മാടമ്പിമാരെ നിലവിട്ട് പിന്തുണയ്ക്കുന്നതിലും യോഗിയെ മതിമറന്ന് താങ്ങുന്നതിലും കേരളത്തിലെ ബി ജെ പി ഭാരവാഹികൾ ഒട്ടും പിറകിലല്ല. പെൺമക്കളെ മൂല്യങ്ങൾ പഠിപ്പിച്ചാലേ ബലാൽസംഗങ്ങൾ തടയാനാവൂ എന്നാണ് യു പി ബലിയയിലെ എം എൽ എ കൂടിയായ ബി ജെ പി നേതാവ് സുരേന്ദ്ര സിങ് പറഞ്ഞത്. മുൻ എം എൽ എ യായ മറ്റൊരു നേതാവ് രാജ് വീർ സിങ് പെഹൽവാനാകട്ടെ ബൂൽഗഢി ഗ്രാമത്തിലെ തന്റെ വീട്ടിൽ ഠാക്കൂർ – ബ്രാഹ്മണ സമുദായക്കാരുടെ യോഗം വിളിച്ചാണ് പ്രതികൾക്കുവേണ്ടി ഇടപെട്ടത്. കുറ്റാരോപിതർ തെറ്റുകാരല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. കൂട്ട ബലാൽസംഗ ആരോപണം ഉന്നയിച്ച യുവതിയുടെ വീട്ടുകാർക്കെതിരെ കേസെടുക്കണമെന്നാണ് ആ യോഗം ഉന്നയിച്ച ആവശ്യം. ഇതേ വിധത്തിലാണ് കഴിഞ്ഞ ദിവസം കൈരളി ഉൾപ്പെടെ എല്ലാ വാർത്താ ചാനലുകളിലും ഇവിടത്തെ സംഘ പരിവാർ വക്താക്കളും സംസാരിച്ചത്. ജനങ്ങളുടെ സാമാന്യ ബുദ്ധിക്കും നീതിബോധത്തിനും നേർക്ക് കൊഞ്ഞനം കുത്തുകയായിരുന്നു അവർ.

വലതുപക്ഷ വർത്താ മാധ്യമങ്ങളെപോലെ നിറം പിടിപ്പിച്ച നുണകൾ നട്ടുവളർത്തി വേഗത്തിൽ വിളയിക്കാൻ പറ്റിയ മണ്ണ് തേടിയുള്ള പര്യവേഷണത്തിലാണ് സംഘപരിവാറും. താരതമ്യേന വിവരവും വിദ്യാഭ്യാസവും ചിന്താശേഷിയും കുറഞ്ഞ ആളുകളെയാണ് അവർ വലയിൽ വീഴ്ത്താൻ ശ്രമിക്കുന്നത്. വയറും വിശപ്പും വസ്ത്രവും വീടുമൊന്നുമല്ല പ്രധാനം, വംശമേന്മയാണെന്ന വികാരം ഊതിപ്പെരുപ്പിച്ചെടുക്കുന്നതിലാണ് പ്രചാരവേലയുടെ ഊന്നൽ. മതന്യൂനപക്ഷങ്ങളോട് ശത്രുത തോന്നിക്കാൻ പര്യാപ്തമായ ഉത്തരേന്ത്യൻ ശൈലിയിലുള്ള നിരവധി കഥകൾ നിത്യേന സംഘ പരിവാർ നവമാധ്യമ കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്. ഹിന്ദുവല്ലാത്ത ഏത് അയൽവാസിയോടും അസൂയ്യ പുലർത്താൻ പ്രേരിപ്പിക്കുന്ന അത്തരം നുണകൾ അസഹിഷ്ണുതയുടെ തീ പാറുന്നവയാണ്.

ഇടത്തരക്കാരെ ലക്ഷ്യമിട്ട് എന്തും വിളിച്ചുപറയാൻ നാവൂക്കുള്ളവരെയാണ് ചാനൽ ചർച്ചകളിലുൾപ്പെടെ ബി ജെ പി പങ്കെടുപ്പിക്കുന്നതും.ഉൾനാടൻ കവലകളിലിരുന്ന് വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പുന്ന പ്രാദേശിക പ്രവർത്തകരെയടക്കം പിന്നിലാക്കുന്നതാണ് ഇവരിൽ പലരുടെയും നിലവാരം . ബാബറി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് തള്ളിയ ദിവസത്തെ അന്തിച്ചർച്ചയിൽ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ എന്ന ആങ്കറുടെ പരാമർശം ബി ജെ പി സംസ്ഥാന ഭാരവാഹിക്ക് ഒട്ടും പിടിച്ചില്ല. ഇത് ഹിന്ദുരാഷ്ട്രംതന്നെയാണ് ; ഇനി ആക്കാനൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്രോശം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.