കൊല്ലത്ത് സിഐടിയു തൊഴിലാളികൾക്ക് നേരെ ഐഎൻടിയുസി വധശ്രമം

  SHARE

  അഞ്ചൽ: കൊല്ലം കുളത്തുപ്പുഴയിൽ സിഐടിയു തൊഴിലാളികളെ ഐഎൻടിയുസി സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റിലായിരുന്നു ഐഎൻടിയുസി അക്രമം. എട്ടാം ബ്ലോക്കിലെ സിഐടിയു തൊഴിലാളികളായ കുമാർ, വിജയൻ എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്. കുമാറിന്റെ കൈ വെട്ടേറ്റ് അറ്റു പോകുന്ന നിലയിലാണ്. കുമാറിനെ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലും, വിജയനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  ഐഎൻടിയുസിയുടെ തൊഴിലാളിദ്രോഹ നടപടികയിൽ പ്രതിഷേധിച്ച് പത്തോളം കുടുംബങ്ങൾ സിഐടിയുവിൽ ചേർന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇവരെ അക്രമിച്ചത്. ഐഎൻടിയുസി ആർപിഎൽ എസ്റ്റേറ്റ് യൂണിയൻ ജനറൽ കൺവീനർ ഡെനിമോൻ, യേശുദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വടിവാൾ, കമ്പിവടി തുടങ്ങിയ മാരക ആയുധങ്ങളുപയോഗിച്ച് ഇരുവരെയും അക്രമിക്കുകയായിരുന്നു. ഐഎൻടിയുസി യൂണിയൻ വിട്ട് സിഐടിയുവിൽ ചേർന്ന നാൾമുതൽ തങ്ങളെ നിരന്തരം ശല്യം ചെയ്തും ഭീഷണിപ്പെടുത്തിയും വരികയാണെന്നും, ഇവരുടെ ശല്യം മൂലം കതക് പോലും തുറക്കാനാവാതെ വീട്ടിനകത്ത് കഴിയുകയായിരുന്നെന്നും വെട്ടേറ്റ കുമാറിന്റെ ഭാര്യ വനിത പറഞ്ഞു.

  സംസ്ഥാന വ്യാപമായി കോൺഗ്രസ് നടത്തുന്ന ആസൂത്രിത അക്രമത്തിന്റെ ഭാഗമാണ് ആർപിഎൽ എസ്റ്റേറ്റിലെ ഐഎൻടിയുസി അക്രമമെന്ന് സിഐടിയു ജില്ലാസെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു. പ്ലാന്റേഷൻ വർക്കേഴ്‌സ് യുണിയൻ (സിഐടിയു ) നേതൃത്വത്തിൽ നാളെ കൊല്ലം ജില്ലയിലെ തോട്ടം മേഖലയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പരിക്കേറ്റ തൊഴിലാളികളെ പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ മേഖലാ സെക്രട്ടറി ടി അജയൻ, സിപിഐ എം പുനലൂർ ഏരിയാസെക്രട്ടറി എസ് ബിജു, അഞ്ചൽ ഏരിയാ സെക്രട്ടറി ഡി വിശ്വസേനൻ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.