പെരിന്തൽമണ്ണ: നഗരസഭാ പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം. രോഗവ്യാപനം സംബന്ധിച്ച ആശങ്ക പങ്കുവെച്ച കൗൺസിൽ യോഗത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറാണ് ഇക്കാര്യം അറിയിച്ചത്. രോഗത്തെക്കുറിച്ച് അറിവുള്ളവർ പോലും മറച്ചു വെക്കുന്ന സാഹചര്യമുണ്ടെന്നും കോവിഡ് സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ സമ്പർക്കങ്ങൾ കണ്ടെത്താൻ കൂടുതൽ ജാഗ്രതവേണമെന്നും എച്ച്.ഐ. വിശദീകരിച്ചു. നിലവിൽ കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കോവിഡ് സെൽ നഗരസഭയിൽ പ്രവർത്തിക്കുന്നുണ്ട്.
നഗരസഭയിൽ ഇതുവരെ 31 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഇവരിൽ 14 പേർ ചികിത്സയിലൂടെ രോഗ മുക്തരായതായും നഗരസഭാ സെക്രട്ടറി യോഗത്തെ അറിയിച്ചു. കോവിഡ് ബാധിത പ്രദേശങ്ങളിൽ വിപുലമായ ബോധവത്കരണം നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ വിവര ശേഖരണം നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.