ഭീകര താവളമെന്ന്; കോൺഗ്രസ് പിന്നെയും ബി ജെ പി ക്ക് പിറകെ

  SHARE

  ൽ ഖ്വായ്ദ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട മൂന്ന് പേരെ കൊച്ചിയിൽ അറസ്റ്റ് ചെയ്തതിൻ്റെ പേരിലും കേരളത്തിനെതിരെ വിദ്വേഷപ്രചാരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും. ഈ വിഷയത്തിലും ഇരു നേതാക്കളുടെയും പ്രതികരണം സമാനമാണ്. എന്നുമാത്രമല്ല , പ്രയോഗിച്ച വാക്കുകൾക്കുപോലും മാറ്റമില്ല. കേരളം തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും സുരക്ഷിത താവളമായി മാറിയെന്നാണ് രണ്ട് നേതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്.
  സംസ്ഥാനത്ത് തീവ്രവാദികള്‍ എത്തിയത് സര്‍ക്കാര്‍ അറിയാതിരുന്നത് ഇന്റലിജന്‍സിന്റെ വലിയ വീഴ്ചയാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കേരളത്തിലെ ഇന്റലിജൻസ് ഉറക്കത്തിലാണെന്നും ഭീകര വിരുദ്ധസേനക്ക് നാഥനില്ലെന്നും സുരേന്ദ്രൻ പറയുന്നു. നേരത്തേ ഇതേ തരത്തിൽ കോണ്‍ഗ്രസ് നേതാവ് പി ടി തോമസും ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും ആരോപിച്ചിരുന്നു.
  എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഈ പ്രസ്താവനകൾ. അൽഖ്വയ്ദ പോലുള്ള ഭീകര സംഘടനകളുടെ ഭീഷണി പൊതുവെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഏതാനും കൊല്ലങ്ങൾക്ക് പിറകിലെ കണ്ണൂർ നാറാത്ത് കേസിനുശേഷം ആ ഗണത്തിൽ പെടുത്താവുന്ന ഒരു സംഭവവും ഇവിടെ ഉണ്ടായിട്ടുമില്ല. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതോടൊപ്പം മറ്റു ചില ദുസ്സൂചനകൾ കൂടിയുള്ളതാണ് കോൺഗ്രസ് – ബി ജെ പി ആരോപണങ്ങൾ .അതാകട്ടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി സംഘപരിവാർ നടത്തിവരുന്ന വർഗീയ പ്രചാരണങ്ങളുടെ ചുവടുപിടിച്ചുള്ളതുമാണ്. ഓരോ ദിവസവും ഇവർ കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന പെരുംനുണകളിൽ ഒന്നുകൂടി എന്നതിലപ്പുറം പ്രാധാന്യം സാമൂഹ്യ നിരീക്ഷകരാരും ഇതിന് കാണുന്നില്ല. അതുകൊണ്ടുതന്നെയാവാം അവരെ സദാ പിന്താങ്ങുന്ന വലതുപക്ഷ വാർത്താ മാധ്യമങ്ങൾപോലും അതത്ര ഗൗനിച്ചിട്ടുമില്ല.
  വർഷങ്ങൾക്കു മുമ്പ് കണ്ണൂർ നാറാത്ത് ആയുധ പരിശീലനം അടക്കമുള്ള ഭീകര പരിശീലന താവളം പ്രവർത്തിച്ചത് യു ഡി എഫ് ഭരിക്കുമ്പോഴാ യിരുന്നു. വാഗമണ്ണിൽ സിമി പരിശീലനക്യാമ്പ് നടന്നത് അതിനും മുമ്പായിരുന്നു. കാസർകോട് ജില്ലയിൽനിന്ന് ചില യുവാക്കൾ അഫ്ഗാനിസ്ഥാനിൽ പോയി ഐ എസ്സുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായതേ എടുത്തു പറയാവുന്ന മറ്റൊരു സംഭവമായുള്ളൂ.
  എന്നിട്ടും വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കി എണ്ണമറ്റ നുണക്കഥകൾ നിത്യേനയെന്നോണം നവമാധ്യമങ്ങൾ മുഖേന സംഘപരിവാർ പ്രചരിപ്പിക്കുകയാണ്. അതിന് എരിവ് കൂട്ടുന്നതാണ് സുരേന്ദ്രനെ അനുകൂലിച്ചുള്ള മുല്ലപ്പള്ളിയുടെ വാക്കുകൾ.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.