Home Newspool മാധ്യമ ദുര്യോധനൻമാരും ജിഡിപി തകർച്ചയും: എം ബി രാജേഷ്‌ എഴുതുന്നു

മാധ്യമ ദുര്യോധനൻമാരും ജിഡിപി തകർച്ചയും: എം ബി രാജേഷ്‌ എഴുതുന്നു

SHARE

ജാനാമി ധർമ്മം ന ച മേ പ്രവൃത്തി :
ജാനാമ്യധർമ്മം ന ച മേ നിവൃത്തി :

“താങ്കൾക്ക് ഇഷ്ടമുള്ള വിഷയം ചർച്ച ചെയ്യണമെന്നു പറഞ്ഞാൽ എങ്ങിനെ ശരിയാവും?” കഴിഞ്ഞ ദിവസം ഒപ്പു വിവാദത്തെക്കുറിച്ചുള്ള ചർച്ചക്കിടയിൽ GDP തകർച്ചയെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെ ഇത്തരം അസംബന്ധത്തിനായി സമയം പാഴാക്കുന്നതിനെ വിമർശിച്ച എന്നോട് അവതാരക പരിഹാസത്തോടെ ഉന്നയിച്ച ചോദ്യമാണിത്. GDP തകർച്ച മാദ്ധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ മാത്രം പ്രാധാന്യമുള്ളതല്ലെന്ന്. ഒരൊറ്റ ‘നിഷ്പക്ഷ’ മാദ്ധ്യമത്തിനും അതൊരു ചർച്ചാ വിഷയവുമായില്ല.

GDP തകർന്നാൽ ആർക്കാണ് ചേതം? നമ്മളെല്ലാമുൾപ്പെടുന്നവരുടെ പണിയും വരുമാനവും ജീവിതവും ഭാവിയുമാണ് തകരുന്നത്. അല്ലാതെ മൂന്നക്ഷരമല്ല. ഏപ്രിൽ-ജൂൺ പാദത്തിൽ GDP 24% തകർന്നടിഞ്ഞപ്പോൾ പണി പോയത് 1.89 കോടിയാളുകൾക്ക്. (CMIE)അക്കൂട്ടത്തിൽ നമ്മിൽ പലരും ഉണ്ടാകും. നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ഉണ്ടാകാം. 1. 89 കോടി മാസ ശമ്പളക്കാർ മാത്രമാണ്. മാദ്ധ്യമ പ്രവർത്തകർ പോലും അനേകമുണ്ട്.കൂലിവേലക്കാർക്ക് പണി പോയത് വേറെ .പണി പോകാത്തവരിൽ പലരുടേയും വേതനം നാലിലൊന്നും പാതിയുമായി വെട്ടിക്കുറച്ചു. ആളുകളുടെ കയ്യിൽ പണമില്ലാതായി. നാട്ടിൽ വറുതി കൂടി. അപ്പോഴും മയിലിന് തീറ്റ കൊടുക്കുന്ന ലാഘവത്തിൽ മാദ്ധ്യമങ്ങൾ അസംബന്ധ ചർച്ചകളിൽ ആറാടി സമയം പോക്കുന്നു.

ഈ ആഗസ്റ്റ് 24ൻ്റെ The Indian Expreടട ൻ്റെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ട് നമ്മുടെ മാദ്ധ്യമങ്ങൾക്കൊന്നും വാർത്താ മൂല്യമുള്ളതായി തോന്നിയില്ല. കേന്ദ്രത്തിൻ്റെ ആത്മ നിർഭർപോർട്ടലിൽ (ASEEM ) 40 ദിവസത്തിനകം രജിസ്റ്റർ ചെയ്തത് 69 ലക്ഷം പേർ.എല്ലാവരും ഈ കാലയളവിൽ പണിപോയവർ. പോർട്ടലിലൂടെ പണി കിട്ടിയവർ 7700 പേർ മാത്രം! കേരളത്തിലാണെങ്കിൽ ” പറഞ്ഞു പറ്റിക്കാൻ പോർട്ടൽ, പണി പാളിയ സർക്കാർ ” എന്നൊരു പ്രാസമൊപ്പിച്ച തലക്കെട്ടും അതിലൊരു ചർച്ചയും ഉറപ്പിക്കാമായിരുന്നു. ഇതിപ്പോൾ കേന്ദ്രത്തിലായില്ലേ. ചർച്ച ചെയ്താൽ പണി പാളും.

