Home Kerala സർക്കാർ വിവരങ്ങൾ ചോർത്തൽ: കോൺഗ്രസ്‌ നേതാക്കൾ കുടുങ്ങും

സർക്കാർ വിവരങ്ങൾ ചോർത്തൽ: കോൺഗ്രസ്‌ നേതാക്കൾ കുടുങ്ങും

SHARE

കെ പി സി സി അധ്യക്ഷൻ സർവ്വീസ് സംഘടനാ നേതാക്കളുടെ വിവാദ യോഗം വിളിച്ച സംഭവത്തിൽ സർക്കാർ കർശന നടപടിക്ക്. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിൽ വിലക്കുണ്ട്. ഈ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ള സാഹചര്യത്തിൽ കർശന നടപടിയിലേക്ക് സർക്കാർ നീങ്ങുന്നതായാണ് സൂചന. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ചാകും തുടർ നടപടികൾ.

സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തതിനൊപ്പം സർക്കാർ രഹസ്യങ്ങൾ കെപിസിസി ഓഫീസിലേക്ക് ചോർത്തി നൽകാൻ ആഹ്വാനം ചെയ്തതും സർക്കാർ ഗൗരവമായി കാണുന്നുണ്ട്. വിവരങ്ങളും ഫയലുകളും ചോർത്തി നൽകുന്നത് ഗുരുതരമായ ക്രമക്കേടാണെന്നാണ് വിലയിരുത്തൽ. ജോലിയിൽ നിന്നും പുറത്താക്കാൻ ഉൾപ്പെടെ ഇത് വഴി വെച്ചേക്കാം. തെളിവ് കണ്ടെത്തിയാൽ ഇത്തരം നടപടികൾ ഉറപ്പാണെന്ന് സർവ്വീസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് വൈകിപ്പിക്കാനും തടസപ്പെടുത്താനുമുള്ള നീക്കവും അതീവ ഗുരുതരമായ കുറ്റമാണ്. താഴേക്കിടയിലേക്ക് അത്തരം സന്ദേശങ്ങൾ ചില കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ നൽകിയതായാണ് വിവരം. സുപ്രധാന പദ്ധതികൾ തടസ്സപ്പെട്ടു നിന്നാൽ ജനരോഷം സർക്കാരിനെതിരാക്കാമെന്നാണ് ഇവർ നൽകിയ നിർദ്ദേശം. ലൈഫ്, പെൻഷൻ അടക്കമുള്ള പദ്ധതികളെ ഈ തരത്തിൽ വൈകിപ്പിക്കാമെന്ന് ഇവർ കണക്കുകൂട്ടുന്നു.

പി എസ് സി ഉദ്യോഗസ്ഥരിൽ ചിലരും ഈ യോഗത്തിനെത്തിയത് നിയമ വിരുദ്ധമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപകാലത്ത് പി എസ് സിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നിൽ ഈ സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പി എസ് സി യെ തകർക്കാനുള്ള ശ്രമം നടന്നോ എന്നാണ് പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.