Home Kerala ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കാൻ ആർ എസ് എസ്, തടയാൻ വി മുരളീധരന്‍...

ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കാൻ ആർ എസ് എസ്, തടയാൻ വി മുരളീധരന്‍ പക്ഷം

SHARE

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കാനുള്ള ആർ എസ് എസ് നേതൃത്വത്തിന്റെ നീക്കം മുളയിലേ നുള്ളാൻ തന്ത്രങ്ങളുമായി വി മുരളീധരന്‍ പക്ഷം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും എതിർപക്ഷത്തായതിനാൽ ശോഭയുടെ പ്രതീക്ഷ മങ്ങുകയാണ്. പാർട്ടി വക്താവായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ശോഭാ സുരേന്ദ്രൻ പ്രസിഡന്റ് മാറി വന്നതുമുതലേ തഴയപ്പെട്ട നിലയിലാണ്. അസംതൃപ്തി ഉള്ളിലൊതുക്കി അച്ചടക്കത്തോടെ കഴിയുന്ന വനിതാ നേതാവിന് ആശ്വസിപ്പിക്കാനാണ് പുതിയ പദവിയിൽ അവരോധിക്കാൻ മറു വിഭാഗം കരുക്കൾ നീക്കിയത്. എന്നാൽ സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷനിലെത്തിയാൽ അത് തങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് നിലവിലെ ഭാരവാഹികളിൽ ഭൂരിഭാഗം പേർ കരുതുന്നത്. അത്രയും ഉയർന്ന സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള കഴിവുകൾ ശോഭാ സുരേന്ദ്രന് ഇല്ലെന്നും കേന്ദ്ര നേതൃത്വത്തെ അവർ ധരിപ്പിച്ചതായാണറിയുന്നത്. അതിനിടെ ശോഭയെ പിന്തുണച്ച് ആർ എസ് എസിൽ ഒരു വിഭാഗം രംഗത്തുവന്നതോടെ മുരളീധരനും സുരേന്ദ്രനും അടക്കമുള്ള നേതാക്കൾ വെട്ടിലായിരിക്കുകയാണ്.


ദേശീയ നിര്‍വാഹക സമിതി അംഗംകൂടിയായ ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്തുനിന്ന് സ്വയം മാറി നില്‍ക്കുകയാണെന്നാണ് എതിർപക്ഷം പറയുന്നത്. അതുകൊണ്ടു തന്നെ അവരെ ഉയർന്ന പദവികളിൽ അവരോധിക്കരുതെന്നുമാണ് മുരളീധര പക്ഷം ശക്തമായി ആവശ്യപ്പെടുന്നത്. കേരളത്തിൽ വിവിധ വിഷയങ്ങളിൽ ബിജെപി നടത്തിയ സമരത്തിൽ ഒരിടത്തുപോലും ശോഭ പങ്കെടുത്തിട്ടില്ല. ഇക്കാര്യമുൾപ്പെടെ പല വിയോജിപ്പുകളും ദേശീയ അധ്യക്ഷൻ ജി പി നദ്ദ വരെയുള്ള നേതാക്കളെ നേരിട്ട് അറിയിച്ചിട്ടുമുണ്ടത്രെ.
എന്നാൽ ശോഭയുടെ സ്ഥാനലബ്ധി തടയാൻ കരുതിക്കൂട്ടിയുള്ള പ്രചാരണമാണിതെന്നാണ് എം ടി രമേശ് അടക്കമുള്ള അനുകൂലികൾ പറയുന്നത്. അവരും ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരെ പരിഗണിച്ചിരുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവർണറായി പോയതിനെത്തുടർന്നായിരുന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എന്നാൽ അവസാന നിമിഷം വി മുരളീധരന്‍ പക്ഷം നടപ്പാക്കിയ കുതന്ത്രത്തിൽ ശോഭ സുരേന്ദ്രൻ പുറത്തായി. ഇതിനുശേഷവും ശോഭയെ ഇകഴ്ത്താൻ സംസ്ഥാന നേതൃത്വം ശ്രമം നടത്തി. കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആയശേഷം വൈസ് പ്രസിഡന്റാക്കി അവരെ നിലനിർത്തിയെങ്കിലും പ്രത്യേക ചുമതലകൾ നൽകിയിരുന്നില്ല. നേരത്തെ വി മുരളീധരന്റെ ഗ്രൂപ്പിനൊപ്പമായിരുന്നു ശോഭ. വി മുരളീധരനെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുകയാണെങ്കില്‍ ശോഭ സുരേന്ദ്രനെ പരിഗണിക്കാമെന്നായിരുന്നു ധാരണ. ഇതുണ്ടായില്ലെന്നു മാത്രമല്ല, ശോഭയെ പിന്നീട് തഴയുകയായിരുന്നു. തന്നെ ഒതുക്കി മൂലക്കിരുത്തുകയാണെന്നും അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നും അവർതന്നെ അടുപ്പക്കാരോട് തുറന്നുപറയുകയും ചെയ്തിരുന്നു. അതൃപ്തി മാറ്റാൻ ഒന്നുകിൽ ദേശീയ വനിതാ കമ്മീഷൻ അംഗത്വം, അല്ലെങ്കിൽ സമാന തലത്തിലുള്ള മറ്റൊരു പദവി നൽകാമെന്ന് ദേശീയ നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. പാർട്ടിക്കുള്ളിലും പുറത്തും മൗനം പാലിക്കണമെന്നും അങ്ങനെയാണെങ്കിൽ ഈ നവംബറിനകം പുതിയ പദവി നൽകാമെന്നാണ് വാഗ്ദാനം. ഈ തീരുമാനം വെട്ടാനാണ് ഇപ്പോൾ മുരളീധര പക്ഷം കച്ച കെട്ടി ഇറങ്ങിയിട്ടുള്ളത്. ഇത് ഫലിച്ചാലും ഇല്ലെങ്കിലും ബിജെപിയിലെ ചേരിപ്പോര് ഈ തർക്കം മൂർഛിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.