എന്താണ് GDP തകർന്നടിയാൻ കാരണം? കയ്യിൽ കാശില്ലാതെ ജനം ഒന്നും വാങ്ങാതായി. ഉപഭോഗം കുത്തനെ വീണ് തകർന്നു. അതോടെ മുതലാളിമാർ ഉൽപ്പാദിപ്പിക്കാൻ പണം മുടക്കാതുമായി. ഉപഭോഗത്തിലും നിക്ഷേപത്തിലും കൂടി ഉണ്ടായ ഇടിവ് 10.64 ലക്ഷം കോടി ! ആരായിരുന്നു താങ്ങി നിർത്തേണ്ടിയിരുന്നത്? കേന്ദ്ര സർക്കാർ. അവരെത്ര താങ്ങി? 68387 കോടി. 10.64 ലക്ഷം കോടിയുടെ ഇടിവു നികത്താൻ കേന്ദ്രം ചെലവഴിച്ച തുകയാണിത്. ആനവായിൽ അമ്പഴങ്ങ .ആത്മ നിർഭർ പാക്കേജിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി എന്തായി? ആര് ചോദിക്കാൻ കേന്ദ്രമായിപ്പോയില്ലേ? പാക്കേജ് പ്രഖ്യാപിച്ചിട്ടും ചെലവഴിക്കാൻ പണമില്ലാത്തത് എന്തുകൊണ്ട്? കോർപ്പറേറ്റുകൾക്ക് നികുതിയിളവുകൾ കൊടുത്ത് ഖജനാവ് കാലിയായതുകൊണ്ട് .ടെലികോം കമ്പനികൾ സർക്കാരിന് നൽകേണ്ട കുടിശ്ശിക 3 ലക്ഷം കോടി നൽകാൻ കഴിഞ്ഞാഴ്ചയാണ് കോടതിയിൽ 10 വർഷത്തെ സമയം കൊടുത്തത്. അവരുടെ കഷ്ടപ്പാട് കേന്ദ്രത്തിൻ്റെ മനസ്സലിയിച്ചു.

കോവിഡ് മാത്രമാണോ തകർച്ചക്ക് കാരണം? അല്ല. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും, 40 വർഷത്തിനിടയിലാദ്യമായി ഇടിഞ്ഞ ഉപഭോഗവും 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കും കോവിഡിനും മുമ്പ് സംഭവിച്ചതായിരുന്നല്ലോ. ഇപ്പോൾ ലോകത്തെ പ്രധാന രാജ്യങ്ങൾക്കൊന്നും സംഭവിക്കാത്ത തകർച്ച ഇന്ത്യക്ക് സംഭവിച്ചിരിക്കുന്നു. ജപ്പാൻ, ജർമ്മനി, കാനഡ, ഫ്രാൻസ്, ഇറ്റലി, റഷ്യ, ഇന്തോനേഷ്യ, തായ്ലാൻറ് തെക്കൻ കൊറിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലൊക്കെ സംഭവിച്ചതിൻ്റെ ഇരട്ടി മുതൽ എട്ടിരട്ടി വരെയാണ് ഇന്ത്യയിലെ സാമ്പത്തിക തകർച്ച !! ആരും കാണില്ലെന്നുറപ്പാക്കി കൊടുത്തെന്നു വരുത്താൻ വേണ്ടി മാത്രം കൊടുക്കുന്ന വാർത്തകൾ. വൻ തലക്കെട്ടില്ല, ഗ്രാഫിക്സില്ല, ചർച്ചകളില്ല, ചോദ്യങ്ങളില്ല, വിമർശനങ്ങളില്ല. അപദാനങ്ങൾ വാഴ്ത്തിപ്പാടൽ മാത്രം . മയിൽപ്പീലിത്തുണ്ടുകളേയും മാഞ്ചുവട്ടിലെ വിശ്രമവേളകളേയും കുറിച്ചുള്ള സ്തുതിഗീതങ്ങൾ ഒ.വി.വിജയൻ്റെ ധർമ്മപുരാണം ഓർമ്മിപ്പിക്കുന്നില്ലേ? മാദ്ധ്യമങ്ങൾ എന്തു ചെയ്യാനാ? കേരളമായിരുന്നെങ്കിൽ ഒരു പാഠം പഠിപ്പിക്കാമായിരുന്നു. ഇതിപ്പോൾ ഭാരത വർഷത്തിലെ പ്രജാപതിയായിപ്പോയില്ലേ?

മാദ്ധ്യമങ്ങൾ ദുര്യോധനനെപ്പോലെയാണ്. ധർമ്മം എന്താണെന്ന് അവർക്കറിയാം. പക്ഷേ അത് പ്രവൃത്തിക്കാൻ വയ്യ. അധർമ്മം എന്താണെന്നുമറിയാം. പക്ഷേ അതിൽ നിന്ന് നിവൃത്തിക്കാനും വയ്യ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.