അയൽവാസിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗം ചെയ്ത യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ കൊല്ലങ്കോട് പൊലീസ് ബലാൽസംഗ കുറ്റത്തിന് കേസെടുത്തു. മുതലമട അംബേദ്കർ കോളനിയിലെ എസ് ശിവരാജനെതിരെയാണ് വീട്ടമ്മയുടെ പരാതിയിൽ കേസ് എടുത്തത്. അന്വേഷണം പൂർത്തിയായാൽ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ശിവരാജനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവർ കൊല്ലങ്കോട് സ്റ്റേഷനിൽ എത്തി ഒരു മണിക്കൂറോളം പൊലീസിനുമേൽ സമ്മർദ്ദം ചെലുത്തി.
എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് മനിസിലാക്കിയ പൊലീസ് കേസ് എടുക്കുകയായിരുന്നു. അയൽവാസിയായ വീട്ടമ്മയെ ശിവരാജന്റെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ബലാൽസംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. വിവരം പുറത്ത് പറഞ്ഞാൽ ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രാഷ്ട്രീയ സ്വാധീനമുള്ള ശിവരാജൻ കുടുംബത്തെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പീഢനത്തെ എതിർക്കാതിരുന്നതെന്നും എന്നാൽ നിരന്തരം പീഢനം തുടർന്നതിനാൽ സഹിക്കവയ്യാതെയാണ് പരാതി നൽകിയതെന്നും വീട്ടമ്മ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീട്ടമ്മയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് കേസ് എടുത്തത്.
ശിവരാജനെതിരെ സമാന രീതിയിലുള്ള പരാതികൾ മുമ്പും ഉയർന്നിരുന്നു. പഞ്ചായത്തിൽ നിന്നും സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ശിവരാജൻ വീട്ടമ്മമാരെയും യുവതികളെയും സ്വാധീനിക്കുന്നതെന്നും പറയുന്നു. ശിവരാജന് കോൺഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.