‘രാഷ്ട്രീയ ലാഭത്തിനുള്ള തീക്കളികൾ ‘സിറാജ് എഡിറ്റ് പേജ് ലേഖനം

  SHARE

  മന്നു കുമാർ

  ഏതാനും ദിവസങ്ങളായി കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങളെ അതിനിശിതമായി വിമർശിച്ച് സിറാജ് ദിനപത്രം.
  സ്വർണക്കടത്ത് കേസ് പറഞ്ഞ് യു ഡി എഫും ബിജെപിയും ഒത്തുചേർന്ന് സംഘടിപ്പിക്കുന്ന അക്രമസമരങ്ങൾക്ക് പിന്നിൽ അധികാരമോഹം ഒന്ന് മാത്രമാണ്. ഇക്കുറി എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നതിനാൽ യു ഡി എഫിനെ അസാധാരണമായ ഭയം പിടികൂടിയിരിക്കുന്നു. അതാണ് സമരത്തിൻ്റെ മുഖ്യ ഹേതു. ഭരണമാറ്റം സാധ്യമായില്ലെങ്കിൽ കോൺഗ്രസിന്റെ പൊടിപോലും ബാക്കിയുണ്ടാവില്ല. അതോടെ വെറും കോൺ”ഗ്രാസ്” ആയി മാറുമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

  രാഷ്ട്രീയ ലാഭത്തിനുള്ള തീക്കളികൾ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൻ്റെ പൂർണരൂപം ചുവടെ:

  ഭരണത്തിലോ ഭരണ മികവിലോ ആയിരുന്നില്ല; ഭരണ മാറ്റത്തിലായിരുന്നു എക്കാലത്തും കേരള രാഷ്ട്രീയത്തിന്റെ കണ്ണ്. അയ്യഞ്ച് വർഷം തികയുമ്പോൾ വിശേഷിച്ച്‌ ഒരലമ്പുമില്ലാതെ ആചാരപരമായി ഭരണമാറ്റമുണ്ടാകും. നന്നായി ഭരിച്ചാലും ഭരിച്ചു വെടക്കാക്കിയാലും ഭരണമാറ്റം ഉറപ്പാണ്, പിന്നെന്തിന് ഉഷ്ണിച്ചു ഭരിക്കണം എന്നൊരു നിലപാടും മുന്നണികൾക്കുണ്ടായിരുന്നു. മുടക്കമില്ലാതെ, വരുമെന്നുറപ്പുള്ള ഈ ഭരണമാറ്റം മുൻനിറുത്തിയായിരുന്നു കേരളത്തിലെ ഇടത് -വലത് മുന്നണികൾ പ്രതിപക്ഷത്ത് ക്ഷമയോടെ ഇരുന്നിരുന്നത്. അണികളെ പിടിച്ചുനിറുത്തുന്നതും പോലീസുകാരെയും സർക്കാർ ഉദ്യോഗസ്ഥരെയും വിരട്ടിനിറുത്തുന്നതും ഭരണമില്ലെങ്കിലും കഞ്ഞി കുടിച്ചു പോകുന്നതും അലംഘനീയം എന്ന് കരുതിപ്പോന്ന ഈ ഭരണമാറ്റ പ്രതീക്ഷയുടെ ബലത്തിലായിരുന്നു.
  പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫിനെ ഇപ്പോൾ അസാധാരണമായൊരു ഭയം പിടികൂടിയിരിക്കുന്നു; കട്ടായം കരുതിപ്പോന്ന പതിവ് ഇക്കുറി തെറ്റുമോ? രാഷ്ട്രീയ കണക്കന്മാർ ആപത് സൂചനകൾ ഗണിച്ചു തുടങ്ങിയിട്ടുണ്ട്. മുമ്പെങ്ങും ഇല്ലാത്ത പ്രതിഭാസമാണിത് – ഭരണത്തുടർച്ചാഭീതി. ഇപ്പോൾ കേരളത്തിൽ നടക്കുന്ന കോലാഹലങ്ങളുടെ മൂലഹേതു ഇതാണ്. സ്വർണക്കടത്തോ ഖുർആൻ കടത്തോ ലൈഫ് മിഷനോ സ്വഒന്നുമല്ല വിഷയം, അതൊക്കെ രോഗലക്ഷണങ്ങളാണ്.
