ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷൻ ഇനി ജാഗ്രത പോർട്ടലിൽ മാത്രം

  SHARE

  ഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകൾ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക.
  അതിർത്തി ചെക്ക് പോസ്റ്റുകൾ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നോർക്കയിൽ ഇനി മുതൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നോർക്കയിൽ മടക്കയാത്രാ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19jagratha.kerala.nic.in എന്ന ജാഗ്രതാ പോർട്ടലിൽ അപേക്ഷിക്കാം.

  നോർക്ക രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവർക്ക് എമർജൻസി ട്രാവൽ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കളക്ടർമാരാണ് പാസ് അനുവദിക്കുക.

  മൊബെൽ നമ്പർ, വാഹനമ്പർ, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്ക് പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഓരേ വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉൾപ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി ഗ്രൂപ്പിന്റെ വിവരങ്ങളും നൽകണം. വിവിധ ജില്ലകളിൽ എത്തേണ്ടവർ ഒരുമിച്ചു യാത്രചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതല ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പർ നൽകേണ്ടതാണ്. ജില്ലാ കളക്ടർമാർ അപേക്ഷാ പരിശോധന പൂർത്തിയാക്കി അപേക്ഷകന്റെ മൊബൈൽ ഫോൺ, ഇ മെയിൽ എന്നിവ വഴിയാണ് പാസുകൾ ലഭ്യമാക്കുക. യാത്രാനുമതി ലഭിച്ചവർക്ക് നിർദ്ദിഷ്ട ദിവസം യാത്ര തിരിക്കാൻ സാധിച്ചില്ലെങ്കിൽഅതിനടുത്ത ദിവസങ്ങളിൽ വരുന്നതിന് തടസ്സമുണ്ടായിരിക്കുകയില്ല.

  സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ച് സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും, വാനിൽ 10 ഉം ബസ്സിൽ 25 ആളുകൾക്കും മാത്രമേ യാത്രാനുമതി നൽകുകയുള്ളു. ചെക്ക് പോസ്റ്റ് വരെ വാടകവാഹനത്തിൽ വരുന്നവർ സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനുള്ള വാഹന ക്രമീകരണം സ്വയം ഏർപ്പെടുത്തേണ്ടതാണ്. ഇത്തരം വാഹനങ്ങളിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുയുള്ളു. അതിർത്തി ചെക്ക് പോസ്റ്റിലേക്ക് ആളുകളെ കയറ്റാൻ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർ ജാഗ്രതാ പോർട്ടലിൽ രജിസറ്റർചെയ്ത് എമർജൻസി പാസ് വാങ്ങേണ്ടതും യാത്രക്കു ശേഷം ഹോം ക്വാറന്റൈനിൽ പോകേണ്ടതുമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള മടക്കയാത്രാ പാസ് അതത് ജില്ലാ കളക്ടർമാർ വഴിയാണ് ലഭ്യമാക്കുക.

  ചെക്ക് പോസ്റ്റിലെത്തുന്നവർ വൈദ്യ- എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയക്ക് വിധേയമാകണം. ഇതിനായി യാത്രാ പെർമിറ്റുകൾ കയ്യിലോ മൊബൈലിലോ കരുതണം. രോഗലക്ഷണങ്ങൾ ഉള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റുകയും അല്ലാത്തവരെ വീടുകളിലേക്ക് ക്വാറന്റൈനിനായി അയയ്ക്കുകയുമാണ് ചെയ്യുക.

  മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാൻ പോകുന്നവർക്ക് യാത്രക്കും തിരിച്ചുവരാനുമുള്ള പാസുകൾ യാത്രക്കാരന്റെ ജില്ലാ കളക്ടറാണ് നൽകേണ്ടത്. ഇവർ ക്വാറന്റൈൻ നടപടി ക്രമങ്ങൾ പാലിക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കളക്ടറുടെ അനുമതി വാങ്ങേണ്ടതുമാണ്.

  വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനുമതി വാങ്ങുന്നതിന് സംവിധാനങ്ങളായിട്ടുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകൾ കർണാടക – https://sevasindhu.karnataka.gov.in/sevasindhu/English, തമിഴ്‌നാട് – https://tnepass.tnega.org, ആന്ധ്രാപ്രദേശ് – www.spandana.ap.gov.in, തെലുങ്കാന – dgphelpline-coron@tspolicegov.in, ഗോവ -www.goaonline.gov.in (helpdesk no 08322419550)
  യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അതത് ചെക്ക്‌പോസ്റ്റുകളുമായോ സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (04712781100, 2781101) ബന്ധപ്പെടാം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.