രാമക്ഷേത്ര ട്രസ്റ്റിൽ നിന്ന്‌ പണം തട്ടലിൽ അന്വേഷണം: ബിജെപിക്ക്‌ കുരുക്ക്‌

  SHARE

  രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപ അനധികൃതമായി പിൻവലിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം. രണ്ട്‌ ചെക്കിലായാണ് പണം പിൻവലിച്ചത്‌. 9.86 ലക്ഷത്തിന്റെ മൂന്നാമതൊരു ചെക്കുകൂടി സമർപ്പിച്ചെങ്കിലും ബാങ്ക്‌ ജീവനക്കാര്‍ ഇടപെട്ടതിനാൽ പിൻവലിക്കാനായില്ല. രാമക്ഷേത്രത്തിനായി പിരിച്ച തുകയില്‍നിന്ന്‌ 1400 കോടി സംഘപരിവാർ അടിച്ചുമാറ്റിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ചെക്കിടപാട് പറുത്തുവന്നത്.

  രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ കോടിക്കണക്കിനു രൂപയുണ്ട്. ട്രസ്റ്റ്‌ സെക്രട്ടറിയും വിഎച്ച്‌പി നേതാവുമായ ചമ്പക്‌ റായിയുടെയും മറ്റൊരു ട്രസ്റ്റംഗത്തിന്റെയും പേരിലാണ്‌ അക്കൗണ്ട്‌. ചെക്കിൽ ഇവരുടെ ഒപ്പ് വേണം. ലക്ഷങ്ങള്‍ തുടർച്ചയായി പിൻവലിച്ചതോടെ‌ ബാങ്ക്‌ ഉദ്യോഗസ്ഥർക്ക്‌ സംശയംതോന്നി. മൂന്നാമത്തെ ചെക്ക്‌ വന്നപ്പോള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. വ്യാജചെക്ക്‌ സമർപ്പിച്ചാണ്‌ ഇടപാട്‌ നടത്തിയതെന്നാണ്‌ ട്രസ്റ്റിന്റെ വിശദീകരണം.

  ട്രസ്റ്റിന്റെ പരാതിയില്‍ യുപി പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ചെക്കിലെ ചമ്പക്‌ റായിയുടെയും മറ്റും ഒപ്പും വ്യാജമാണെന്ന നിലപാടിലാണ്‌ ട്രസ്റ്റ്‌. ബാങ്കിൽ സമർപ്പിക്കപ്പെട്ട നമ്പരോടുകൂടിയ ചെക്ക്‌ ലീഫുകൾ ട്രസ്റ്റിന്റെ പക്കലുണ്ടെന്നും  അവകാശപ്പെടുന്നു. പഞ്ചാബ്‌ നാഷണൽ ബാങ്കിലെ അക്കൗണ്ടിലേക്കാണ്‌ രണ്ടു ചെക്കുവഴി ആറു ലക്ഷം മാറ്റിയത്‌. പണം പിന്‍വലിച്ചവരെ വേ​ഗത്തില്‍ കണ്ടുപിടിക്കാനാകുമെങ്കിലും യുപി പോലീസ് മെല്ലെപ്പോക്കിലാണ്.

  അടിച്ചുമാറ്റിയ 1400 കോടി രൂപ ബിജെപി തെരഞ്ഞെടുപ്പ്‌ ചെലവുകൾക്കായി ഉപയോ​ഗിച്ചെന്നാണ് നിർമോഹി അഖാഡയിലെ സന്യാസിമാരും ഹിന്ദുമഹാസഭാ നേതാക്കളും വെളിപ്പെടുത്തിയത്. സാമ്പത്തികക്രമക്കേട്‌ ചൂണ്ടിക്കാട്ടിയ പലരും ദുരൂഹസാഹചര്യത്തിൽ മരിച്ചതായും സന്യാസിമാർ പറഞ്ഞു. ഗൗരവമുള്ള വിഷയമായിട്ടും അന്വേഷണത്തിന്‌ യുപി പൊലീസോ കേന്ദ്ര ഏജൻസികളോ തയ്യാറായിട്ടില്ല.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.