  സാധാരണക്കാരന് പറഞ്ഞാൽ മനസ്സിലാകുന്നതല്ല ഈ പ്രാണഭീതി. അത് മനസ്സിലാകാൻ രാഷ്ട്രീയക്കുപ്പായത്തിനകത്ത് കയറിക്കൂടി നോക്കണം. അധികാരത്തിന്റെ ശീതളഛായയിൽ നിന്ന്, ട്രഷറി ബഞ്ചുകളിൽനിന്ന് പ്രതിപക്ഷ നിരയിലേക്ക് ശാന്തമായി മാറിയിരിക്കുമ്പോൾ, നാല്‌വർഷം മുമ്പ് കാണാൻ തുടങ്ങിയ സ്വപ്‌നമാണ് ഭരണമാറ്റം. ആ സ്വപ്‌നമാണ് നേതാക്കളെ പാർട്ടികളിൽ പിടിച്ചുനിറുത്തുന്നത്, അണികളെ കൂടെ നിറുത്തുന്നത്, ഭരണപിൻബലമില്ലാതെതന്നെ പോലീസ് സ്റ്റേഷനുകളിലും സർക്കാർ ആപ്പീസുകളിലും കയറിച്ചെന്ന് പ്രമാണിത്തം കാണിക്കാൻ ഊരബലം നൽകുന്നത്. ഫലത്തിൽ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഏറ്റക്കുറച്ചിലോടെ ഭരണസുഖം. അതില്ലാതാകുക എന്നുവെച്ചാൽ..! ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും പ്രാന്തെടുത്ത് പായുന്നതിന്റെ പൊരുൾ മനസ്സിലാകണമെങ്കിൽ ഭരണമില്ലാത്ത അടുത്ത അഞ്ച് വർഷങ്ങൾകൂടി ഒന്ന് സങ്കൽപ്പിച്ചു നോക്കണം – ആകെ പത്ത് വർഷം ഭരണത്തിനു പുറത്ത്! പിന്നെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ.
  അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ കോൺഗ്രസ് ശരിക്കും കോൺ”ഗ്രാസാ’കും. യു പി, ബിഹാർ, ഗുജറാത്ത് തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ അതേ പ്രതിഭാസം കേരളത്തിലും ആവർത്തിക്കും. കോൺഗ്രസിൽനിന്ന് ബി ജെ പിയിലേക്ക് കൂട്ടപ്പലായനമുണ്ടാകും. ഉടുപ്പുമാറേണ്ട ആവശ്യംപോലും ചില കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടാകുകയില്ല; മേൽമുണ്ട് മാറ്റിയാൽ മതിയാകും, ഇങ്ങനെ മറുകണ്ടം ചാടേണ്ട സാഹചര്യം ഉണ്ടായാൽ ചാടുന്നവരുടെ മുൻനിരയിൽ ഇപ്പോൾ ആധിപിടിച്ചു പായുന്ന നേതാക്കൾ പലരുമുണ്ടാകുമെന്നതിൽ തർക്കമേയില്ല. ഇതോടെ മുന്നണിയിലെ ചെറുകക്ഷികൾ ചിതറിത്തെറിക്കും, മുല്ലവള്ളി പോലെ കോൺഗ്രസിൽ പടർന്നു കയറിയ മുസ്‌ലിം ലീഗ് വഴിയാധാരമാകും. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ കാക്ക കൊത്തിപ്പറന്നു കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യമായാൽ തലയിൽ പച്ച റിബൺ കെട്ടി തെരുവിൽ കോലം തുള്ളിയിരുന്ന അണികൾ മൃതദേഹത്തിന്റെ തലയിൽനിന്ന് പേനിറങ്ങുന്നതു പോലെ അരിച്ചിറങ്ങി ചോരയും നീരുമുള്ള തടി നോക്കിപ്പോകും. തുണിക്കോന്തല പോലെയുള്ള ഒരു പാർട്ടിയിൽ അണികൾ ഇപ്പോൾ ഒട്ടിപ്പിടിച്ചു നിൽക്കുന്നത് അധികാരം ഒരുനാൾ വരും; വരാതിരിക്കില്ല എന്ന ഉത്തമ വിശ്വാസംകൊണ്ട് മാത്രമാണ്.
