Home KeralaFocus സുരേന്ദ്രനെയും കുഞ്ഞാപ്പയെയും തമ്മിൽ മാറിപ്പോകരുത്, തെരുവ് സമരങ്ങൾക്കെതിരെ കാന്തപുരം വിഭാഗം

സുരേന്ദ്രനെയും കുഞ്ഞാപ്പയെയും തമ്മിൽ മാറിപ്പോകരുത്, തെരുവ് സമരങ്ങൾക്കെതിരെ കാന്തപുരം വിഭാഗം

SHARE

കോലീബി സഖ്യം ഒന്നിച്ച്‌ അവതരിപ്പിക്കുന്ന സമരം സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന് കാന്തപുരം വിഭാഗം. കോൺഗ്രസിനും മുസ്ലിംലീഗിനും ബിജെപിക്കും ഒരേ ഭാഷയും സ്വരവും അജൻഡയുമാണ്‌. സ്വർണക്കടത്തോ ഖുർആൻ കടത്തോ ലൈഫ്‌ മിഷനോ ഒന്നുമല്ല വിഷയമെന്നും ഭരണത്തുടർച്ചാ ഭീതിയാണിപ്പോഴത്തെ കോലാഹലങ്ങൾക്ക്‌ കാരണമെന്നും കാന്തപുരം വിഭാഗം സുന്നികൾ വ്യക്തമാക്കുന്നു. മുഖപത്രമായ ‘സിറാജി’ൽ ഒ എം തരുവണ- എഴുതിയ ‘രാഷ്‌ട്രീയ ലാഭത്തിനുള്ള തീക്കളികൾ’ എന്ന ലേഖനത്തിലാണ്‌ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും സമരാഭാസത്തെ രൂക്ഷമായി വിമർശിച്ചത്‌.

ചില്ലി കാശിന്റെ ചിലവില്ലാതെ ബി.ജെ.പി കേരളത്തിൽ അജണ്ട നടപ്പാക്കുകയാണ്. ബി.ജെ.പിയുടെ അതെ പാതയിൽ, അതെ ഭാവത്തിൽ ലീഗും കോൺഗ്രസ്സും ആ അജണ്ടയ്ക്ക് കുടപിടിക്കുകയാണ്. സമരങ്ങൾക്കിടയിൽ കുഞ്ഞാലിക്കുട്ടിയെയും സുരേന്ദ്രന്റെയും തമ്മിൽ മാറിപ്പോകരുത് എന്നും ലേഖനത്തിൽ രൂക്ഷ വിമർശനം നടത്തുന്നു. ലീഗ്‌ ഉൾപ്പെടെയുള്ള യുഡിഎഫ്‌ എന്ന വിശാല പ്ലാറ്റ്‌ഫോം, ഇടപാടിൽ ബിജെപിക്ക്‌ കിട്ടിയ അധിക ലാഭമാണ്‌. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഏറ്റക്കുറച്ചിലോടെ ഭരണസുഖം. അതില്ലാതാകുക എന്നുവച്ചാൽ!
ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും പ്രാന്തെടുത്ത്‌ പായുന്നതിന്റെ പൊരുൾ മനസ്സിലാകണമെങ്കിൽ ഭരണമില്ലാത്ത അടുത്ത അഞ്ചുവർഷങ്ങൾ കൂടി സങ്കൽപിച്ചുനോക്കണം. ആകെ പത്തുവർഷം ഭരണത്തിനുപുറത്ത്‌! പിന്നെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ കോൺഗ്രസ്‌ ശരിക്കും കോൺ‘ഗ്രാസാ’കും.തുണിക്കോന്തല പോലെയുള്ള ഒരു പാർടിയിൽ അണികൾ ഇപ്പോൾ ഒട്ടിപ്പിടിച്ചുനിൽക്കുന്നത്‌ അധികാരം ഒരുനാൾ വരും എന്ന വിശ്വാസത്തിലാണ്‌. ആകപ്പാടെ ആലോചിച്ചാൽ ചെന്നിത്തലക്കെന്നല്ല ശരിയായ തലയുള്ള ആർക്കും പ്രാന്തായിപ്പോകും. ആത്മരക്ഷാർഥം ജലീൽ എന്നല്ല ഏതു പുൽക്കൊടിയിലും കയറിപ്പിടിക്കും.

മന്ത്രി ജലീലിനെതിരായ ഈ പടപ്പുറപ്പാട്‌ ആപത്‌ക്കരമാണ്‌. യുഎഇയുമായുള്ള സൗഹൃദത്തെയും കരുതലിനെയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലിൽ നിർത്തുന്ന നടപടികൾ ആത്മഹത്യാപരമായിരിക്കും. വച്ചത്‌ ജലീലിനാണെങ്കിലും കൊളളുന്നത്‌ ഒരു സമുദായത്തിന്‌ ഒന്നാകെയാണ്‌. ചില്ലറ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ഈ തീക്കളി കളിക്കരുതെന്നും ലേഖനം ഓർമിപ്പിക്കുന്നു.
പ്രതിസന്ധികളെ അസാധാരണ മെയ്‌വഴക്കത്തോടെയാണ്‌ സർക്കാർ കൈകാര്യം ചെയ്‌തത്‌. ഇപ്പോഴും പാസ്‌മാർക്കിന്‌ കളിയില്ല. അതിനാൽ പ്രതിപക്ഷത്തിന്റെ ബേജാറിന്‌ വലിയ അർഥങ്ങളുണ്ട്‌. സ്വർണക്കടത്ത്‌ കേസ്‌ മുതൽ ഓണക്കിറ്റിലെ കടുകിന്റെ എണ്ണക്കുറവ്‌ വരെ വിഷയമാകുന്നതും സ്വാഭാവികം. മന്ത്രി ജലീലിനെ രണ്ടര‌ മണിക്കൂർ ചോദ്യംചെയ്‌തത്‌ പ്രശ്‌നമാകുന്നതും ചിദംബരത്തെ 70 മണിക്കൂർ ചോദ്യം ചെയ്‌തത്‌ വിഷയമല്ലാതാകുന്നതും വലതുമുന്നണി എത്തിയ സ്ഥലജലവിഭ്രമത്തിന്റെ അടയാളമാണ്‌ എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.