മട്ടന്നൂരുകാരന്‍ പുതുജീവിതം നല്‍കിയത് 5 പേര്‍ക്ക്

  SHARE

  കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ഹൗസില്‍ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ വിട പറയുമ്പോള്‍ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ ബൈജു ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. 5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബൈജുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

  ബൈജുവിന്റെ വിയോഗം അത്യധികം വേദനയുളവാക്കുന്നതാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നാട്ടുകാരനെന്ന നിലയില്‍ ബൈജുവുമായി നല്ല ബന്ധമുണ്ട്. സി.പി.ഐ. എം. പാര്‍ട്ടി അംഗം എന്ന നിലയിലും യുവജന സംഘടനാ പ്രവര്‍ത്തകനെന്ന നിലയിലും വലിയ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ബൈജു നടത്തിയിട്ടുള്ളത്. അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ട് വന്ന ബൈജുവിന്റെ കുടുംബാഗങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

  കഴിഞ്ഞ 19-ാം തീയതിയാണ് സംഭവമുണ്ടായത്. കട്ടിലില്‍ കിടന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ബൈജു കട്ടിലില്‍ നിന്നും താഴെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എ.കെ.ജി. ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഇടപെട്ട് ബൈജുവിനെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പ്രശ്‌നത്തിലിടപെട്ടു. ജീവന്‍ രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന് സന്നദ്ധമാണെന്ന കാര്യം ബന്ധുക്കള്‍ മന്ത്രി ഇ.പി. ജയരാജനെ അറിയിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മൃതസഞ്ജീവനിക്ക് നിര്‍ദേശം നല്‍കി.

  കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. കരള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, രണ്ട് വൃക്കകള്‍ എറണാകുളം വിപിഎസ് ലോക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും, 2 നേത്രപടലം അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുമാണ് മൃതസഞ്ജീവനി വിന്യാസം നടത്തിയത്. മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, മൃതസഞ്ജീവനി റീജിയണല്‍ കോ-ഓഡിനേറ്റര്‍ ഡോ. ഉഷ സാമുവല്‍ എന്നിവര്‍ അവയവ വിന്യാസം ഏകോപിപ്പിച്ചു.

  കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ജിവനക്കാരനാണ് ടി. ബൈജു. പരേതരായ ശങ്കുണ്ണി, മാധവി എന്നിവരാണ് മാതാപിതാക്കള്‍. 6 മക്കളില്‍ അഞ്ചാമത്തെ സഹോദരനാണ് ബൈജു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം വൈകിട്ട് പൊതു ശ്മശാനത്ത് നടക്കും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.