  മുന്നണി പൊളിഞ്ഞാൽ കുഞ്ഞുമാണിയുടെ പുത്രന് കിട്ടുന്ന പരിഗണന ഇടതു മുന്നണിയിൽ കുഞ്ഞാലിക്കുട്ടിയുടെ പാർട്ടിക്ക് കിട്ടുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെയൊരു മണ്ടത്തരം സി പി എം കാണിക്കുമെന്ന് കരുതാൻ തരമില്ല. ലീഗണികളെ പാർട്ടിയിലേക്ക് ആകർഷിച്ച്‌ ലീഗിനെ കൂടുതൽ ദുർബലമാക്കാനുള്ള തന്ത്രങ്ങളായിരിക്കും സി പി എം മെനയുക. ആകപ്പാടെ ആലോചിച്ചാൽ ചെന്നിത്തലക്കെന്നല്ല ശരിയായ തലയുള്ള ആർക്കും പ്രാന്തായിപ്പോകും. ആത്മരക്ഷാർഥം ജലീൽ എന്നല്ല ഏത് പുൽക്കൊടിയിലും കയറിപ്പിടിക്കും. കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ആക്ഷേപം ഒരു ചുളയില്ലാ ചക്കയാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?
  എന്താണ് സംഭവിച്ചത്? കാര്യങ്ങൾ പാരമ്പര്യ രീതിയിൽ മുന്നേറുന്നതിനിടെ വന്നുചേർന്ന രണ്ട് പ്രളയങ്ങൾ, ഒരു നിപ്പാ, ഇപ്പോഴിതാ കൊറോണ. ഈ പ്രതിസന്ധികളെ പിണറായി സർക്കാർ അസാധാരണമായ മെയ് വഴക്കത്തോടെയാണ് കൈകാര്യം ചെയ്തത്. ഇതാണ് പ്രതിപക്ഷത്തിനു വിനയായത്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മികവിനെയും വെല്ലുന്നതായി സർക്കാറിന്റെ ക്രൈസിസ് മാനേജ്‌മെന്റ്. പ്രതിസന്ധികളിൽ തങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ ഒരു ഭരണാധികാരിയുണ്ടെന്ന തോന്നൽ സാധാരണ ജനങ്ങൾക്ക് പകർന്നു നൽകിയത് അളവറ്റ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവുമാണ്. മോശം പോലീസും ശബരിമല വിഷയത്തിൽ കാണിച്ച കന്നംതിരിവും മാറ്റിനിറുത്തിയാൽ ഈ ഭരണത്തിന് ജനങ്ങൾ കണ്ണടച്ച്‌ നൂറിൽ തൊണ്ണൂറും ഇട്ടേനെ, ഇപ്പോഴും പാസ് മാർക്കിനു കളിയില്ല. യു ഡി എഫിന്റെ പരിഭ്രമവും അതാണ്.
