കോവിഡ് വ്യാപനം തടയാൻ സേവനപാതയിൽ കർമ്മ നിരതരായി കുട്ടിപ്പോലീസ്. കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളാണ് മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തത്.
ലോക്ഡൗൺ കാലത്ത് കാഡറ്റുകൾ നിർമ്മിച്ച മാസ്ക്കുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂളിന്നടുത്തുള്ള മുഴുവൻ വീടുകളിലും വിതരണം ചെയ്തു.
പുനരുപയോഗം ചെയ്യാവുന്ന, കോട്ടൺ തുണിയിൽ ഇരട്ട ലെയറുള്ള മാസ്ക്കുകൾ കൂടാതെ ഈ ലോക് ഡൗൺ കാലത്ത് പ്ലാസ്റ്റിക്കിനെതിരെയുള്ള മുദ്രാവാക്യം പ്രിന്റു ചെയ്ത തുണിയിലുള്ള ക്യാരി ബാഗുകൾ നിർമ്മിച്ച് സ്കൂൾ തുറക്കുമ്പോഴേക്കും വിദ്യാലയത്തിലെ എല്ലാ കുട്ടികളിലേക്കും എത്തിക്കാനുളള പരിശ്രമത്തിലാണ് എസ്. പി.സി.കാഡറ്റുകൾ.
കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ മെമ്പർമാർ, സെക്രട്ടറി, മറ്റു പഞ്ചായത്തിലെ എല്ലാ ജീവനക്കാർക്കും മാസ്ക്കുകൾ വിതരണം ചെയ്തു.
പ്രസിഡന്റ് ശ്രീമതി റൈഹാന ബേബി മാസ്ക്ക് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. ഹമീദലി മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ശ്രീ. എം.ഇ. ഫസൽ, എസ്.എം.സി ചെയർമാൻ ശ്രീ.എം.എം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളിലെ 88 എസ്.പി സി. കാഡറ്റുകൾക്ക് അവധിക്കാലത്ത് വീടുകളിൽ വെച്ച് ചെയ്യാവുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓൺലൈനായി നൽകിക്കൊണ്ട് കീഴുപറമ്പ ഹൈസ്കൂളിലെ എസ്.പി.സി പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ. പി.കെ.അഷ്റഫ് ശ്രീമതി.എം . സൈറാബാനു , ഡ്രിൽ ഇൻസ്ട്രക്റ്റർമാരായ അരീക്കോട് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ മുഹമ്മദ് ബഷീർ, സി.പി.ഒ ശ്രീമതി സ്നേഹ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.