തിരുവനന്തപുരം: സെക്രട്ടറിയറ്റിൽ ഇന്നലെയുണ്ടായ ഷോർട്സർക്യൂട്ടിനെ തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ ആളി കത്തിച്ച് മാതൃഭൂമി, മലയാള മനോരമ ദിനപത്രങ്ങൾ. തീപിടിച്ച് തലസ്ഥാനം എന്ന 100 -110 സൈസ് തലക്കെട്ടിന് കീഴിൽ തീ ആളി കത്തുന്ന ചിത്രം നൽകി വായനക്കാരനെ സംഭ്രമിപ്പിക്കാനുള്ള മനഃശാസ്ത്രപരമായ നീക്കമാണ് മാതൃഭൂമി നടത്തിയിരിക്കുന്നത്. പ്രതിഷേധത്തിൽ കോലം കത്തിക്കുന്ന ചിത്രമാണിതെങ്കിലും വലിയ തീയാണ് സെക്രട്ടറിയേറ്റിൽ ഉണ്ടായതെന്ന് തരത്തിലുള്ള തോന്നൽ ഇത് വായനക്കാരിലുണ്ടാകാൻ സാധ്യതയുണ്ട്.
മനോരമയിൽ അതേസമയം തീ എന്ന് മാത്രമെഴുതി ബക്കറ്റിൽ വെള്ളമെടുത്ത് തീ കെടുത്തുന്ന യദാർത്ഥ ചിത്രവും നൽകിയിട്ടുണ്ട്. വിവാദം കത്തുന്നു എന്നാണ് തലക്കെട്ട്. ഇത് ശരി തന്നെ വിവാദം മാത്രമാണ് കത്തുന്നത്.
തീപിടിത്തം നിർണായ ഓഫീസിൽ എന്നാണ് മനോരമ പറയുന്നത്. സെക്രട്ടറിയറ്റിലെ ഏത് ഓഫീസാണ് നിർണായകം അല്ലാത്തത് എന്നൊന്നും ചോദിക്കരുത്. എന്നാൽ ഇ ഫയലിങ് പൂർണമായും നടപ്പാക്കിയ ഓഫീസിൽ രേഖകൾ സുരക്ഷിതമാണെന്ന വാസ്തവം പത്രങ്ങൾ മറച്ചു വെക്കുന്നു. ഇ ഫയൽ എന്നോ ഡിജിറ്റൽ എന്നോ ഒരു വാക്ക് പോലും മാതൃഭൂമിയിൽ കണ്ടെത്താനാകില്ല.
സ്വർണകടത്ത് കേസിൽ ജനം ടിവിയിലെ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയ വാർത്ത രണ്ടു പത്രങ്ങളും മറച്ച് വച്ചിട്ടുണ്ട്. മനോരമയിൽ 11ആം പേജിൽ കീഴിലായി ചോദ്യം ചെയ്യും എന്ന തലക്കെട്ടോടെ വാർത്ത നൽകിയിട്ടുണ്ട്. ഭൂതക്കണ്ണാടി വച്ച് മനോരമ വായിക്കുന്നവർക്ക് ഇത് കണ്ടെത്താനാകുമെന്ന് പ്രത്യാശിക്കാം എന്നാൽ മാതൃഭൂമി ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേയില്ല.