  പ്രതിപക്ഷത്തിന്റെ ബേജാറിന് വലിയ അർഥങ്ങളുണ്ട്. ചെന്നിത്തലയുടെ കൺട്രോൾ പോകുന്നതിൽ ഒരത്ഭുതവുമില്ല. സ്വർണക്കടത്ത് കേസ് മുതൽ ഓണക്കിറ്റിലെ കടുകിന്റെ എണ്ണക്കുറവ് വരെ വിഷയമാക്കുന്നതും സ്വാഭാവികം. കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന വിവാദങ്ങൾ ബൂമറാംഗാകുന്നത് മുന്നാലോചനയുടെ കുറവുകൊണ്ടൊന്നുമല്ല, സമനിലയുടെ പ്രശ്‌നമാണ്. മന്ത്രി കെ ടി ജലീലിനെ ഇ ഡി രണ്ടര മണിക്കൂർ ചോദ്യം ചെയ്തത് പ്രശ്‌നമാകുന്നതും ചിദംബരത്തെ 70 മണിക്കൂർ ചോദ്യം ചെയ്തത് വിഷയമല്ലാതാകുന്നതും വലതു മുന്നണി എത്തിപ്പെട്ട സ്ഥലജല ഭ്രമത്തിന്റെ അടയാളമാണ്.
  രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പും അധികാരലബ്ധിയും ജീവൽപ്രധാനം തന്നെയാണ്. അതിനായുള്ള പോരും പോരാട്ടവും സാധാരണവുമാണ്. അതിലെ കതിരും പതിരും ആരും കാര്യമാക്കാറില്ല. എന്നാൽ മന്ത്രി കെ ടി ജലീലിനെതിരെയുള്ള ഈ പടപ്പുറപ്പാട് ആപത്കരമാണ്. നമ്മുടെ രാജ്യവുമായി നിഷ്‌കളങ്കമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് യു എ ഇ. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ അന്നവും അഭയവുമാണ് ആ രാജ്യം. ആ സൗഹൃദത്തെയും കരുതലിനെയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലിൽ നിറുത്തുന്ന നടപടികൾ ആത്മഹത്യാപരമായിരിക്കും.
  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനോട് പല വിഷയങ്ങളിലും വിയോജിപ്പുണ്ട്. എന്നാൽ യു എ ഇ കോൺസുലേറ്റിൽനിന്ന് ചാരിറ്റി കിറ്റുകളും ഖുർആൻ പ്രതികളും സ്വീകരിച്ചതിലെ പ്രോട്ടോകോൾ പ്രശ്‌നത്തിന്റെ പേരിൽ അദ്ദേഹം രാജിവെക്കണമെന്ന് പറഞ്ഞാൽ യു ഡി എഫ് ഭരണകാലത്ത് ഇപ്പണി ചെയ്ത മന്ത്രിമാർ വാങ്ങിയ ശമ്പളവും പറ്റിയ ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടക്കണം എന്ന് പറയേണ്ടതായി വരും. യു എ ഇ കോൺസുലേറ്റ് വഴി കേരളത്തിലേക്ക് ചാരിറ്റി സാധനങ്ങൾ വരുന്നത് ഇത് ആദ്യമായല്ല. ഖുർആൻ കോപ്പികൾ കേരളത്തിലേക്കു മാത്രമല്ല, ഗുജറാത്തിലേക്കും മറ്റു പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ടത്രെ. അപ്പോൾ മന്ത്രിയുടെ രാജിയല്ല വിഷയം.
  യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണക്കടത്തിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് ആക്ഷേപമില്ല. ക്വിന്റൽ കണക്കിനു സ്വർണം കടത്തിയെന്നാണ് കേസ്. മന്ത്രി പറയുന്നത് തന്റെയോ ഭാര്യയുടെയോ പേരിൽ ഒരു തരി സ്വർണവും സ്വന്തമായില്ല എന്നാണ്. 116 കോടിയുടെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതിയായ നേതാവിന്റെ പാർട്ടിയും സമര രംഗത്തുണ്ട് എന്നതും കൗതുകമായി. ചാരിറ്റി കിറ്റുകളും ഖുർആൻ പ്രതികളും കൈപ്പറ്റിയതിൽ പറയപ്പെടുന്ന പ്രോട്ടോകോൾ പ്രശ്‌നം തീർത്തും സാങ്കേതികമാണ്. മന്ത്രി വെളിപ്പെടുത്തിയപ്പോഴാണ് ഈ വിഷയം ചർച്ചയായതുതന്നെ. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും തുടക്കത്തിൽതന്നെ അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പേരിൽ രാജി ആവശ്യപ്പെട്ടു തുടങ്ങിയാൽ രാജ്യത്ത് കോൺഗ്രസിന്റെയും ബി ജെ പിയുടെയും എത്ര മന്ത്രിമാരും നേതാക്കളും കസേരയിൽ അവശേഷിക്കും?
