Home Don't Miss തെക്കന്‍ കേരളത്തില്‍ കനത്ത മഴ ; തലസ്ഥാനത്തിന്റെ വിവിധ മേഖലകൾ വെള്ളത്തിൽ ; അരുവിക്കര ഡാമിന്റെ...

തെക്കന്‍ കേരളത്തില്‍ കനത്ത മഴ ; തലസ്ഥാനത്തിന്റെ വിവിധ മേഖലകൾ വെള്ളത്തിൽ ; അരുവിക്കര ഡാമിന്റെ അഞ്ച്‌ ഷട്ടറുകള്‍ തുറന്നു

SHARE

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തേക്കുംമൂട് ഭാ​ഗത്ത് വീടുകളില്‍ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളം, വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി.കാറ്റിലും മഴയിലും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കനത്തമഴയെത്തുര്‍ന്ന് ചിറ്റാര്‍ കരകവിഞ്ഞു. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. കിള്ളിയാറും കരകവിഞ്ഞ് ഒഴുകുകയാണ്.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇടുക്കി ഡാമില്‍ 30 അടികൂടി ജലനിരപ്പുയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്തുന്നതിനെ പറ്റി ആലോചിക്കുമെന്ന് മന്ത്രി എംഎം മണി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.