അമേരിക്കയിൽ ലക്ഷം മരണം , രോഗികൾ പതിനേഴ്‌ ലക്ഷത്തോടടുക്കുന്നു

  SHARE

  വാഷിങ്‌ടൺ
  ലോകമാകെ പടർന്നുപിടിക്കുന്ന കോവിഡ്‌ നിസാരമാണെന്ന്‌ തുടക്കംമുതൽ പ്രതികരിച്ച അമേരിക്കയിൽ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ്‌ ലക്ഷത്തോടടുത്തു. ഏറ്റവും കൂടുതലാളുകൾ മരിച്ച ന്യൂയോർക്കിൽ മുപ്പതിനായിരത്തോളം പേർക്കാണ്‌ ജീവൻ‌ നഷ്ടപ്പെട്ടത്‌. നാലു ലക്ഷത്തോളം‌ രോഗികൾ.

  ഡിസംബറിൽ ചൈനയിൽ കോവിഡ്‌ സ്ഥിരീകരിച്ച ശേഷം വൈകിയാണ്‌ അമേരിക്കയിൽ ‌ രോഗം എത്തിയതെങ്കിലും പിന്നീട്‌ കുതിച്ചു. മാർച്ച്‌ 25ന്‌ 1260 പേരാണ്‌ മരിച്ചത്‌. ഏപ്രിൽ നാലിന്‌ പതിനായിരവും 12ന്‌ ഇരുപത്തിഅയ്യായിരവും കടന്നു. 23ന്‌ 50,234 ആയി. ഒരുമാസം പിന്നിട്ടപ്പോഴേക്കും മരണം ഇരട്ടിച്ചു.
  ലോകത്ത്‌ രോഗികൾ 55,35,000 കടന്നു

  ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോടടുത്തു. രോഗബാധിതർ 55,35,000 കടന്നു. അമേരിക്ക കഴിഞ്ഞാൽ ബ്രസീൽ, റഷ്യ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ്‌ കൂടുതൽ രോഗികൾ. ബ്രസീലിൽ തിങ്കളാഴ്‌ചവരെ കോവിഡ്‌ സ്ഥിരീകരിച്ചത് 3,65,213 പേർക്ക്‌‌. 22,746 പേർ മരിച്ചു.

  ● ബ്രിട്ടനിൽ മരണം 36,793 ആണ്‌. രോഗികൾ 2,59,559
  ● റഷ്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത്‌ 9000 രോഗികളും 92 മരണവും. ആകെ രോഗികൾ 3,53,427. 3633 പേർ മരിച്ചു
  ● ചൈന: പുതുതായി 51 രോഗികൾ. ലക്ഷണങ്ങളില്ലാത്ത 40 പേർ‌
  ● ഇറ്റലി: 24 മണിക്കൂറിനിടെ 531 രോഗികൾ
  ● പാകിസ്ഥാൻ: രോഗികൾ 56,349. മരണം 1167
  ● നേപ്പാൾ: ഒരു ദിവസത്തെ ഏറ്റവും കൂടുതൽ രോഗികൾ തിങ്കളാഴ്‌ച. 79 രോഗികൾ
  ● സിംഗപ്പുർ: 344 പുതിയ രോഗികൾ. 340 പേരും വിദേശികൾ
  ● ജപ്പാൻ: തലസ്ഥാനമായ ടോക്യോയിലും മറ്റ്‌ നാലിടങ്ങളിലും പ്രഖ്യാപിച്ചിരുന്ന കോവിഡ്‌ അടിയന്തരാവസ്ഥ ജപ്പാൻ നീക്കി.

  ഗോൾഫ്‌ കളിച്ച്‌ ട്രംപ്‌

  രാജ്യത്ത്‌ രോഗബാധിതരുടെ എണ്ണവും മരണവും കുറഞ്ഞുവരികയാണെന്ന്‌ അവകാശപ്പെടുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രോഗഭീതിക്കിടയിലും ഗോൾഫ്‌ കളി പുനരാരംഭിച്ചു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ രോഗികളുള്ള ന്യൂയോർക്കിൽ ബീച്ചുകൾ, ഹോട്ടലുകൾ തുടങ്ങിയ പൊതുയിടങ്ങൾ തുറക്കാനുള്ള ചർച്ചയിലാണ്‌.
  ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞതായി വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ഡോ. ഡെബോറ ബിർക്‌സ്‌ പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.