  ആർ എസ് എസിന്റെയും കേന്ദ്ര സർക്കാറിന്റെയും മുസ്‌ലിംവിരുദ്ധ അജൻഡയുടെ നടത്തിപ്പിലേക്ക് കോൺഗ്രസിന്റെ ഒരു ചെറുകൈ സഹായം; അതാകും യു ഡി എഫ് കൺവീനർ പ്രധാനമന്ത്രിക്കയച്ച പരാതിക്കത്തിന്റെ ആത്യന്തിക ഫലം. ഒരു സമുദായത്തെയാകെ ഒറ്റുകൊടുത്തതിന് തുല്യമായി ഈ നടപടി. ഈ വിവാദം വലിയതോതിൽ സാമുദായിക ധ്രുവീകരണത്തിനും മതസ്പർധക്കും കാരണമാകും. ഖുർആൻ, റമസാൻ, യു എ ഇ, ജലീൽ എന്നൊക്കെ കേട്ടാൽ വികാരം കുത്തിയൊലിക്കാൻ മാത്രം സാമുദായിക പ്രതലം വിഷലിപ്തമായ കാലമാണിത്. വെച്ചത് ജലീലിനാണെങ്കിലും കൊള്ളുന്നത് ഒരു സമുദായത്തിന് ഒന്നാകെയാണ്. ചില്ലറ രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയക്കാർ ഇമ്മാതിരി തീക്കളി കളിക്കരുത്.
  കേരള സർക്കാറിനെതിരായ പ്രക്ഷോഭനിരയിൽ കോൺഗ്രസും ലീഗും ബി ജെ പിയും മടമ്പുകാൽ ഒപ്പിച്ച്‌ നിൽക്കുന്നതും കൗതുകമുള്ള കാഴ്ചയാണ്. മൂന്ന് പാർട്ടികൾക്കും ഒരേ ഭാഷ, ഒരേ സ്വരം, ഒരേ അജൻഡ! പ്രസ്താവനകളും സമര രീതികളും സമാനം. ശ്രദ്ധിച്ചില്ലെങ്കിൽ ചെന്നിത്തലയെയും സുരേന്ദ്രനെയും കുഞ്ഞാപ്പയെയും വെച്ചുമാറിപ്പോകും. കേരളത്തിൽ കോലീബി സഖ്യം മറയില്ലാതെ അവതരിച്ചിരിക്കുന്നു എന്നുവേണം കരുതാൻ.
  ഒന്നെടുത്താൽ മറ്റൊന്ന് ഫ്രീ എന്ന മാർക്കറ്റിംഗ് രീതി ഓർമിപ്പിക്കുന്നതാണ് ദേശീയ തലത്തിൽതന്നെ കോൺഗ്രസ്- ബി ജെ പി വാങ്ങൽ കൊടുക്കലുകൾ. കോൺഗ്രസിൽനിന്ന് കർണാടകം ബി ജെ പി വിലകൊടുത്ത് വാങ്ങിയപ്പോൾ ഫ്രീ കിട്ടിയതാകണം കേരളം. ചില്ലിക്കാശിന്റെ ചെലവില്ലാതെ എത്ര മനോഹരമായിട്ടാണ് ബി ജെ പിയുടെ അജൻഡകൾ കേരളത്തിൽ കോൺഗ്രസ് നടപ്പാക്കിക്കൊടുത്തു കൊണ്ടിരിക്കുന്നത്. ലീഗ് ഉൾപ്പെടെയുള്ള യു ഡി എഫ് എന്ന വിശാലമായ പ്ലാറ്റ്‌ഫോം ഇടപാടിൽ ബി ജെ പിക്ക് കിട്ടിയത് അധികലാഭമാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.