Home Kerala നയം വ്യക്തമാക്കി ജോസ് കെ മാണി, ഡൽഹി സമരത്തിൽ എൽ ഡി...

നയം വ്യക്തമാക്കി ജോസ് കെ മാണി, ഡൽഹി സമരത്തിൽ എൽ ഡി എഫിനൊപ്പം

SHARE

മോദി സർക്കാരിന്റെ കർഷക – തൊഴിലാളി വിരുദ്ധ നിയമ നിർമാണങ്ങളിൽ പ്രതിഷേധിച്ച്, പാർലമെന്റിനു മുമ്പിൽ എം പിമാർ നടത്തിയ സമരത്തിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി പങ്കെടുത്തത് കേരളമാകെ ശ്രദ്ധിക്കുന്ന രാഷ്ട്രീയ ചുവട് മാറ്റമായി. എൻ ഡി എ വാഴ്ചക്കെതിരെ രാജ്യമെങ്ങും അലയടിക്കുന്ന കർഷകരോഷത്തിന്റെ വ്യാപ്തി യറിഞ്ഞ് പ്രതികരിക്കാതെ കോൺഗ്രസ് എം പി മാർ അറച്ചുനിൽക്കുമ്പോഴാണ് രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയുള്ള പോരാട്ടത്തിന്റെ മുൻ നിരയിൽ ജോസ് കെ മാണി അണിചേർന്നത്.
എൻ ഡി എ ഭരണത്തിലെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികളിൽ പെട്ട പാർലമെന്റ് അംഗങ്ങളെ ഒരുമിച്ചുചേർത്ത് ഇരുസഭകളിലും ആഞ്ഞടിക്കാനുള്ള അവസരം കോൺഗ്രസ് സ്വയം കളഞ്ഞുകുളിക്കുകയായിരുന്നു. നേതൃത്വമില്ലായ്മ മൂലമുള്ള ദയനീയ പതനമാണ് പുറത്തെ ന്നപോലെ പാർലമെന്റിലും കണ്ടത്. എ ഐ സി സി ജനറൽ സെക്രട്ടരി കെ സി വേണുഗോപാൽ ലോക് സഭയിൽ കിട്ടിയ അവസരവും ഉപയോഗിച്ചത് കേരളത്തിലെ എൽ ഡി എഫ് ഗവർമെണ്ടിനെ തിരെ പ്രസംഗിക്കാനാണ്. അതല്ലാതെ കൃഷിക്കാരുടെ പ്രശ്നത്തിൽ ശക്തമായി ഇടപെടാൻ കോൺഗ്രസ് നേതൃത്വം ശ്രദ്ധിച്ചതേയില്ല. കാർഷിക ജീവിതത്തിന്റെ നട്ടെല്ല് തകർക്കുന്ന മൂന്ന് ബില്ലുകളുടെയും തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങൾപോലും കവരുന്ന ബില്ലിന്റെയും അവതരണ വേളയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വിദേശയാത്രയിലായിരുന്നു. അവരുടെ പാർലമെന്ററി കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആകട്ടെ സഭയിൽ എത്തിയെങ്കിലും എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ മാറി നിൽക്കുകയായിരുന്നു. ലോക് സഭയിൽ എൻ ഡി എയിലെ ഘടക കക്ഷികൾ ഉയർത്തിയ എതിർപ്പിന്റെ ചൂടും ചൂരും ഉൾക്കൊള്ളാൻപോലും അദ്ദേഹത്തിനായില്ല. നരേന്ദ്രമോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ കോർപ്പറേറ്റ് കുത്തക അനുകൂല നിലപാടിന് കനത്ത താക്കീത് നൽകിയാണ് സഖ്യകക്ഷിയിൽ പെട്ട ശിരോമണി അകാലിദളിലെ ഭക്ഷ്യ സംസ്കരണ മന്ത്രി ഹർ സിമ്രത്ത് കൗർ ബാദൽ രാജി വെച്ചത്. ആ രാജിയും എസ് എ ഡി സഖ്യം വിട്ടതും സൃഷ്ടിച്ച ഭരണ വിരുദ്ധ വികാരം തിരിച്ചറിയുന്നതിൽ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ നേതൃത്വം പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ താരതമ്യേന അനായാസമായാണ് ലോക്‌സഭയിൽ ബില്ലുകൾ . പാസാക്കിയെടുത്തത്.
എന്നാൽ ബി ജെ പിക്ക് സ്വാധീനം കുറവായ രാജ്യസഭയിൽ അധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിന്റെ ചട്ടവിരുദ്ധ നടപടിക്കെതിരെ സി പി ഐ (എം) ലെ എളമരം കരീമിന്റെയും കെ കെ രാഗേഷിന്റെയും ഉൾപ്പെടെ നേതൃത്വത്തിൽ അതിശക്തമായ പ്രതിരോധമാണ് ഉയർത്തിയത്. ജനതാ ദളിലെ എം വി ശ്രേയാംസ് കുമാറും ജോസ് കെ മാണിയും സി പി ഐ യിലെ ബിനോയ് വിശ്വവും അടക്കം 14 കക്ഷികളിൽനിന്നുള്ള അംഗങ്ങൾ പ്രതിഷേധത്തിൽ ഒപ്പം ചേർന്നു. ആദ്യ ഘട്ടത്തിൽ കോൺഗ്രസ് അംഗങ്ങൾ അതിൽ നിന്നെല്ലാം അകന്നു നിൽക്കുകയായിരുന്നു. എളമരം കരീമും കെ കെ രാഗേഷും ഉൾപ്പെടെ എട്ട് അംഗങ്ങളെ സഭാ സമ്മേളനം കഴിയും വരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ധർണ നടത്തിയപ്പോൾ ദേശീയ നേതാക്കൾ വരെ അഭിവാദ്യമർപ്പിക്കാൻ എത്തുകയുണ്ടായി. ആ സമയത്തും കേരളത്തിൽനിന്നുള്ള യു ഡി എഫ് അംഗങ്ങളുടെ സാന്നിധ്യം കണ്ടില്ല.
അതേസമയം കോൺഗ്രസ്-ലീഗ് നേതാക്കളായ എം പി മാരുടെ നിലപാടിൽനിന്ന് വേറിട്ട സമീപനമായിരുന്നു ജോസ് കെ മാണിയുടേത്. ഇടത് -ജനാധിപത്യ പാർട്ടികളിലെ എം പി മാർക്കൊപ്പം പ്ലക്കാഡുമേന്തി സമരത്തിന്റെ മുൻ നിരയിൽതന്നെ അദ്ദേഹം നിലയുറപ്പിച്ചു. ജനകീയ പ്രശ്നങ്ങളിൽ യോജിച്ച് പൊതുതാനുള്ള സന്നദ്ധതയാണ് ഇതിലൂടെ അദ്ദേഹം തെളിയിക്കുന്നത്. യു ഡി എഫ് ബന്ധം ജോസ് കെ മാണിയുടെ പാർട്ടി പൂർണമായി വിടുന്നതിന്റെ സൂചനയായും അത് മാറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.