നളിനിയെ വേറെ ജയിലിലേയ്ക്ക് മാറ്റണമെന്ന് കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഭർത്താവ് മുരുഗൻ (ശ്രീഹരൻ) ആവശ്യപ്പെട്ടു. നളിനിയുടെ അഡ്വക്കേറ്റ് പുകളേന്തിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെല്ലൂർ വനിതാ ജയിലിലാണ് സംഭവം. 29 വർഷമായി നളിനി ഇവിടെയാണുള്ളത്.
മറ്റൊരു ജീവപര്യന്തം തടവുകാരിയുമായി നളിനി തര്ക്കത്തിലേര്പ്പെട്ടിരിക്കുന്നു. മറ്റേ തടവുകാരി പ്രശ്നം ജയിലറുടെ മുമ്പിലെത്തിക്കുകയും തുടര്‍ന്ന് നളിനി ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 29 വര്‍ഷത്തിനിടെ ഇതാദ്യമായാണ് നളിനി ആത്മഹത്യാശ്രമം നടത്തിയിരിക്കുന്നത്.
തര്‍ക്കത്തിന്റെ കാരണം തനിക്കറിയില്ലെന്നും പുകളേന്തി പറഞ്ഞു. നളിനിയുടെ ഭര്‍ത്താവ് മുരുകന് അടക്കം കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റ് പ്രതികള്‍ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇവിടേയ്ക്ക് നളിനിയെ മാറ്റണമെന്ന് മുരുകന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അപേക്ഷ ഉടന്‍ നല്‍കുമെന്ന് അഡ്വ.പുകളേന്തി പറഞ്ഞു.
ടാഡ കോടതി വധശിക്ഷ വിധിച്ച പ്രതികളില്‍ മുരുകന്, ശാന്തന്, പേരറിവാളന്, നളിനി എന്നിവരുടെ വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. പിന്നീട് 2014 ആദ്യം ബാക്കി മൂന്ന് പേരുടേയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. തുടര്‍ന്ന് ഇവരടക്കമുള്ള ഏഴ് പ്രതികളെ വിട്ടയയ്ക്കാന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇത് തടഞ്ഞു. ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരും 1991 മുതല്‍ ജയിലിലാണ്. 1991 മേയ് 21നാണ് ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ഗാന്ധി എല്‍ടിടിഇയുടെ ചാവേര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.