Home KeralaFocus തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങൾക്കു പിന്നിൽ വൻ ഗൂഢാലോചന: ഇ പി ജയരാജൻ

തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങൾക്കു പിന്നിൽ വൻ ഗൂഢാലോചന: ഇ പി ജയരാജൻ

SHARE

തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ വൻ ​ഗൂഢാലോചനയെന്ന് മന്ത്രി ഇ പി ജയരാജൻ. മലയാള മനോരമയും ചില രാഷ്‌ട്രീയ എതിരാളികളും ചേർന്ന്‌ വ്യാജവും തികച്ചും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി അതിനീചമായ ആക്രമണമാണ്‌ നടത്തുന്നതെന്ന് അ​ദ്ദേഹം വ്യക്തമാക്കി‌.

പൊതുപ്രവർത്തകൻ എന്ന നിലയിൽ എനിക്കെതിരെ മാത്രമല്ല, എന്റെ ഭാര്യയ്‌ക്കും മക്കൾക്കും എതിരായി പോലും അതിക്രൂരവും മനസ്സാക്ഷിക്ക്‌ നിരക്കാത്തതുമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ്‌. വൻ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്‌. രാഷ്‌ട്രീയ എതിരാളികളും ചില മാധ്യമങ്ങളുടെ പ്രതിനിധികളുമാണ്‌ ഈ നെറികെട്ട നീക്കങ്ങൾക്കു പിന്നിൽ. കള്ളപ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട എന്നാണ്‌ കരുതിയത്‌. എന്നാൽ, തുടർച്ചയായി ഇത്തരം ആരോപണങ്ങൾ വരുമ്പോൾ ജനങ്ങളോട് വസ്‌തുതകൾ പറയേണ്ടത്‌ ജനപ്രതിനിധിയെന്ന നിലയിൽ എന്റെ ബാധ്യതയെന്ന്‌ കരുതുന്നതിനാലാണ്‌ ഇപ്പോൾ പ്രതികരിക്കുന്നത്‌. മകനും ഭാര്യക്കും എതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
മാനുഷികമായ നേരിയ പരിഗണന പോലും ഇല്ലാതെയാണ്‌ രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള വേട്ടയാടൽ.
ഒരു മാധ്യമധർമ്മവും കണക്കിലെടുക്കാതെ ഭാര്യക്കെതിരെ മനോരമ തിങ്കളാഴ്‌ച മെനഞ്ഞ വാർത്ത അതിനു തെളിവാണ്‌. സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത തോമസ്‌ ഐസകിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഞാൻ ക്വാറന്റയിനിൽ ആയിരുന്നു. ഭാര്യ ക്വാറന്റയിനിൽ ആയിരുന്നില്ല. കൊവിഡ്‌ പ്രേട്ടോകോൾ ലംഘിച്ച്‌ ഭാര്യ അവർ നേരത്തെ ജോലി ചെയ്‌ത കണ്ണൂരിലെ ബാങ്കിൽ പോയെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച്‌ ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ്‌ ഭാര്യ ബാങ്കിൽ പോയത്‌. സെപ്തംബർ 25, 27 തിയതികളിൽ രണ്ടു പേരക്കുട്ടികളുടെ പിറന്നാളാണ്. കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചാണ്‌ എല്ലാ ഇടപാടുകളും നടത്തിയത്‌. ഈ വസ്‌തുതകൾ മറച്ചുവെച്ചാണ്‌ ഒരു ധാർമ്മികതയും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്‌. ഒരു സ്‌ത്രീയെ വ്യക്തിഹത്യ നടത്താൻ മടികാണിക്കാത്ത നെറികെട്ട നിലപാട്‌ ഒരു മാധ്യമത്തിനും ചേർന്നതല്ല. അനാവശ്യമായ ഒരു വിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മക്കൾ മാന്യമായി ജോലി ചെയ്‌തു ജീവിക്കുന്നവരാണ്‌.

മകനെതിരെയും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച്‌ പുകമറ സൃഷ്‌ടിക്കുകയാണ്‌. മകനെതിരെ മനോരമ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത എൻഫോഴ്‌സ്‌മെന്റ്‌ റിപ്പോർട്ടാണ്‌ എന്ന രീതിയിൽ ബി ജെ പി അദ്ധ്യക്ഷൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്‌ പരിഹാസ്യമാണ്‌. മകന്‌ ഒരറിവുമില്ലാത്ത വിഷയങ്ങളിൽ അഴിമതി ആരോപിക്കുന്നത്‌ അതിക്രൂരമാണ്‌. പതിറ്റാണ്ടുകളായി രാഷ്‌ട്രീയരംഗത്തുള്ള എന്നെ ജനങ്ങൾക്ക്‌ അറിയാം. എന്നും അവർക്കൊപ്പം നിലകൊള്ളുകയും ജനകീയ പ്രശ്‌നങ്ങൾക്കായി ശബ്‌ദം ഉയർത്തുകയും ചെയ്‌ത ഞാൻ അവരിൽ ഒരാളാണ്‌. മാധ്യമങ്ങളും രാഷ്‌ട്രീയ എതിരാളികളും നടത്തുന്ന കള്ളപ്രചാരണം കേരള ജനത തിരിച്ചറിയും. ജനാധിപത്യ ഭരണം അട്ടിമറിക്കാനും ജനോപകര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഗവൺമെന്റിനെ അട്ടിമറിക്കാനും വർഗീയ ഫാസിസ്റ്റ്‌ ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ട്‌ എല്ലാ വിഷവും ചീറ്റുകയാണ്‌. അധികാരത്തിനായി അവർ ഏതു വഴിയും സ്വീകരിക്കും.

എല്ലാ കാലവും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ സാധിക്കില്ല. കേരള ജനതയുടെ യുക്തിയെ പോലും പരിഹസിക്കുന്ന കള്ളക്കഥകൾക്ക്‌ ആയുസ് കുറവായിരിക്കും. സത്യം പുറത്തുവരിക തന്നെ ചെയ്യും. ജനങ്ങളുടെ കോടതിയിൽ ഞങ്ങൾക്ക്‌ പൂർണ്ണ വിശ്വാസമുണ്ട്‌. അവർ യാഥാർത്ഥ്യം തിരിച്ചറിയും. യഥാർത്ഥ വസ്‌തതുതകൾ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. മലയാള മനോരമക്കെതിരെയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും നിയമ നടപടികൾ സ്വീകരിക്കും മന്ത്രി കൂട്ടിചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.