Home KeralaFocus നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ മംഗലശേരി നീലകണ്ഠൻ പിറന്നിട്ട് 27വര്‍ഷം

നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ മംഗലശേരി നീലകണ്ഠൻ പിറന്നിട്ട് 27വര്‍ഷം

SHARE

നീലകണ്ഠന് നാളെ 27 വയസാവുകയാണ്. അതെ, മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ദേവാസുരം പിറന്നിട്ട് 27വര്‍ഷം. അതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് മാേഹന്‍ലാല്‍ ആരാധകര്‍. എത്ര കണ്ടാലും മതിവരാത്ത ദേവാസുരത്തിന്റെ സംവിധായകന്‍ ഐ.വി. ശശി ഇന്ന് നമ്മോടൊപ്പമില്ല. പക്ഷേ, ഐ.വി. ശശിയുടെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ ദേവാസുരത്തിനൊപ്പം വിഷുകണി ചിന്തകളാവുകയാണ്.

മംഗലശ്ശേരി നീലകണ്ഠനെയും മുണ്ടയ്ക്കല്‍ ശേഖരനെയും ഭാനുമതിയേയും മലയാളികള്‍ മറക്കില്ല. വരിക്കാശ്ശേരി മന മംഗലശ്ശേരി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതും ഈ സിനിമയിലൂടെയാണ്. നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തായിരുന്നു തിരക്കഥയൊരുക്കിയത്. മോഹന്‍ലാല്‍, നെപ്പോളിയന്‍, രേവതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, വി.കെ ശ്രീരാമന്‍, മണിയന്‍പിള്ള രാജു, അഗസ്റ്റിന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ജീവിച്ചിരുന്ന മുല്ലശ്ശേരി രാജഗോപാലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മംഗലശ്ശേരി നീലകണ്ഠനെ രഞ്ജിത്ത് സൃഷ്ടിച്ചത്. ഗിരീഷ് പുത്തഞ്ചേരി, എംജി രാധാകൃഷ്ണന്‍ കൂട്ടുകെട്ടിലെ മനോഹരഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

മമ്മൂട്ടി നായകനായ വാത്സല്യം റിലീസ് ചെയ്ത് 2 ദിവസം പിന്നിട്ടപ്പോഴായിരുന്നു ദേവാസുരം എത്തിയത്. 1993 ലെ വിഷുവിന് ബോക്‌സോഫീസില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ പോരാട്ടമായിരുന്നു നടന്നത്. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബത്തിന്റെ സ്നേഹവും സ്നേഹകണ്ണികളുടെ വിലപേശലുമാണ് അവതരിപ്പിച്ചതെങ്കില്‍ ദേവാസുരം നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു. ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തി കലയുടെ ചിലങ്കയഴിച്ചും കെട്ടിയതുമായ ചിത്രം വമ്പൻ ഹിറ്റായി മാറുകയായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തിന്റെ അപാരസൗന്ദര്യം തുടികൊട്ടി നിന്ന ചിത്രം. നാളെ വിഷു. 1993 ലെ വിഷുവിന് വല്ലാത്തൊരു പ്രത്യേകതയുണ്ടായിരുന്നു. അത് മലയാളികള്‍ മറക്കില്ല. മംഗലശേരി നീലകണ്ഠന്‍ പിറന്നത് അന്നാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.