Home KeralaFocus മുരളീധരന്റെ നുണയും, ലീഗിന്റെ കെണിയും, ഒരല്പം കള്ളക്കടത്തും

മുരളീധരന്റെ നുണയും, ലീഗിന്റെ കെണിയും, ഒരല്പം കള്ളക്കടത്തും

SHARE

സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ് ബി.ജെ.പി ഒത്തുകളി പുറത്ത് വരികയാണ്. സർക്കാരിനെതിരെ പ്രതിഷേധം തിരിച്ചു വിടാൻ നടത്തിയ എല്ലാ ആരോപണങ്ങളും ഒടുവിൽ പ്രതിപക്ഷത്തിന് തിരിച്ചടിയാകുന്നു. കോറോണയെ പോലും മറന്നു കൊണ്ട് ഈ മുക്കൂട്ട് മുന്നണി തങ്ങൾ തിരക്കഥയെഴുതിയ നാടകം പൊളിയാതിരിക്കാനുള്ള എല്ലാ വഴികളും പ്രയോഗിക്കുകയാണ്. തുടക്കം മുതൽ ദുരൂഹത നിലനിന്ന കേസിൽ ബി.ജെ.പി ഉന്നത നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട് എന്നതാണ് വാസ്തവം. ഡിപ്ലോമാറ്റിക്ക് ബാഗ്ഗജ് കസ്റ്റംസ് പിടിക്കുന്ന വേളയിൽ അത് വിട്ടു കിട്ടുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ വിളിച്ചത് ബി.എം.എസ് നേതാവായിരുന്നു. തുടർന്ന് സ്വപ്നയ്ക്കൊപ്പം പിടിക്കപ്പെട്ട കൂട്ട് പ്രതികളിൽ ഒരാൾ ബി.ജെ.പി അനുഭാവിയും. പിന്നീട് ലീഗ് ബന്ധമുള്ളവർ കേസിൽ തുടർച്ചയായി അറസ്റ്റ് ചെയ്യപ്പെടുന്നു. എന്നാൽ യു. ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ മന്ത്രി കെ.ടി. ജലീലിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി നൽകുന്നു. റംസാൻ മാസത്തിൽ അവശ വിഭാഗങ്ങൾക്ക് നൽകാൻ യു.എ.ഇ കോൺസുലേറ്റ് നൽകിയ ഖുർആനോടൊപ്പം സ്വർണ്ണം കടത്തി എന്ന വ്യാജ ആരോപണം ലീഗ് ഉന്നയിക്കുന്നു. തുടർന്ന് ബി.ജെ.പി യും ലീഗും, കോൺഗ്രസ്സും ഒത്ത് ചേർന്ന് സമരങ്ങൾ നടത്തുന്നു. ചില വിഷയങ്ങൾ ഇതിനിടയിൽ മാധ്യമങ്ങൾ മറച്ച് വെക്കുന്നു.

കേന്ദ്ര മന്ത്രി കൂടിയായ വി. മുരളീധരൻ ആദ്യം മുതൽ പറയുന്നതും, ഇപ്പോൾ ആവർത്തിക്കുന്നതുമായ കാര്യമാണ് നയതന്ത്ര ബാഗേജിൽ അല്ല സ്വർണം വന്നത് എന്നത്. കഴിഞ്ഞ ദിവസം പാർലമെൻറിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി അനുരാജ് താക്കൂർ മുരളീധരനെ തള്ളി പറഞ്ഞു. നയതന്ത്ര ബാഗേജിൽ തന്നെയാണ് സ്വർണം വന്നത് എന്ന് അടിവരയിട്ട് വ്യക്തമാക്കി. അങ്ങനെയെങ്കിൽ ആർക്ക് വേണ്ടിയാണ് മുരളീധരൻ കള്ളം പറയുന്നത്. രാജ്യസ്നേഹികളെന്ന് സ്വയം അവകാശപ്പെടുന്ന ബി.ജെ.പിയുടെ നേതാവ് തന്നെ കേരളത്തിലെ ഏറ്റവും വലിയ കള്ളക്കടത്തിന് അണിയറ ഒരുക്കിയെന്നു സംശയിക്കാൻ ഏറെയുണ്ട് കാര്യങ്ങൾ. യു.എ.ഇ യിൽ നിന്ന് സ്വർണം അയച്ചു എന്ന് പറയുന്ന ഫൈസൽ ഫരീദിനെ ഇതുവരെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുരളീധരൻ സ്വീകരിച്ചത്?

കോൺഗ്രസിന്റെ നേതൃത്വം മുരളീധരനോട് കാണിക്കുന്ന അപകടകരമായ മൗനം കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പിയോട് സഖ്യം ചേരുകയെന്നത് അവരുടെ അരമന രഹസ്യം ആണെങ്കിലും അതിപ്പോൾ അങ്ങാടി പാട്ടാണ്. കെ.സി വേണുഗോപാലിന്റെ സമയത്താണ് സ്വപ്നയുടെ നിയമനം നടന്നത് എന്ന ആരോപണം തുടക്കത്തിൽ ഉയർന്നിരുന്നു.

കേസിൽ അനിൽ നമ്പ്യാർ ഉൾപ്പടെയുള്ള ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായപ്പോൾ കോൺ​ഗ്രസ് മൗനം വിദ്വാന് ഭൂഷണമെന്ന സമീപനമാണ് സ്വീകരിച്ചത. പിന്നീട് ലീഗിന് വെല്ലുവിളി ഉയർത്തുന്ന കെ ടി ജലീൽ എന്ന നേതാവിനെ ഒതുക്കാൻ സംഘ് പരിവാറിനൊപ്പം തോളോട് തോൾ ചേർന്നിരിക്കുന്നു. കുഞ്ഞാലിക്കുട്ടി എം.പി.യുടെ ബന്ധുകൂടിയായ റമീസ് വലയിൽ കുടുങ്ങുമ്പോൾ കൊടിയും ചുരുട്ടി പായസം കുടിക്കാൻ പോയ പ്രതിപക്ഷ നേതാവ് ഉയർത്തുന്ന ആരോപണങ്ങൾ ഒടുവിൽ പ്രതിപക്ഷത്തിന് തന്നെ പാരയാകുകയാണ്. സ്വപ്ന സുരേഷ് ആശുപത്രിയിൽ എത്തുന്ന ദിവസം അനിൽ അക്കരെ എം.എൽ.എ അവിടെ സന്ദർശനം നടത്തിയത് വിവാദമായിക്കഴിഞ്ഞു. കെ.ടി ജലീലിന് ഇതിനോടകം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞു. എന്നിട്ടും തെരുവിൽ ആളെക്കൂട്ടി കോൺഗ്രസ്സും ബി.ജെ.പിയും നാടകം തുടരുകയാണ്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങളോട് ഇക്കൂട്ടർ നടത്തുന്ന മനുഷ്യാവകാശങ്ങളെ പോലും തച്ചുടയ്ക്കുന്ന മൂന്നാംകിട രാഷ്ട്രീയ നാടകമാണ്. മഴവിൽ മുന്നണിക്ക് അധികാരം നേടാൻ നാട്ടിൽ കൊറോണ പടർത്തുന്ന നടപടിയാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.